എച്ച് 1 എൻ 1 കേസുകൾ കൂടുന്നു, ആശങ്കയിൽ തൃശൂർ
1452042
Tuesday, September 10, 2024 1:46 AM IST
തൃശൂർ: ജില്ലയിൽ എച്ച് 1 എൻ 1 കേസുകൾ കൂടുന്നതിൽ ആശങ്ക.
ഈ മാസം ആറാംതീയതിവരെ നാല്പതു കേസുകളാണ് ജില്ലയിൽ സ്ഥിരീകരിച്ചത്. രണ്ടു മരണങ്ങളുംഅടുത്ത ദിവസങ്ങളിലുണ്ടായി. അരിന്പൂരിലും എസ്എൻ പുരത്തുമാണ് എച്ച് 1 എൻ 1 ബാധിച്ച് രണ്ടുപേർ മരിച്ചത്.
കൂടുതൽ കരുതൽ വേണം
വായുവിലൂടെ പകരുന്ന വൈറൽപനിയാണ് എച്ച് 1 എൻ 1. പനി, ജലദോഷം, കഫമില്ലാത്ത വരണ്ട ചുമ, തൊണ്ടവേദന, ശ്വാസതടസം എന്നിവയാണ് സാധാരണ കാണുന്ന രോഗലക്ഷണങ്ങൾ.
മിക്കവരിലും ഒരു സാധാരണ പനിപോലെ നാലോ അഞ്ചോ ദിവസംകൊണ്ട് ഭേദമാകും. എന്നാൽ ചിലരിൽ അസുഖം ഗുരുതരമാവാൻ ഇടയുണ്ട്. അതു തിരിച്ചറിഞ്ഞു കൃത്യമായ ചികിത്സ നൽകേണ്ടതുണ്ട്. ശ്വാസകോശത്തിലെ അണുബാധ, തലച്ചോറിലെ അണുബാധ, നിലവിലുള്ള അസുഖങ്ങൾ ഗുരുതരമാകുക എന്നിവയാണ് രോഗത്തിന്റെ സങ്കീർണതകൾ.
അഞ്ചുവയസിൽതാഴെയുള്ള കുട്ടികൾ, 65 വയസിനു മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ, മറ്റു ഗുരുതരരോഗമുള്ളവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ പ്രത്യേകം ജാഗ്രത പാലിക്കേണ്ടതാണ്.
രോഗം പകരുക വായു വഴി
വായു വഴിയാണ് രോഗം പകരുന്നത്. രോഗി തുമ്മുന്പോഴും ചുമയ്ക്കുന്പോഴും മൂക്ക് ചീറ്റുന്പോഴും വൈറസ് അന്തരീക്ഷത്തിൽ വ്യാപിക്കും.
ഏകദേശം ഒരു മീറ്റർ ചുറ്റളവിൽ വൈറസ് വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ പരിസരത്തുള്ളവരിലേക്കു രോഗം പകരാൻ വഴിയൊരുങ്ങുന്നു.
ആ പരിസരത്തുള്ള വസ്തുക്കളിലും വൈറസ് നിലനിൽക്കാൻ ഇടയുണ്ട്. അത്തരം വസ്തുക്കളിൽ സ്പർശിച്ചാൽ കൈകൾ കഴുകാതെ കണ്ണിലും മൂക്കിലും വായിലും സ്പർശിക്കുന്നതു രോഗം ബാധിക്കാൻ ഇടയാക്കിയേക്കും.
ചികിത്സ വൈകരുത്
തുടക്കത്തിൽതന്നെ ചികിത്സിക്കുകയാണെങ്കിൽ പ്രശ്നം ഗുരുതരമാകാതെ ശ്രദ്ധിക്കാൻ സാധിക്കും. പലപ്പോഴും ഇങ്ങനെയുള്ള ലക്ഷണങ്ങൾ നിസാരമായി തള്ളിക്കളയുകയും ചികിത്സ വൈകുകയും ചെയ്യുന്നതുകൊണ്ടാണ് അപകടാവസ്ഥയിൽ എത്തുന്നതും മരണംവരെ സംഭവിക്കുന്നതും. ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും ആശുപത്രികളിലും സൗജന്യചികിത്സയും മരുന്നും ലഭ്യമാണ്. രോഗം സ്ഥിരീകരിച്ചാൽ ഇളംചൂടുള്ള കഞ്ഞിവെള്ളംപോലെയുള്ള പോഷകഗുണമുള്ള പാനീയങ്ങളും പോഷകസമൃദ്ധമായ ആഹാരങ്ങളും കഴിക്കുവാനും പൂർണവിശ്രമമെടുക്കുവാനും ശ്രദ്ധിക്കണം.
ഇൻഫ്ളുവെൻസ എ എന്ന ഗ്രൂപ്പിൽപെട്ട ഒരു വൈറസാണ് എച്ച് 1 എൻ1. പന്നികളിലാണ് സാധാരണ ഇതു കൂടുതലായി കണ്ടുവരുന്നത്. പന്നികളുമായി അടുത്തിടപഴകുന്ന ആളുകളിലേക്ക് അസുഖം പകരാനുള്ള സാധ്യതയുണ്ട്. വായുവിലൂടെയാണ് രോഗാണുക്കൾ ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് എത്തുന്നത്. ഒരാളിൽനിന്ന് മറ്റൊരാളിലേക്കും അസുഖം പകരാം.
ശ്രദ്ധിക്കേണ്ട
കാര്യങ്ങൾ
വായും മൂക്കും മറയുന്ന വിധത്തിൽ മാസ്ക് ധരിക്കുക.
പൊതുസ്ഥലത്ത് തുപ്പരുത്.
രോഗമുള്ളവരുമായി അടുത്ത് ഇടപഴകാതിരിക്കുക.
ഹസ്തദാനം, ചുംബനം, കെട്ടി
പ്പിടിക്കൽ എന്നിവ ഒഴിവാക്കുക.
മൊബൈൽഫോണ് ഷെയർ ചെയ്യാതിരിക്കുക.
പുറത്തുപോയി വീട്ടിലെത്തിയാൽ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക. എച്ച് 1എൻ 1 രോഗാണുക്കളെ സാധാരണ സോപ്പ് നിർവീര്യമാക്കും.