വ്യവസായ നിക്ഷേപ സൗഹൃദ റാങ്കിംഗിൽ ഒന്നാമതെത്തിയതിൽ അഭിമാനം: മന്ത്രി
1451836
Monday, September 9, 2024 1:35 AM IST
മേലൂർ: വ്യവസായ നിക്ഷേപ സൗ ഹൃദ റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടിയതിൽ അഭിമാനമുണ്ടെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കഴിഞ്ഞതവണ നടത്തിയ വ്യവസായ സൗഹൃദ റാങ്കിംഗിൽ 28 - ൽ നിന്നും കേരളം 15-ാം സ്ഥാ നത്തേക്ക് ഉയരുകയും ഇപ്പോൾ ഒന്നാം നിരയിലെത്തിയത് സംസ്ഥാനം സ്വീകരിച്ച കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കും പരിഷ്കാരങ്ങൾക്കുമുള്ള അംഗീകാരമാണെന്ന് മന്ത്രി പറഞ്ഞു.
മേലൂർ ക്ഷീരോത്പാദക സഹകരണസംഘം നിറ്റ ജലാറ്റിൻ ഇന്ത്യാ ലിമിറ്റഡിന്റെ സാമ്പത്തിക സഹകരണത്തോടെ നടപ്പിലാക്കുന്ന 10 കറവ പശുക്കളുടെ വിതരണോദ്ഘാടനം നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷീരമേഖല നേരിടുന്ന പ്രതിസന്ധികൾക്കിടയിലും 10 വർഷംകൊണ്ട് മേലൂർ ക്ഷീരോല്പാദക സംഘം ആർജിച്ച നേട്ടങ്ങളെയും കാഴ്ചവച്ച മികവാർന്ന പ്രവർത്തനങ്ങളെയും മന്ത്രി പ്രശംസിച്ചു.
സനീഷ്കുമാർ ജോസഫ് എം എൽഎ അധ്യക്ഷനായി. കെസി എംഎംഎഫ് ചെയർമാൻ കെ.എസ്. മണി മുഖ്യപ്രഭാഷണം നടത്തി. സൗജന്യ കാലിത്തീറ്റയുടെ വിതരണോദ്ഘാടനം കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ നിർവഹിച്ചു. മേലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.കെ. കൃഷ്ണൻ പലിശരഹിത വായ്പാവിതരണം ഉദ്ഘാടനം ചെയ്തു.
ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എൻ. വീണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുസമാഹരിച്ച തുക കൈമാറി.
നീറ്റ ജലാറ്റിൻ മാനേജിംഗ് ഡയറക്ടർ പ്രവീൺ വെങ്കിട്ടരമണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ, മേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് എം.എസ്. സുനിത, ക്ഷീരോല്പാദക സംഘം പ്രസിഡന്റ് വി.ഡി. തോമസ്, ലീല സുബ്രഹ്മണ്യൻ, വനജ ദിവാകരൻ, പോളി പുളിക്കൻ, സതി ബാബു, പി.എ. സാബു, പി.എഫ്. സെബിൻ എന്നിവർ പ്രസംഗിച്ചു.