പാചകവാതക സിലിണ്ടർ കയറ്റിയ ലോറിയുടെ പിറകിൽ കെഎസ്ആർടിസി ബസിടിച്ചു
1452867
Friday, September 13, 2024 1:30 AM IST
ചാലക്കുടി: ദേശീയപാതയിൽ പോട്ട സിഗ്നൽ ജംഗ്ഷനിൽ തൃശൂർ ഭാഗത്തേക്കു പോകുകയായിരുന്ന പാചകവാതക സിലിണ്ടർ കയറ്റിയ ലോറിയുടെ പിറകിൽ കെഎസ്ആർടിസി ബസ് ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻവശം പാടെ തകരുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. അപകടത്തിൽ ആർക്കും പരിക്കില്ല.
ലോറിയുടെ പിൻവശം തകർന്നു സിലിണ്ടറുകൾ താഴെ വീണു. റോഡിൽ വാഹനത്തിന്റെ ചില്ല് പൊട്ടി വീണതിനാൽ ഫയർഫോഴ്സ് എത്തി വെള്ളം സ്പ്രേ ചെയ്തു റോഡിലെ ചില്ലു നീക്കിയതിനുശേഷമായിരുന്നു വാഹനഗതാഗതം പുനഃസ്ഥാപിച്ചത്. ലോറിയിൽ 371 നിറ സിലിണ്ടറുകൾ ഉണ്ടായിരുന്നു.
പാചകവാതക സിലിണ്ടറുകൾക്കു തീ പിടിക്കാതിരുന്നതുമൂലം വൻ ദുരന്തം ഒഴിവായി. ചാലക്കുടി പോലീസും, ഫയർഫോഴ്സ് സീനിയർ ഓഫീസർ പി. ഒ വർഗീസിന്റെ നേതൃത്വത്തിലുമുള്ള അംഗങ്ങളും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഫയർഫോഴ്സ് അംഗങ്ങളായ ടി.ഡി. ദീപു, യു.അനൂപ്, കെ.അരുൺ, രോഹിത് ഉത്തമൻ എന്നിവർ പങ്കെടുത്തു.