അ​ക്കൗ​ണ്ടി​ലേ​ക്കു പ​ണം തെറ്റിവന്നു; ബാ​ങ്കി​ൽ അ​റി​യി​ച്ച് ന​ഗ​ര​സ​ഭ ശു​ചീക​ര​ണ തൊ​ഴി​ലാ​ളി
Sunday, August 25, 2024 6:14 AM IST
ചാ​ല​ക്കു​ടി: ഗൂ​ഗി​ൾ​പേ വ​ഴി അ​ക്കൗ​ണ്ടി​ലേ​ക്കു 80,000 രൂ​പ ല​ഭി​ച്ച വി​വ​രം ബാ​ങ്കി​നെ അ​റി​യി​ച്ച് ന​ഗ​ര​സ​ഭാ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി മാ​തൃ​ക​യാ​യി. വി​ആ​ർ പു​രം ക​ള​പ്പാ​ട്ടി​ൽ സി​ജു​വി​നാ​ണു പ​ണം ല​ഭി​ച്ച​ത്. ത​നി​ക്കു​ള്ള​ത​ല്ലെ​ന്നു മ​ന​സി​ലാ​ക്കി​യ സി​ജു ത​നി​ക്ക് അ​ക്കൗ​ണ്ടു​ള്ള ചാ​ല​ക്കു​ടി​യി​ലെ എ​സ്ബി​ഐ ബാ​ങ്കി​ൽ വി​വ​രം അ​റി​യി​ച്ചു.

പ​ണം അ​യ​ച്ച ന​മ്പ​റി​ലേ​ക്ക് ബാ​ങ്ക് അ​ധി​കൃ​ത​ർ വി​ളി​ച്ച് വി​വ​രം അ​റി​യി​ച്ച​പ്പോ​ഴാ​ണ് ഒഡിഷയി​ലു​ള്ള ഒ​രു കു​ടും​ബം മ​ക​ളു​ടെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യ​ത്തി​നു മ​റ്റൊ​രാ​ൾ​ക്ക് അ​യ​ച്ച പ​ണ​മാ​ണെ​ന്നും ന​മ്പ​ർതെ​റ്റി സി​ജു​വി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്കു വ​ന്ന​താ​ണെ​ന്നും മ​ന​സി​ലാ​യ​ത്.

പൈ​സ തെ​റ്റി അ​യ​ച്ച​താ​ണെ​ന്നു ബോ​ധ്യ​പ്പെ​ട്ട​തി​നെത്തു​ട​ർ​ന്ന് ഒഡിഷ​യി​ലെ ബാ​ങ്കി​ൽച്ചെ​ന്നു വി​വ​രം അ​റി​യി​ക്കാ​ൻ അ​വ​രോ​ട് ആ​വ​ശ്യ​പ്പെട്ടു. തുട​ർ​ന്ന് ഒഡിഷയി​ലെ ബാ​ങ്ക് അ​ധി​കൃ​ത​ർ ചാ​ല​ക്കു​ടി ബാ​ങ്കി​നെ വി​വ​ര​ങ്ങ​ൾ അ​റി​യി​ച്ചു.

അ​ക്കൗ​ണ്ട് വ​ഴി പ​ണം തി​രി​ച്ച​യ​ച്ചാ​ൽ മ​തി​യെ​ന്നു സി​ജു​വി​നോ​ട് മാ​നേ​ജ​ർ പ​റ​ഞ്ഞെ​ങ്കി​ലും ബാ​ങ്ക് സ​മ​യം ക​ഴി​ഞ്ഞ​തി​നാ​ൽ സാ​ധി​ച്ചി​ല്ല. അ​വ​ധിദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ് സി​ജു ബാ​ങ്കി​ലെ​ത്തി അ​ക്കൗ​ണ്ടി​ലൂ​ടെ പ​ണം തി​രി​ച്ച​യ​യ്ക്കും.