ഓണം പടിവാതിക്കലെത്തിയിട്ടും കോതപറമ്പ് മാന്തുരുത്തി നിവാസികൾക്കു കുടിവെള്ളമില്ല
1452635
Thursday, September 12, 2024 1:41 AM IST
ശ്രീനാരായണപുരം: ശ്രീനാരായണപുരം പഞ്ചായത്തിലെ കോതപറമ്പ് മാന്തുരുത്തിക്കടവ് നിവാസികൾ മതിലകം വാട്ടർ അഥോറിറ്റി ഓഫീസിന് മുന്നിൽ സമരവുമായെത്തി. ഒരു വർഷത്തോളമായി മാന്തുരുത്തിക്കടവ് ഭാഗത്ത് വാട്ടർ അഥോറിറ്റിയുടെ കുടിവെളളമെത്തിയിട്ട്.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പൈപ്പ് മുറിച്ചുമാറ്റപ്പെട്ടതാണ് കുടിവെള്ളമെത്താതിന് കാരണമെന്നായിരുന്നു വാട്ടർ അഥോറിറ്റിയുടെ വിശദീകരണം.
ഒരുമാസം മുമ്പ് മാന്തുരുത്തിക്കടവ് നിവാസികൾ പ്രതിഷേധവുമായെത്തിയപ്പോൾ രണ്ടാഴ്ചയ്ക്കകം പുതിയ പൈപ്പിട്ട് കുടിവെള്ളമെത്തിക്കാമെന്ന് മതിലകം എസ്ഐ രമ്യ കാർത്തികേയന്റെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥർ, ദേശീയപാത അധികൃതർ, ശിവലായ ജീവനക്കാർ എന്നിവർ ചേർന്ന യോഗത്തിൽ ഉറപ്പ് നൽകിയിരുന്നു. കൂടാതെ ജില്ലാ കളക്ടർ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ ശ്രീനാരായണപുരം പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് സ്പെഷൽ ടീമിനെ നിയമിക്കുമെന്നും തീരുമാനമെടുത്തിരുന്നു.
എന്നാൽ താൽക്കാലിക സംവിധാനത്തിൽ പൈപ്പിട്ട് ഒരു പൊതുടാപ്പിൽ മാത്രമാണ് ചെറിയ അളവിൽ കുടിവെള്ളമെത്തിയത്.
ഒരു മാസം പിന്നിട്ടിട്ടും വീടുകളിലേക്ക് കുടിവെള്ളം ലഭിക്കാതായതോടെയാണ് നാട്ടുകാർ ഉപരോധ സമരവുമായി വീണ്ടും വാട്ടർ അഥോറിറ്റി ഓഫീസിലെത്തിയത്. അമ്പതോളം സ്ത്രീകളാണ് പ്രതിഷേധവുമായി എത്തിയത്. കുടിവെള്ള പ്രശ്നം പരിഹരിക്കാതെ ഉദ്യാഗസ്ഥരെ പുറത്ത് വിടില്ലെന്ന് പറഞ്ഞ് സ്ത്രീകൾ ഓഫീസിന്റെ പടിക്കൽ കുത്തിയിരുന്നു. ഗെയിറ്റിന് മുന്നിൽ പ്രതിഷേധച്ചായ തിളപ്പിച്ച് വിതരണവും നടത്തി.
സംഭവമറിഞ്ഞ് മതിലകം പോലീസ് സ്ഥലത്തെത്തി സമരക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിരിഞ്ഞു പോകാൻ തയാറായില്ല. മതിലകം ഇൻസ്പെക്ടർ എം.കെ. ഷാജി അസിസ്റ്റന്റ് എൻജിനീയറുമായി സംസാരിച്ച് മറ്റൊരു ഭാഗത്തേക്ക് പോകുന്ന കുടിവെള്ള പൈപ്പിൽ വാൽവ് വച്ച് തൽക്കാലത്തേക്ക് മാന്തുരുത്തിക്കടവിലേക്ക് വെള്ളമെത്തിക്കാമെന്നും, ഒരു മാസത്തിനുളളിൽ പുതിയ പൈപ്പിട്ട് ഹോട്ട്ലൈൻ കണക്ഷൻ നൽകി സ്ഥിരംസംവിധാനം ഏർപ്പെടുത്താമെന്നുമുള്ള ഉറപ്പിൻമേൽ സമരം അവസാനിപ്പിക്കുകയായിരുന്നു .