തൃക്കാക്കരയപ്പന്റെ നിർമാതാക്കൾക്ക് ഇത് ആശങ്ക"യോണം'
1452041
Tuesday, September 10, 2024 1:46 AM IST
സി.ജി. ജിജാസൽ
തൃശൂർ: മാനം കറുത്തു, മനസും. ഈ ഓണം ആശങ്കയുടേതെന്നു തൃക്കാക്കരയപ്പന് നിർമാതാക്കൾ. ഇടവിട്ടു പെയ്യുന്ന മഴയും പിറകെയുള്ള ചൂടും ഓണവിപണിയെ ഒന്നടങ്കം താളംതെറ്റിക്കുന്പോൾ തൃക്കാക്കരയപ്പൻ നിർമാതാക്കൾക്കും ഇത് ആശങ്കയുടെ ഓണമാണ്.
വയനാട് ദുരന്തവും തൊട്ടുപിറകെയുള്ള കാലാവസ്ഥയുടെ വികൃതികളും പ്രതീക്ഷകൾ ഒന്നൊന്നായി നഷ്ടപ്പെടുത്തുന്പോൾ ആകെക്കൂടിയുണ്ടായിരുന്ന ഓണവും കണ്ണീരിലേക്കാണ് പോകുന്നതെന്നു നിർമാതാക്കൾ പറഞ്ഞു. ഓണാഘോഷത്തിന്റെ ഭാഗമായി വടക്കുന്നാഥക്ഷേത്ര മൈതാനിയിൽ നിരക്കുന്ന ഇത്തരം കച്ചവടക്കാരുടെ എണ്ണവും വളരെ കുറഞ്ഞു. വില്പനയ്ക്കായി കൊണ്ടുവരാറുള്ള തൃക്കാക്കരയപ്പന്റെ രൂപങ്ങളിലും വൈവിധ്യം കുറവാണ്. ദുരന്തങ്ങളും കളിമണ്ലഭ്യത കുറഞ്ഞതും മേഖലയെ ഒന്നടങ്കം ദുരിതത്തിലാക്കിയെന്നു മണ്പാത്രനിർമാതാവും പുതുക്കാട് സ്നേഹപുരം സ്വദേശിയുമായ സന്ദീപ് പറഞ്ഞു.
വ്യവസായ വകുപ്പ് നടത്തിയിരുന്ന മേളകൾകൂടി നിന്നതോടെ കച്ചവടം കണ്ണീരിലാണ്. ഇത്തവണയും തൃക്കാക്കരയപ്പന്റെ രൂപങ്ങളുമായി എത്തിയിട്ടുള്ള സന്ദീപ് വലിപ്പത്തിലും ഡിസൈനിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. രണ്ടിഞ്ചുമുതൽ മൂന്നടിവരെ വലിപ്പമുള്ള തൃക്കാക്കരയപ്പന്റെ രൂപങ്ങൾക്കു പൂക്കളുടെയും വരകളുടെയും ഡിസൈനുകളും ഭംഗി നൽകുന്നുണ്ട്. മൂന്നെണ്ണം അടങ്ങുന്ന സെറ്റിന് മൊത്തവിപണിയിൽ 100 രൂപമുതലും ചില്ലറവിപണിയിൽ 150 മുതൽ 200 വരെയാണ് വില തുടങ്ങുന്നത്.
ഇതിനായുള്ള പൂക്കളും നിർമിക്കുന്ന ഇവർ ഒരു പൂവിനു പത്തുരൂപമുതലാണ് ഈടാക്കുന്നത്. ഘട്ടംഘട്ടമായി നിർമിക്കുന്ന ഇത്തരം രൂപങ്ങളുടെ നിർമാണച്ചെലവുപോലും പലപ്പോഴും കിട്ടാറില്ലെങ്കിലും മലയാളികളുടെ ആഘോഷത്തിനു തങ്ങളും ഭാഗമാകുന്നുവെന്നേയുള്ളുവെന്നും കച്ചവടക്കാർ പറഞ്ഞു.