ലോക ആത്മഹത്യാപ്രതിരോധദിനം ആചരിച്ചു
1452361
Wednesday, September 11, 2024 1:46 AM IST
വേളൂക്കര: വേളൂക്കര ഗ്രാമപഞ്ചായത്തില്‍ 2018 മുതല്‍ 2023 വരെയുള്ള ആറു വര്‍ഷക്കാലം ആത്മഹത്യ ചെയ്തത് 44 പേര്. 2022, 2023 വര്‍ഷങ്ങളില്‍ ആത്മഹത്യനിരക്കു വര്‍ധിച്ചതായി കാണപ്പെട്ടു. 20.37 ആണ് ആറു വര്‍ഷങ്ങളിലെ ശരാശരി ആത്മഹത്യ നിരക്ക് (ആത്മഹത്യാ നിരക്ക് ഒരുലക്ഷം ജനസംഖ്യയില്‍ എത്രപേര്‍ ഒരു വര്‍ഷം ആത്മഹത്യ ചെയ്യുന്നു). 2022 ല്‍ 27.37, 2023 ല്‍ 36.31 എന്നിങ്ങനെയാണ് ഈ നിരക്കുകള്‍. ഏകദേശം 70 ശതമാനം ആത്മഹത്യയും പുരുഷന്മാരിലാണ്. കൗമാരപ്രായക്കാര്‍ മൂന്നുപേര്‍ (6.82 ശതമാനം) ഈ കാലയളവില്‍ ആത്മഹത്യ ചെയ്തു. 80 വയസിനു മുകളിലുള്ള മൂന്നുപേരും ആത്മഹത്യ ചെയ്തു. ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്തത് 50 വയസിനും 60 വയസിനും ഇടയിലുള്ളവരിലാണ് 14 (32 ശതമാനം). ആത്മഹത്യ ചെയ്തവരുടെ ശരാശരി പ്രായം 51 വയസാണ്.
പഞ്ചായത്തില്‍ നടന്ന മരണം രജിസ്റ്റര്‍ ചെയ്ത രേഖകളില്‍ നിന്നാണ് ഈ കണക്കുകള്‍. ലോക ആത്മഹത്യ പ്രതിരോധ ദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്തിലെ ആത്മഹത്യാകണക്കുകള് വിശകലനം ചെയ്തത്. ആത്മഹത്യകളുടെ കാരണങ്ങള്‍ കൂടി വിശകലനം ചെയ്യുന്ന തലത്തില്‍ പഠനം നടത്തുമെന്നും ആത്മഹത്യ പ്രതിരോധത്തിന് ആയുള്ള സൂക്ഷ്മതല ഇടപെടലുകള്‍ ആവിഷ്കരിച്ച് നടപ്പാക്കുമെന്നും വേളൂക്കര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.യു. രാജേഷ് അറിയിച്ചു.
ലോക ആത്മഹത്യ പ്രതിരോധ ദിനം വേളൂക്കര കുടുംബാരോഗ്യകേന്ദ്രത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശാപ്രവര്ത്തകര്ക്കുമുള്ള പരിശീലന പരിപാടിയായി ആചരിച്ചു. അസിസ്റ്റന്റ് സര്ജന് ഡോ. ശാലു പത്മദാസന്‍ പരിശീലന പരിപാടി നയിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി. പ്രസാദ്, ഭാവി പ്രവര്ത്തനകര്മ പദ്ധതി അവതരിപ്പിച്ചു. 2023ല്‍ ആത്മഹത്യ ചെയ്തവരില്‍ ഒരു ഗര്‍ഭിണി കൂടി ഉള്‍പ്പെട്ട സാഹചര്യത്തില്‍ എല്ലാം ആരോഗ്യ ഉപകേന്ദ്രങ്ങളും കേന്ദ്രീകരിച്ച് ഗര്‍ഭിണികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ആത്മഹത്യ പ്രതിരോധ ക്ലിനിക് സംഘടിപ്പിക്കും.