നാടാകെ സദ്യമേളം; നിരക്കുകൾ പലവിധം, ആവശ്യക്കാരേറെ
1452596
Thursday, September 12, 2024 1:41 AM IST
കെ.കെ. അർജുനൻ
തൃശൂർ: തിരുവോണമടുത്തതോടെ നാടാകെ സദ്യമേളം. എല്ലായിടത്തും ഇൻസ്റ്റന്റ് ഓണസദ്യയുടെ ഫ്ളക്സുകളും പോസ്റ്ററുകളും നോട്ടീസുകളും. വാട്സാപ്പിൽ സ്റ്റാറ്റസും മെസേജുമായി പറപറക്കുന്നതും സദ്യവിശേഷങ്ങൾതന്നെ.
ഓണത്തിനു സദ്യയൊരുക്കാൻ മടിയുള്ളവർക്കും ബുദ്ധിമുട്ടുള്ളവർക്കും വളരെ ഈസിയായി തൂശനിലയടക്കമുള്ള സദ്യ ഓണനാളിൽ രാവിലെതന്നെ വീട്ടിലെത്തിക്കാൻ സാധിക്കുമെന്നതാണ് ഇൻസ്റ്റന്റ് ഓണസദ്യകളുടെ ഡിമാൻഡ് കൂട്ടുന്നത്. വിഭവസമൃദ്ധമായ സദ്യ മുതൽ ലളിതമായ ഓണസദ്യവരെ നൽകുന്നവരുണ്ട്. ചോറ്, അച്ചാർ, പുളിയിഞ്ചി, പപ്പടം, തോരൻ, കാളൻ, ഓലൻ, പൈനാപ്പിൾ പച്ചടി, അവിയൽ, സ്റ്റ്യൂ, കൂട്ടുകറി, വറവ്, പപ്പടം, പഴംനുറുക്ക്, സാന്പാർ, തൈര്, രസം, പാലട, പരിപ്പ്, തൂശനില എന്നിവയാണ് മിക്ക ഇൻസ്റ്റന്റ് സദ്യകളിലെയും വിഭവങ്ങൾ. ഫാമിലി പാക്ക്, മിനി പാക്ക് തുടങ്ങി പല അളവുകളിലും സദ്യ ലഭിക്കും. പായസവും പുളിയിഞ്ചിയും അച്ചാറും കാളനുമൊക്കെ ഒറ്റയ്ക്കൊറ്റയ്ക്കും കിട്ടും.ഹോട്ടലുകളിൽ ഓണസദ്യക്കു പ്രത്യേക നിരക്കാണ് ഈടാക്കുന്നത്. സദ്യ പാഴ്സൽ വേണമെങ്കിൽ നിരക്ക് കൂടും. 250 മുതൽ 2800 വരെ നിരക്കാണ് ഓണസദ്യക്കുള്ളത്. വിഭവങ്ങളുടെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് വിലയിലും വ്യത്യാസമുണ്ട്.
പലയിടത്തും തിരുവോണസദ്യയുടെ ബുക്കിംഗുകൾ എടുക്കുന്നതു നിർത്തിക്കഴിഞ്ഞു.