അരിമ്പൂരിലെ 700 ഏക്കറിലെ കൃഷിയിറക്കൽ അനിശ്ചിതത്വത്തിൽ
1452873
Friday, September 13, 2024 1:30 AM IST
അരിമ്പൂർ: സമയബന്ധിതമായി വെള്ളം വറ്റിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ ഇറി ഗേഷൻ വകുപ്പിനുണ്ടായ വീഴ്ചയെത്തുടർന്ന് വാരിയം കോൾ പടവ് ഉൾപ്പടെ വിവിധ പടവുകളിലായി 700 ഏക്കർ നെൽകൃഷിയിറക്കൽ അനിശ്ചിതത്വത്തിൽ.
കഴിഞ്ഞ രണ്ടുദിവസം മഴ കനത്തതോടെ ഇറിഗേഷൻ കനാലിൽ നിന്നുള്ള വെള്ളം പുള്ള് - മനക്കൊടി റോഡ് കവിഞ്ഞ് വാരിയം പടവിലേക്ക് ഒഴുകുകയാണ്. അനിയന്ത്രിതമായി വെള്ളം ഒഴുഴുകിയെത്തിയതോടെ വാരിയം പടവിലെ വെള്ളം വറ്റിക്കുന്നതിന് പമ്പ് ചെയ്യാൻ പറ്റാത്ത അവസ്ഥയാണുണ്ടായത്.
ഈ പടവിനോടുചേർന്നുകിടക്കുന്ന വിളക്കു മാടം, തോട്ടുപുര, കൊടയാട്ടി എന്നീ പടവുകളിലും കൃഷി ഇറക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇറിഗേഷൻ വകുപ്പ് ഇടപെട്ട് ചാലുകളിൽനിന്ന് ചണ്ടിയും കുളവാഴയും മറ്റും നീക്കം ചെയ്യാത്തതുമൂലം ഇറിഗേഷൻ കനാലിൽ നിന്നും ഏനാമ്മാവ് റെഗുലേറ്ററിനോട് ചേർന്നുള്ള ഫെയ്സ് കനാലിലേക്ക് ഒഴുകിപ്പോകേണ്ടിയിരുന്ന വെള്ളമാണ് റോഡ് കവിഞ്ഞ് വാരിയം കോൾപടവിലേക്ക് ഒഴുകി കൃഷിയിറക്കൽ പ്രതിസന്ധിയിലാക്കുന്നത്.
ചാലുകളിലെ ചണ്ടിയും കുളവാഴയും നീക്കുന്നതിലുള്ള അപാകതയോടൊപ്പം മനക്കൊടി റോഡ് താഴ്ന്നുകിടക്കുന്നതും കൃഷിയിറക്കാൻ പറ്റാത്തതിന് മറ്റൊരു പ്രധാനകാരണമാണെന്ന് വാരിയം കോൾ പടവ് സെക്രട്ടറി കെ.കെ. അശോകൻ പറഞ്ഞു.
രണ്ടാം മേഖലയിൽ ഉൾപ്പെട്ടിട്ടുള്ള ഈ കോൾ പാടശേഖരങ്ങളിൽ സെപ്റ്റംബർ ഒന്നിന് പമ്പിംഗ് ആരംഭിച്ച് സെപ്റ്റംബർ പകുതിയോടെ കൃഷിയിറക്കാനായിരുന്നു തീരുമാനം. റോഡ് കവിഞ്ഞൊഴുകിക്കൊണ്ടിരിക്കുന്ന വെള്ളം കർഷകരുടെ പ്രതീക്ഷകളെ തകർക്കുകയാണ്. വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയും കർഷകരെ വലയ്ക്കുന്നുണ്ട്.
അധികാരികളെ കണ്ട് പല പ്രാവശ്യം പരാതിപ്പെട്ടുവെങ്കിലും നാളിതുവരെ യാതൊരു നടപടിയും എടുത്തി ട്ടില്ലെന്നും ഇനിയും മുന്നോട്ടുപോകാൻ പറ്റാത്ത അവസ്ഥയുണ്ടായാൽ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാകുമെന്ന് വിവിധ പാടശേഖര പ്രതിനിധികൾ പറഞ്ഞു.
പുറംചാലുകളിൽ നിറഞ്ഞുകിടക്കുന്ന ചണ്ടിയും കുളവാഴയും അശാസ്ത്രീയമായി നീക്കംചെയ്യുന്ന രീതിയാണ് ഇറിഗേഷൻ വകുപ്പ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഈ രീതിമാറ്റി ഏനാമാക്കൽ ഫെയ്സ് കനാൽ മുതൽ കാഞ്ഞാണി പെരുമ്പുഴ ചാൽ വരെ ഒരറ്റം മുതൽ മറ്റേ അറ്റത്തേക്ക് നീളുന്ന രീതിയിൽ കുളവാഴയും ചണ്ടിയും നീക്കം ചെയ്യണമെന്നതാണു കർഷകരുടെ ആവശ്യം.