ബസ് ജീവനക്കാർക്ക് ഓണക്കോടി വിതരണംചെയ്ത് വിദ്യാർഥിനികൾ
1452875
Friday, September 13, 2024 1:30 AM IST
ഒല്ലൂർ: സെന്റ് റാഫേൽസ് ഹയർ സെക്കൻഡറി സ്കൂളിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് സ്വകാര്യ ബസ് ജീവനക്കാർക്ക് ഓണക്കോടി സമ്മാനിച്ച് വിദ്യാർഥിനികൾ. ക്രിസ്റ്റഫർ നഗർ ബസ് സ്റ്റോപ്പിൽ വിദ്യാർഥിനികളും അധ്യാപകരും ചേർന്ന് ബസുകൾ തടഞ്ഞുനിർത്തിയപ്പോൾ ആദ്യം ജീവനക്കാർ അന്പരന്നു. എന്തെങ്കിലും പരാതി പറയാനാണോ എന്നായിരുന്നു അവരുടെ സംശയം. എന്നാൽ കാര്യമറിഞ്ഞപ്പോൾ അവർക്കും സന്തോഷം.
തൃശൂർ - പുതുക്കാട്, ആമ്പല്ലൂർ, മരത്താക്കര, തൃക്കൂർ, ഒല്ലൂർ റൂട്ടുകളിലോടുന്ന സ്വകാര്യ ബസുകളിൽ സ്കൂളിലെത്തുന്ന ഒട്ടേറെ വിദ്യാർഥിനികളുണ്ട്. ഇവരോടു ബസ് ജീവനക്കാർ കാണിക്കുന്ന കരുതലിനുള്ള അംഗീകാരംകൂടിയായി ഓണസമ്മാനം. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഓണക്കോടി നൽകാനുള്ള സ്കൂൾ അധികൃതരുടെ നിർദേശത്തോടു പിടിഎ കമ്മിറ്റിയും യോജിച്ചു.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ എയ്ഞ്ചൽ മേരി, പിടിഎ പ്രസിഡന്റ് ജോബി ജോൺ, സിസ്റ്റർ ദർശന, സി.ആർ. ബൈജു, റാഫി ചാലിശേരി എന്നിവർ നേതൃത്വം നൽകി.