ഒാണത്തിന് മത്സ്യക്കോടി; തീരത്ത് ആഹ്ലാദം
1452878
Friday, September 13, 2024 1:30 AM IST
ചാവക്കാട്: ഓണമാഘോഷിക്കാൻ വക തേടുന്നതിനിടയിൽ കടലിന്റെ കനവ്. ഒറ്റദിവസം തീരത്ത് കയറിയത് മൂന്നുകോടിയിലേറെ രൂപയുടെ മീൻ. ബുധനാഴ്ച വൈകീട്ടും രാത്രിയിലുമായിട്ടാണ് ഇത്രയും മീൻ കരയിലെത്തിയത്.
ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള അറുപതിൽപരം വള്ളങ്ങൾക്കാണ് ഇത്രയും മത്സ്യം ലഭിച്ചത്. ഓരോ വള്ളക്കാർക്കും ശരാശരി ആറുലക്ഷത്തിലേറെ രൂപയുടെ മീൻ കിട്ടിയെന്ന് കമ്മീഷൻ ഏജന്റുമാർ പറയുന്നു. മൂന്നുമാസംമുമ്പ് നാലു വലിയ വള്ളക്കാർക്കായി 75 ലക്ഷം രൂപയുടെ മീൻ കിട്ടി. ഒന്നര മാസംമുമ്പ് ഒരു വലിയ വള്ളത്തിനുമാത്രമായി 35ലക്ഷം രൂപയുടെ ചാള കിട്ടിയിരുന്നു. അതിനുശേഷം വലിയൊരു കോള് കിട്ടിയത് ഇപ്പോഴാണ് - മത്സ്യത്തൊഴിലാളി ഹൈദ്രോസ് പറഞ്ഞു. ഇത് ഞങ്ങൾക്ക് കടലമ്മതന്ന ഓണക്കോടിയാണ് - കടൽത്തൊഴിലാളി നാണുക്കുട്ടിയുടെ സന്തോഷം നിറഞ്ഞ കമന്റ്.
ഇന്നലെ കടലിൽ പോയതൊഴിലാളികൾക്ക് പലർക്കും 1300 രൂപയാണു കിട്ടിയത്. കടല് അങ്ങിനെയാണ്. മുനക്കക്കടവ്, ചേറ്റുവക്കടവ് എന്നിവടങ്ങളിൽനിന്ന് ബുധനാഴ്ച മത്സ്യബന്ധനത്തിനുപോയ തൃശൂർ, മലപ്പുറം ജില്ലക്കാരായ വള്ളക്കാർക്കാണ് ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവിൽ കോളടിച്ചത്. ബുധനാഴ്ച വൈകീട്ട് കള്ളി നിറയെ മീ നുമായി ചെറുവള്ളങ്ങൾ (ഡിങ്കി) മുനക്കക്കടവിൽ എത്തിയതോടെ മത്സ്യക്കൊയ്ത്തിന്റെ സൂചന കരയിലെത്തി. പിന്നാലെ ചെറുവള്ളങ്ങളുടെ പ്രവാഹമായി. ഇവിടെ തിരക്ക് കൂടി മീൻ ഇറക്കാൻ പറ്റാത്ത അവസ്ഥ വന്നതോടെ കുറെ വള്ളം ചേറ്റുവയ്ക്കും മറ്റും തിരിച്ചുവിട്ടു.
45-50 തൊഴിലാളികൾക്ക് പോകാവുന്ന വലിയ വള്ളങ്ങളും കുറച്ചുപേർക്ക് പോകാവുന്ന ചെറുവള്ളങ്ങൾ മത്സ്യബന്ധനം നടത്തി തീരക്കടലിൽ തമ്പടിച്ച് ഡിങ്കി വഴിയാണ് മീനുകൾ കരയിൽ എത്തിച്ചിരുന്നത്. വൈകീട്ട് എത്തി തുടങ്ങിയ ഡിങ്കി വള്ളങ്ങൾ രാത്രി ഏറെ വൈകിയും പലതവണ ട്രിപ്പടിച്ചാണ് മീനുകളുമായി എത്തി കോടികളുടെ ഇടപാട് നടത്തിയത്.
ചില്ലറ കച്ചവടക്കാർ അധികം വാങ്ങിക്കാത്ത ചൂരക്കണ്ണി, കുഞ്ഞൻ ചാള, ചെറിയ അയില, മറ്റ് പലതരം മീനുകളാണ്. ഇവ കൂടുതലും വാങ്ങിക്കൂട്ടിയത് മത്സ്യക്കമ്പനി വണ്ടിക്കാരാണ്. ഇവ തിരഞ്ഞ് വലിയ മീനുകൾ മാർക്കറ്റിൽ തന്നെ തിരിച്ചെത്തും. അല്ലാത്ത വ പൊടിക്കാൻ പോകും. ഇവ പിന്നീട് കാലിത്തീറ്റ, മീൻ തീറ്റ, വളം, അലോപ്പതി മരുന്ന് എന്നിവയായി മാർക്കറ്റിൽ എത്തും.