ADVERTISEMENT
ADVERTISEMENT
13
Wednesday
August 2025
8:32 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
SECTIONS
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ADVERTISEMENT
നയന മനോഹരമാണ് കൊച്ചരീക്കൽ ഗുഹകൾ
ഭീമാകാരമായ കാട്ടുമരങ്ങളുടെ വേരുകള്ക്കിടയില് ഗുഹകള്. ഇവിടെ പല ഭാഗത്തുനിന്നും പുറത്തെക്കൊഴുകുന്ന കണ്ണീര്ത്തുള്ളി പോലെ തെളിഞ്ഞ ജലം. ഇതു വന്നുചേരുന്ന കുളത്തിലാകട്ടെ വെള്ളം നിറഞ്ഞുതുളുമ്പി മറുഭാഗത്തുകൂടി പുറത്തേക്കൊഴുകുന്നു.
പച്ചപരവതാനി പോലുള്ള ഈ കുളത്തിലിറങ്ങി കുളിക്കുമ്പോഴുള്ള അനുഭൂതി, മറ്റെവിടെനിന്നും ലഭിക്കാന് വഴിയില്ല. അതെ, പാമ്പാക്കുട പഞ്ചായത്തിലെ പിറമാടത്തുള്ള കൊച്ചരീക്കല് ഗുഹ ഒളിഞ്ഞിരിക്കുന്ന രത്ന സ്ഫടികങ്ങളായേ തോന്നു.
വെള്ളം ഒഴുകിപ്പോകുന്നത് ചിറ കെട്ടി സംരക്ഷിച്ചിരിക്കുന്നതാണ് കുളമായി മാറിയിരിക്കുന്നത്. കൊടും കാടിലെത്തിയ പ്രതീതി തോന്നിപ്പിക്കുന്ന ഈ നയന മനോഹക്കാഴ്ച കാണാനെത്തുന്നവരുടെ എണ്ണം അനുദിനം വര്ധിക്കുകയാണ്.
നിഗൂഢ സൗന്ദര്യം
പണ്ട് ഏറെ നിഗൂഡതകള് നിറഞ്ഞ ഒരു പ്രദേശമായിരുന്നു ഇത് . പകല് സമയത്തുപോലും ഇവിടേക്ക് ഒറ്റയ്ക്കു വരാന് ആളുകള് ഭയപ്പെട്ടിരുന്നു. പക്ഷേ, ഇന്ന് സ്ഥിതിയാകെ മാറി. ഇവിടെ വിനോദ സഞ്ചാരികളുടെ തിരക്കാണ്.
ഗുഹകളില് കയറിയിറങ്ങാനും വള്ളികളില് തൂങ്ങി കുളത്തിലേക്ക് എടുത്തു ചാടി കുളിക്കാനുമൊക്കെ നിരവധിയാളുകളാണ് ദൂര സ്ഥലങ്ങളില്നിന്നു പോലും ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഒരു തവണ ഈ നിഗൂഢസൗന്ദര്യം ആസ്വദിച്ചവര് വീണ്ടുമെത്തുന്നത് ഉറപ്പാണ്.
കൊച്ചരീക്കല് ഗുഹകള്
പിറവത്തു നിന്നും 12 കിലോമീറ്റര് അകലെ പിറമാടത്താണ് കൊച്ചരീക്കല് ഗുഹകള് സ്ഥിതി ചെയ്യുന്നത്. പാമ്പാക്കുട പഞ്ചായത്തിന്റെ അധീനതയില് അരീക്കല് വെള്ളച്ചാട്ടം കൂടാതെയുള്ള മറ്റൊരു ടൂറിസ്റ്റ് കേന്ദ്രമാണ് കൊച്ചരീക്കല് പ്രദേശം.
നിഗൂഢത നിറഞ്ഞ ഈ പ്രദേശം തന്നെയാണ് ഇവിടത്തെ പ്രധാന ആകര്ഷണം. വലിയൊരു കൊടുംകാട്ടിലെത്തിയതു പോലുള്ള പ്രതീതിയാണ് ഇവിടം ജനിപ്പിക്കുന്നത്. നൂറ്റാണ്ടുകളായി വളര്ന്നു നില്ക്കുന്ന വന് വ്യക്ഷങ്ങള്. വൃക്ഷങ്ങളുടെ വേരുകള് കൊണ്ട് താങ്ങി നിര്ത്തിയിരിക്കുന്നതു പോലുള്ള വലിയ പാറക്കൂട്ടങ്ങള്. ഇതിനിടെയില് വലിയ ഗുഹകള്.
ഗുഹകള് അവസാനിക്കുന്നത് ഒന്ന് കൊടങ്ങല്ലൂരും, മറ്റൊന്ന് മൂന്നാറിനടുത്ത് മറയുരുമാണന്നാണ് പറയുന്നത്. പുറത്തു നിന്നു നോക്കിയാല് ഗുഹയ്ക്കുള്ളില് 150 അടി വരെ നേരെ കാണാനാവും. ഉള്ളില് പ്രവേശിച്ച് കുറച്ചു നടന്നു കഴിഞ്ഞാല് 20 ആളുകള്ക്കുവരെ താമസിക്കാവുന്ന രീതിയില് മുറികള് തിരിച്ച് നിര്മിച്ചിട്ടുമുണ്ട്.
തിരുവിതാംകൂര് രാജ്യം രൂപീകരിക്കുന്നതിന് മുമ്പ് വടക്കുംകൂര് രാജ്യത്തിന്റെ ഭാഗമായിരുന്നു പ്രദേശമെന്ന് പറയുന്നു. ആക്കാലത്ത് നാടുവാഴി തമ്പുരാക്കന്മാര് ഒളിവില് കഴിഞ്ഞിരുന്നതും യുദ്ധോപകരണങ്ങള് സൂക്ഷിച്ചിരുന്നതും ഈ ഗുഹകളിലാണന്ന് പറയപ്പെടുന്നു.
ഒരിക്കലും വറ്റാത്ത കൊച്ചരീക്കല്
ഒരിക്കലും വറ്റാത്ത നീരുറവയാണ് കൊച്ചരീക്കലെ പാറക്കെട്ടുകള്ക്കിടയിലൂടെ ഉത്ഭവിക്കുന്നത്. ഇത് കുടിവെള്ളമായി സമീപ പ്രദേശങ്ങളിലെ ഇരുനൂറോ ളം കുടുംബങ്ങള് ഉപയോഗിക്കുന്നുണ്ട്. ഇവിടെയെത്തുന്നവര്ക്ക് ഉറവ വെള്ളം കുടിക്കുന്നതിന് സൗകര്യമുണ്ട്. പലരും ഇത് കുപ്പികളില് ധാരാളമായി ശേഖരിച്ചുകൊണ്ടുപോകുന്നുമുണ്ട്.
വര്ഷം മുഴുവനും വെള്ളം ഒഴുകി പോകുന്നതിനെത്തുടര്ന്നാണ് ചിറ കെട്ടി സംരക്ഷിച്ചത്. ചിറയാകട്ടെ കുളം പോലെ കിടക്കുകയാണ്. നല്ല തണുപ്പ് നിറഞ്ഞ വെള്ളത്തില് സ്ത്രീകളടക്കം എല്ലാവരും നീന്തിത്തുടിക്കാനായി ഇറങ്ങാറുണ്ട്.
വിനോദസഞ്ചാരികളില് ഏറെപ്പേരും കയറുകളില് തൂങ്ങിയാടി മലക്കം മറിഞ്ഞ് വെള്ളത്തില് ചാടാന് മത്സരമാണ്. കുളത്തില് കിടന്ന് മുകളിലേക്ക് നോക്കിയാല് ചുറ്റും നില്ക്കുന്ന ചീനി മരങ്ങളുടെ ശിഖിരങ്ങള് കൊണ്ട് ആകാശം മൂടപ്പെട്ട നിലയിലാണ്.
ഇതുകൊണ്ട് നേരത്തെ മാനംകാണ അരിക്ക എന്ന് അറിയപ്പെട്ടിരുന്നതാണ്. ഇവിടെയുള്ള ചീനി മരങ്ങളുടെ ചുവടുകള്ക്ക് പത്തു മുതല് 15 മീറ്റര്വരെ ചുറ്റളവുണ്ട്. നീന്തല് വശമില്ലാത്തവര് ഇതിലിറങ്ങുന്നത് അപകടമാണ്.
ചിറയ്ക്ക് ആഴക്കൂടുതലായതിനാല് കാല് കുത്താന് സാധിക്കില്ല. ഇതിനാല് കുട്ടികളെ വെള്ളത്തിലിറക്കാറില്ല. ഇപ്പോള് മഴക്കാലമായതിനാല് ധാരാളം വെള്ളമാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്.
അധികൃതരുടെ അവഗണനയില് സഞ്ചാരികള്ക്ക് ദുരിതം
മഴക്കാലത്ത് നീരൊഴുക്ക് കൂടുന്നത് സമൂഹമാധ്യമങ്ങളിലൂടെയറിഞ്ഞ് നിരവധിയാളുകള് ഇവിടെ എത്തുന്നുണ്ട്. കെഎസ്ആര്ടിസിയുടെ അവധിദിന വിനോദയാത്രയില് ജില്ലയ്ക്കു പുറത്തു നിന്നുമുള്ള ഡിപ്പോയില് നിന്നുമുള്ള ബസുകള് യാത്രക്കാരുമായി ഇവിടെ എത്താറുണ്ട്.
പക്ഷെ, ഇവിടെയെത്തുന്ന സ്ത്രീകളും, കുട്ടികളുമടക്കമുള്ളവര്ക്ക് യാതൊരുവിധ അടിസ്ഥാന സൗകര്യവും പഞ്ചായത്ത് ഒരുക്കിയിട്ടില്ല. ഇവിടെ പ്രവേശന കവാടത്തില് ഒരാളില് നിന്നും 20 രൂപാ വീതം വാങ്ങുന്നുണ്ട്.
സൗകര്യങ്ങളൊന്നുമൊരുക്കാതെ പഞ്ചായത്ത് പണം വാങ്ങുമ്പോള്, സമീപത്തുള്ള ചില സ്വകാര്യ വ്യക്തികള് ഇതിലും കൂടുതല് പിടിച്ചുപറിയാണ് നടത്തുന്നത്. നനഞ്ഞ വസ്ത്രം മാറ്റുന്നതിനും ടോയ്ലറ്റ് ഉപയോഗിക്കുന്നതിനുമൊക്കെ പത്തു മുതല് 20 രൂപാ വരെ സ്വകാര്യ വ്യക്തികള് വാങ്ങുന്നു.
ഇവര് വാഹന പാര്ക്കിംഗിനും അമിത ചാര്ജാണ് ഈടാക്കുന്നതെന്നും പരാതിയുണ്ട്.
ഭീഷണിയാകുന്ന മണ്ണ് ഖനനം
കൊച്ചരീക്കലേക്ക് ഉറവ വെള്ളം ഒഴുകിയെത്തുന്നത് കിഴക്കുഭാഗത്തുള്ള അമ്പതേക്കറിലധികം വരുന്ന ഒലിക്കല് തണ്ടേല് മലയില് നിന്നുമാണ്. ഈ മല നിരകള് ഖനനം ചെയ്യാന് ഭൂമാഫിയകള് വട്ടമിട്ടു പറക്കുന്നുണ്ട്.
പിറവം, പുത്തന്കുരിശ്, മേമ്മുറി, തിരുവനന്തപുരം സ്വദേശികളായവരുടെ ഉടമസ്ഥതയിലാണ് പ്രദേശം. പാമ്പാക്കുട പഞ്ചായത്തിലെ ഉയര്ന്ന പ്രദേശമായ പിറമാടത്തുള്ള കൊച്ചരീക്കലിന്റെ അടുത്തു തന്നെ വ്യാപകമായ മണ്ണ് ഖനനം നടന്നിരുന്നു.
നാട്ടുകാര് ബഹുജന സമരവുമായി രംഗത്തിറങ്ങിയതോടെ ഹൈക്കോടതി ഇടപ്പെട്ട് ഖനനം നിര്ത്തിവയ്പ്പിക്കുകയായിരുന്നു. എന്നാല് വീണ്ടും മണ്ണ് ഖനനത്തിനുള്ള ശ്രമം നടക്കുന്നതായി സൂചനയുണ്ട്. ഇത് കനത്ത പാരിസ്ഥിതികാഘാതത്തിന് ഇടയാക്കും.
ഡിടിഡിസി കൊച്ചരീക്കലിനെ ഉള്പ്പെടുത്തണം
ജില്ലാ ടൂറിസം വകുപ്പ് നടപ്പാക്കുന്ന അരീക്കല് വെള്ളച്ചാട്ട വികസന പദ്ധതികളില്, കൊച്ചരീക്കല് പ്രദേശവും ഉള്പ്പെടത്തണമെന്ന് പഞ്ചായത്ത് മെമ്പര് ജിനു സി. ചാണ്ടി ആവശ്യപ്പെടുന്നു. ഏറെ പൗരാണികതകള് നിറഞ്ഞ പ്രദേശം സംരക്ഷിക്കപ്പെടേണ്ടതാണ്.
അന്തരിച്ച മുന് മന്ത്രി ടി.എം. ജേക്കബ് ഇതിന് തുടക്കമിട്ടതാണെങ്കിലും, പിന്നീട് ഇതിനു വേണ്ടി ശ്രദ്ധ ചെലുത്താത്തത് അവഗണനയ്ക്ക് കാരണമായി.
കൊച്ചരിക്കല് എത്തിച്ചേരാന്
പിറവത്തു നിന്നും 12 കിലോമീറ്ററാണ് ദൂരം. മുവാറ്റുപുഴ വഴി വരുന്നവര്ക്ക് പിറവം റോഡിലൂടെ 14 കിലോമീറ്റര് സഞ്ചരിച്ചാല് ഇവിടെയെത്താം. കൂത്താട്ടുകുളത്തു നിന്നും പിറവം റോഡിലൂടെ അഞ്ചല്പ്പെട്ടി വഴിയാണ് ഇവിടെയെത്തേണ്ടത്.
16 കിലോമീറ്ററോളം ദൂരമുണ്ട്. കൊച്ചരീക്കല് സന്ദര്ശിച്ച ശേഷം ഒന്നര കിലോമീറ്റര് അകലെയുള്ള അരീക്കല് വെള്ളച്ചാട്ടവും കണ്ട് മടങ്ങാം.
മഴക്കാടുകാണാം, വരൂ!
കണ്ടിട്ടും കണ്ടിട്ടും പോരാതായി...!
ADVERTISEMENT
ഋഷ്യശൃംഗന്റെ "വൈശാലി' ഇവിടുണ്ട്!
ജില്ല:
ഇടുക്കി
കാഴ്ച:
ഗുഹ
പ്രത്യേകത:
ഭംഗി, സാഹസികത
കേരളത്തിൽ ഏറ്റവുംകൂടുതൽ ടൂറിസം സ്പോട്ടുകൾ ഉള്ള ജില്ല ഏതാണെന്നു ചോദിച്ചാൽ ഇടുക്കിയെന്നു കണ്ണുമടച്ച് ഉത്തരം പറയാം. പുറമേനിന്ന് എത്തുന്നവർക്ക് ഇടുക്കിയിൽ എവിടെ നോക്കിയാലും ഒരു ടൂറിസം സ്പോട്ട് ആയിട്ടു തോന്നാം.
എന്നാൽ, ഇടുക്കിയിൽ എത്തുന്ന മിക്കവരും നഷ്ടപ്പെടുത്തുന്ന അല്ലെങ്കിൽ അറിയാതെ പോകുന്ന ഒരു വേറിട്ട കാഴ്ചയുണ്ട്, അതൊരു ഗുഹയാണ്. വൈശാലി ഗുഹ. ഇടുക്കി ഡാമിന്റെ പരിസരത്തുതന്നെയാണ് ഈ കാഴ്ച.
പേരുവന്നത് ഒരു സിനിമയിൽനിന്നാണ്. ഭരതന്റെ സൂപ്പർ ഹിറ്റായ വൈശാലി എന്ന സിനിമയുടെ സെറ്റ് ആയിരുന്നു ഈ ഗുഹയും പരിസരവും. അന്നു മുതലാണ് ഇതു സിനിമയുടെയും നായകയുടെയും പേരായ വൈശാലിഎന്നറിയപ്പെട്ടത്.
ഗുഹയാണോ?
സത്യത്തിൽ ഇതൊരു സ്വാഭാവിക ഗുഹ അല്ല. ഇടമലയാർ ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിനായി 1970കളിൽ പാറ തുരന്നു നിർമിച്ചതാണ് ഈ ടണൽ. 550 മീറ്റർ നീളം. പിന്നീടിത് എല്ലാവരും മറന്നു.
എന്നാൽ, 1988ൽ വൈശാലി സിനിമയിലെ നായകൻ ഋഷ്യശൃംഗന്റെ ആശ്രമവും പരിസരവുമായി ഇതു ചിത്രീകരിക്കപ്പെട്ടതോടെ കഥ മാറി. ഹൈഡൽ ടൂറിസത്തിന്റെ ഭാഗമാണ് ഇന്നു വൈശാലി.
യാത്ര:
കുറവൻ മല നിരകളിൽനിന്ന് അരമണിക്കൂർ നടന്നാൽ വൈശാലിഗുഹയിലെത്താം. അല്പം സാഹസികത വേണ്ടി വരുന്നതാണ് ഗുഹായാത്ര.
വടക്കാഞ്ചേരിയിലേക്ക് വരൂ... ചിറകളുടെയും വെള്ളക്കെട്ടുകളുടെയും സൗന്ദര്യം നുകരാം
വിണ്ണില് നിന്നും മണ്ണിലേക്ക് പെയ്തിറങ്ങിയ ജലകണങ്ങള് വീണ്ടും പ്രകൃതിയെ പച്ചപ്പിന്റെ മേലങ്കി അണിയിക്കുന്പോള് കാടും കാട്ടരുവികളും സൗന്ദര്യത്തിന്റെ നയനമനോഹര കാഴ്ചകള് സമ്മാനിക്കുന്പോള്... ചിന്നിച്ചിതറി വീഴുന്ന ജലകണങ്ങള് തട്ടിത്തെറിപ്പിച്ചും മഴയുടെ കുളിരണിഞ്ഞും ഈ മണ്സൂണ് കാലം ആഘോഷമാക്കാന് ഒരുങ്ങുകയാണ് വിനോദസഞ്ചാരികള്.
കാടും മേടും പുഴയും പൂക്കളും അടങ്ങുന്ന പതിവ് വിനോദകേന്ദ്രങ്ങളില്നിന്നു വ്യത്യസ്തമായി പുതിയപുതിയ കേന്ദ്രങ്ങള് തേടി യാത്ര തുടരുന്ന സഞ്ചാരികളെ മണ്സൂണിന്റെ സൗന്ദര്യം ആവാഹിച്ചുകൊണ്ട് അവരെ മാടിവിളിക്കുകയാണ് തൃശൂര് ജില്ലയിലെ വടക്കാഞ്ചേരിയും പരിസരപ്രദേശങ്ങളെയിലേയും പ്രാദേശിക വിനോദസഞ്ചാരകേന്ദ്രങ്ങള്. അത്തരത്തില് അധികമാരും എത്തിപ്പെടാത്ത ചില മഴക്കാല വിനോദസഞ്ചാരകേന്ദ്രങ്ങളെ നമുക്ക് പരിചയപ്പെടാം.
പേരപ്പാറ ചെക്ക് ഡാം
വടക്കാഞ്ചേരി വാഴാനി ഡാമിലേക്കുള്ള യാത്രയ്ക്കിടെ അധികമാരും അറിയാതെ പോകുന്ന ഒരു മനോഹര ഇടമാണ് പേരേപ്പാറ ചെക്ക് ഡാം. കാടിനാല് ചുറ്റുപ്പെട്ട പ്രദേശത്ത് ഒഴുകിയെത്തുന്ന കാട്ടരുവികളും അവയെത്തുന്ന ജലാശയവും അതില്നിന്നു താഴേക്ക് ഒഴുകി വരുന്ന വെള്ളവും മഴക്കാലത്ത് സമ്മാനിക്കുന്നത് കുളിരുള്ള കാഴ്ചകളില് ഒന്നാണ്.
ചെറിയ വെള്ളച്ചാട്ടങ്ങളോടെയുള്ള ഇവിടെ ആളുകള് കുടുംബസമേതം കുളിക്കാനും മഴയുടെ സൗന്ദര്യം ആസ്വദിക്കാനും എത്തുന്നു. വിരുപ്പാക്ക നൂല് കന്പനി കഴിഞ്ഞ് 100 മീറ്റര് മുന്നോട്ട് പോയി ഇടത്തോട്ട് തിരിഞ്ഞ് ഏകദേശം 300 മീറ്റര് അകലെയാണ് ഡാം സ്ഥിതി ചെയ്യുന്നത്.
തൂമാനം വെള്ളച്ചാട്ടം
കഴിഞ്ഞ ഏതാനും വര്ഷങ്ങളായി വിനോദസഞ്ചാരികളുടെ പ്രിയ ഇടമായി മാറുകയാണ് അകമലയിലെ തൂമാനം വെള്ളച്ചാട്ടം. വടക്കാഞ്ചേരി നഗരത്തില്നിന്ന് ഏകദേശം മൂന്ന് കിലോമീറ്ററോളം മാറി സ്ഥിതിചെയ്യുന്ന ഈ വെള്ളച്ചാട്ടം അകമല ചേപ്പലക്കോട് വനമേഖലയില് നിന്നുമാണ് ഉത്ഭവിക്കുന്നത്.
പ്രകൃതിരമണീയമായ വെള്ളച്ചാട്ടം എന്നതിലുപരി വളരെ സുരക്ഷിതമായതും കുട്ടികള്ക്ക് പോലും ഇറങ്ങി കളിക്കുകയും കുളിക്കുകയും ചെയ്യാം എന്നതുമാണ് തൂമാനത്തെ കൂടുതല് പ്രിയങ്കരമാക്കുന്നത്.
ചാത്തന്ചിറ
മഴ കനത്താല് നിറഞ്ഞൊഴുകുന്ന ചാത്തന്ചിറ ചെക്ക് ഡാമും വെള്ളച്ചാട്ടവും ആസ്വാദകമനം കവരുമെന്ന കാര്യം തീര്ച്ചയാണ്. വടക്കാഞ്ചേരി കാഞ്ഞിരക്കോട് കൊടുന്പ് പ്രദേശത്ത് മലനിരകള്ക്ക് താഴെ സ്ഥിതിചെയ്യുന്ന ഡാമില് നിറഞ്ഞുതുളുന്പി കിടക്കുന്ന നീലജലാശയവും അതില്നിന്നു കവിഞ്ഞൊഴുകുന്ന വെള്ളച്ചാട്ടവുമാണ് ഇവിടുത്തെ പ്രധാന ആകര്ഷണം.
എരുമപ്പെട്ടി പഞ്ചായത്തിന്റെ അതിര്ത്തി പങ്കിടുന്ന ചിറ വടക്കാഞ്ചേരി നഗരസഭയിലെയും പരിസരപ്രദേശങ്ങളിലെയും വരള്ച്ചയെയും ഒരുപരിധിവരെ തടയുന്നവയില് ഒന്നാണ്.
കല്ലന്പാറ ചോല
പാദസ്വരനാദം പോലെ കാതുകളില് ശ്രവ്യസുന്ദര ശബ്ദവും ചെപ്പാറ മലയില്നിന്ന് ഒഴുകി ചെറിയ ചോലകളും വെള്ളച്ചാട്ടവും ഉള്പ്പെടുന്ന മഴക്കാല വിനോദസഞ്ചാര കേന്ദ്രമാണ് കല്ലന്പാറ ചോല എന്ന് പറയുന്ന ഈ ചോല.
തെക്കുംകര പഞ്ചയത്തിലെ കല്ലന്പാറ ബസ് സ്റ്റോപ്പില്നിന്ന് ഏകദേശം ഒരു കിലോമീറ്ററില് താഴെ ദൂരം മാത്രമുള്ള ഇവിടെ റോഡിലേക്ക് ഒഴുകി വരുന്ന കാട്ടരുവികളും അല്പം മാറി ഒരു തെങ്ങിന്റെ ഉയരത്തില് പാറക്കെട്ടുകളിലൂടെ ഒഴുകി വരുന്ന വെള്ളവും സുന്ദരകാഴ്ചകളാണ് സമ്മാനിക്കുന്നത്.
പൊതുവെ മഴ ശക്തമാകുന്പോള് മാത്രമേ ഇവിടെ ഈ കാഴ്ച കാണാന് സാധിക്കുകയുള്ളു. റീല്സുകളിലും മറ്റു സാമൂഹ്യ മാധ്യമങ്ങളില് കൂടി അറിഞ്ഞും കഴിഞ്ഞ ഏതാനും വര്ഷങ്ങളായി നിരവധിപ്പേരാണ് ഇവിടെ ഇപ്പോള് എത്തിച്ചേരുന്നത്.
നീലറച്ചിറ
വാഴാനി ഡാമില്നിന്നു വടക്കാഞ്ചേരി പുഴയിലേക്ക് ഒഴുകിവരന്ന കൈവഴികളില് ഒന്നായ നീലറ ചിറയും പ്രദേശവാസികളുടെ ഒഴിവുവേളകളെ ആനന്ദകരമാകുന്ന പ്രിയ ഇടങ്ങളില് ഒന്നാണ്.
വടക്കാഞ്ചേരി ഫൊറോനാ പള്ളിയുടെ സമീപത്ത്നിന്നു മച്ചാട് റൂട്ടില് അയ്യപ്പന്കാവിനും പനങ്ങാട്ടുക്കരയ്ക്കും സമീപം സ്ഥിതി ചെയ്യുന്ന മംഗലം പ്രദേശത്ത്നിന്ന് ഒരു കിലോമീറ്ററില് താഴെ മാത്രം ദൂരം വരുന്ന ഇവിടെ, വയലേലകള്ക്ക് നടുവിലായി സ്ഥിതിചെയ്യുന്ന ചിറയില് കുളിക്കുന്നതിനും മീന് പിടിക്കുന്നതിനും ഒഴിവുവേളകള് ചെലവഴിക്കുന്നതിനും കുടുംബങ്ങളും കൂട്ടുകാരും അടങ്ങുന്ന സംഘങ്ങള് എത്തുന്നത് പതിവാണ്.
ചിറയ്ക്ക് 100 മീറ്റര് മാറി താഴ്ചയിലേക്ക് പതിക്കുന്ന ചെറിയ വെള്ളച്ചാട്ടവും കാഴ്ചക്കാര്ക്ക് നല്ലൊരു അനുഭൂതിയാണ് സമ്മാനിക്കുക.
വട്ടായി വെള്ളച്ചാട്ടം
മണ്സൂണ്ക്കാല യാത്രകളില് നിറഞ്ഞുനില്ക്കുന്ന റീല്സുകളില് ആദ്യസ്ഥാനങ്ങളില് ഒന്നായ വട്ടായി വെള്ളച്ചാട്ടവും കുടുംബങ്ങളുടെ ഇഷ്ടവിനോദകേന്ദ്രങ്ങളില് ഒന്നാണ്.
തൃശൂരില്നിന്നു വെറും 13 കിലോമീറ്ററിന് അപ്പുറം കുണ്ടുകാടിനോട് അടുത്തുള്ള വട്ടായിയില് സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം കാഴ്ചക്കാര്ക്ക് കൗതുകങ്ങളുടെ കലവറയാണ് സമ്മാനിക്കുന്നത്.
ചെപ്പാറക്കുന്നിന് ചെരുവുകള്ക്കിടയിലൂടെ ഒഴുകിയെത്തുന്ന ജലസ്രോതസ് വട്ടായിയിലെത്തുന്പോഴാണ് രണ്ട് ചെറു വെള്ളച്ചാട്ടങ്ങളായി മാറുന്നത്. ഇവിടേക്കുള്ള യാത്രാവഴികളില് തന്നെ വെള്ളച്ചാട്ടത്തിന്റെ ഇരന്പല് കേള്ക്കാന് കഴിയുന്നതും സഞ്ചാരികള്ക്ക് ആവേശം പകരുന്നവയാണ്.
ശ്രദ്ധിക്കുക...
പോകാന് ഉദ്ദേശിക്കുന്ന സ്ഥലത്തെ കാലാവസ്ഥയെക്കുറിച്ച് ഒരാഴ്ച മുന്പ് എങ്കിലും വിവരങ്ങള് ശേഖരിക്കുന്നത് നല്ലതാണ്. പാറകളിലും കല്ലുകളിലും വഴുക്കലിന് സാധ്യതയുള്ളതിനാല് വെള്ളച്ചാട്ടങ്ങളിലും പരിസരപ്രദേശങ്ങളിലും പ്രവേശിക്കുന്പോള് ജാഗ്രത പാലിക്കുക.
ഒറ്റയ്ക്കുള്ള യാത്രകള് ഒഴിവാക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങള് വലിച്ചെറിയാതിരിക്കുക.
നിയമപരമായ മുന്നറിയിപ്പ്
ഡാമുകളിലും ജലാശയങ്ങളിലും അനധികൃത്യമായി ഇറങ്ങുന്നതും മത്സ്യബന്ധനം നടത്തുന്നതും ശിക്ഷാര്ഹമാണ്.
വാർത്തയും ചിത്രങ്ങളും:
സി.ജി. ജിജാസല്
പൂവാർ ദ്വീപിൽ പോകാം...
ജില്ല:
തിരുവനന്തപുരം
കാഴ്ച:
ദ്വീപ്, ബീച്ചുകൾ, വിനോദങ്ങൾ, താമസം
പ്രത്യേകത:
സുഖകരമായ കാലാവസ്ഥ, വിശ്രമസങ്കേതം
തിരുവനന്തപുരത്ത് ടൂറിനെത്തുന്ന പലരും നഗരത്തിൽ കറങ്ങി, കോവളം ബീച്ചും കണ്ടു മടങ്ങുകയാണ് പതിവ്. എന്നാൽ, കാഴ്ചകളുടെ മറ്റു വേറിട്ട അനുഭവങ്ങളും ഇവിടുണ്ട്. അതിലൊന്നാണ് തിരുവനന്തപുരത്തിന്റെ തെക്കേയറ്റത്തെ പൂവാർ ദ്വീപ്.
ഒരു വശത്ത് അറബിക്കടൽ, മറുവശത്ത് നെയ്യാർ നദി. തടാകം, നദി, കടൽ, കടൽത്തീരം എന്നിവ സംഗമിക്കുന്ന അപൂർവം പ്രദേശങ്ങളിലൊന്ന്. 18ാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജാവായ മാർത്താണ്ഡ വർമ ഇവിടം സന്ദർശിച്ചു.
നദിയിൽ പൂക്കൾ നിറഞ്ഞിരുന്നതുകണ്ട് അദ്ദേഹമാണ് ഈ സ്ഥലത്തിന് "പൂവാർ" എന്നു പേരിട്ടെതെന്നു പറയപ്പെടുന്നു. നീല നിറമുള്ള തടാകങ്ങൾ, പച്ചപ്പു നിറഞ്ഞ തെങ്ങിൻ തോപ്പുകളൊക്കെ വേറിട്ട ലോകം സമ്മാനിക്കും.
റിസോർട്ടുകൾ, ഫ്ളോട്ടിംഗ് കോട്ടേജുകൾ, ആയുർവേദ കേന്ദ്രങ്ങൾ ഇവയൊക്കെ ഇവിടെയുണ്ട്. ബീച്ച് വോളിബോൾ, ബാസ്കറ്റ് ബോൾ, കായൽ സവാരി, പക്ഷി നിരീക്ഷണം, പ്രകൃതി നടത്തം, ജലകായിക വിനോദങ്ങൾ ഇവയൊക്കെ ഇവിടെ ആസ്വദിക്കാം.
സമീപത്തുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ആയോധന കലാഗ്രാമം സഞ്ചാരികളുടെ മറ്റൊരു ആകർഷണ കേന്ദ്രമാണ്.
ദൂരം:
തിരുവനന്തപുരത്തുനിന്ന് റോഡ്മാർഗം ഏകദേശം 33 കിലോമീറ്റർ. ബസ്, ടാക്സി സൗകര്യം ലഭ്യമാണ്.
മനോഹരി മീനാറ... സമൂഹമാധ്യങ്ങളിൽ തരംഗം, സഞ്ചാരികളുടെ തിരക്കേറുന്നു
നഗരത്തിന്റെ തിരക്കുകള്ക്കിടയില്നിന്നു മാറി ഗ്രാമത്തില് ഒരു വെള്ളച്ചാട്ടം. മഴക്കാലമായതോടെ വെള്ളച്ചാട്ടത്തിനു ദൃശ്യഭംഗിയും സൗന്ദര്യവും കൂടിയിരിക്കുകയാണ്. പതിവു വെള്ളച്ചാട്ടങ്ങളും കാഴ്ചകളും കണ്ടുമടുത്ത ആളുകള് മണ്സൂണ് ഡെസ്റ്റിനേഷനായി പാലാ ടൗണിനു സമീപമുള്ള കവീക്കുന്ന് മീനാറ വെള്ളച്ചാട്ടത്തെ തെരഞ്ഞെടുത്തിരിക്കുകയാണ്.
ഇതുവരെ ആരും അറിയാതെ കിടന്നിരുന്ന ഈ വെള്ളച്ചാട്ടം സമീപകാലത്താണ് സോഷ്യല് മീഡിയയില് തരംഗമായത്. മഴക്കാലമായതോടെ വെള്ളച്ചാട്ടവും ഇതിനു മുകളിലുള്ള ചെക്ക്ഡാമും സന്ദര്ശിക്കാന് ദൂരസ്ഥലങ്ങളില്നിന്നുപോലും സന്ദര്ശകരെത്തുന്നുണ്ട്.
ചൂണ്ടച്ചേരിയില്നിന്ന് ആരംഭിച്ച് രണ്ട് കിലോമീറ്റര് അകലെ മീനച്ചിലാറ്റില് പതിക്കുന്നതാണ് ഇവിടത്തെ നീരൊഴുക്ക്. മീനച്ചിലാറിന്റെ കൈവഴിയായും അറിയപ്പെടുന്നു. സന്ദര്ശകര്ക്ക് മനസില് ഓര്ത്തിരിക്കാന് പറ്റിയ ഒരിടമാണ് മീനാറ വെള്ളച്ചാട്ടം.
എല്ലാ ടെന്ഷനുകളും മറന്ന് ഇത്തിരിനേരം ആസ്വദിക്കാനും സംസാരിച്ചിരിക്കാനും പറ്റിയ ഒരിടമാണിത്. കണ്ണിനും മനസിനും ഒരുപോലെ കുളിര്മ നല്കുന്നതാണ് ഈ വെള്ളച്ചാട്ടം. കാടിനു സമാനമായ പ്രകൃതി. ചെറിയ കല്ലിടുക്കുകളില്കൂടി നിറഞ്ഞുപതഞ്ഞ് ഒഴുകുകയാണ് വെള്ളം.
വെള്ളത്തിലിറങ്ങിയാല് അപകടസാധ്യതയുള്ളതിനാല് ആരും ഇറങ്ങാതെ വെള്ളച്ചാട്ടം ആസ്വദിച്ചാല് മതിയെന്നാണ് നാട്ടുകാര് പറയുന്നത്. വെള്ളച്ചാട്ടം കാണാനെത്തുന്നവര് പ്ലാസ്റ്റിക് കുപ്പി ഉള്പ്പെടെയുള്ള പാഴ്വസ്തുക്കള് ഇവിടെ നിക്ഷേപിച്ചിട്ട് പോകരുതെന്നും നാട്ടുകാര് അഭ്യര്ഥിക്കുന്നു. നാട്ടുകാര് തന്നെയാണ് സന്ദര്ശകര്ക്ക് നിര്ദേശവും നല്കുന്നത്.
നഗരസഭ ഇടപെട്ട് സുരക്ഷാക്രമീകരണങ്ങള് നടത്തി വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റാനുള്ള നടപടികള് സ്വീകരിക്കണമെന്നും സമീപവാസികള് ആവശ്യപ്പെടുന്നു. പാലാ മുനിസിപ്പാലിറ്റിയിലെ എട്ടാം വാര്ഡിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അപ്പുറം ഭരണങ്ങാനം പഞ്ചായത്താണ്.
പാലാതൊടുപുഴ റോഡിൽ പാലാ കാര്മല് ആശുപത്രിക്ക് സമീപമുള്ള റോഡില് കൂടിയും പാലാഈരാറ്റുപേട്ട റോഡില് കൊച്ചിടപ്പാടിയില്നിന്നു കവീക്കുന്നിലേക്ക് പോകുന്ന റൂട്ടിലും സഞ്ചരിച്ചാല് വെള്ളച്ചാട്ടത്തിലേക്ക് എത്താം.
സമീപത്തായി തീര്ഥാടനകേന്ദ്രമായ പാമ്പൂരാംപാറ കുരിശുമലയും സ്ഥിതി ചെയ്യുന്നുണ്ട്.
വല്ലം നിറയെ കാഴ്ച, മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പ്രത്യേകത:
കുളിർമയുള്ള അന്തരീക്ഷം
പാലക്കാട് കരിമ്പ ഗ്രാമപഞ്ചായത്തിൽ തുപ്പനാട് പുഴയിൽ വെള്ളം താഴേക്കു പതിക്കുന്ന മനോഹരമായ ഇടമാണ് മീൻവല്ലം. 45 മീറ്ററോളം ഉയരത്തിൽനിന്നു തട്ടുതട്ടുകളായി വെള്ളം താഴേക്കു പതിക്കുന്ന കാഴ്ച മതിവരാത്തതാണ്.
വെള്ളച്ചാട്ടത്തിന്റെ ഇരന്പലും വനത്തിന്റെ വന്യതയും കൂടിച്ചേരുന്ന ഇടം. നാലു വെള്ളച്ചാട്ടങ്ങളുടെ തുടർച്ചയാണ് മീൻവല്ലം. മൂന്നു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഒരു ചെറുകിട ജലവൈദ്യുത പദ്ധതി ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
ചൈനീസ് മാതൃകയിൽ ചെറുകിട ജലവൈദ്യുത പദ്ധതി നിർമിക്കാൻ ആദ്യം തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലൊന്നായിരുന്നു മീൻവല്ലം. സൈലന്റ് വാലി ദേശീയോദ്യാനത്തോടു ചേർന്നുള്ള വനമേഖലയുടെ ഭാഗമാണ് ഈ പ്രദേശവും.
ഫോട്ടോഗ്രഫിക്കും പ്രകൃതി നടത്തത്തിനും വനകാഴ്ചകൾആസ്വദിക്കുന്നതിനും അവസരം. ട്രെക്കിംഗ് സാധ്യതകളുമുണ്ട്.
വഴി:
മണ്ണാര്ക്കാട്ടുനിന്ന് 26 കിലോമീറ്ററും പാലക്കാടുനിന്ന് 34 കിലോമീറ്ററും ആണ് ഇവിടേക്കുള്ള ദൂരം. കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ കല്ലടിക്കോട് തുപ്പനാട് ജംഗ്ഷനിൽനിന്ന് എട്ടു കിലോമീറ്റർ.
വിനോദസഞ്ചാരികളുടെ പറുദീസയായി മന്ത്രപ്പാറ
ദൃശ്യ മനോഹാരിതയേറിയ മന്ത്രപ്പാറ വ്യൂ പോയിന്റിലേക്ക് വിനോദസഞ്ചാരികളുടെ വരവ് വർധിച്ചു. ഇടുക്കി മെഡിക്കൽ കോളജും ചെറുതോണി, ഇടുക്കി അണക്കെട്ടുകളും വിശാലമായ ജലാശയവുമെല്ലാം ഒരു പോയിന്റിൽനിന്നു കാണാവുന്ന മനോഹരമായ പ്രദേശമാണ് മന്ത്രപ്പാറ.
ജില്ലാ ആസ്ഥാനമായ പൈനാവിന് സമീപമായതിനാലും ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാമെന്നതും സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുകയാണ്. ഏത് വെയിലത്തും കുളിർമ പകരുന്ന ഇളം കാറ്റാണ് മറ്റൊരു പ്രത്യേകത.
നിരപ്പായ പാറയിൽനിന്ന് ജില്ലാ ആസ്ഥാന മേഖലകളെല്ലാം കാണാനാകും. കിലോമീറ്ററുകൾ ദൂരം വരെയുള്ള മൊട്ടക്കുന്നുകളും ടൗണുകളും കൃഷിയിടങ്ങളുമെല്ലാം ഇവിടെ നിന്നാൽ കാണാനാകും. ഇടുക്കി അണക്കെട്ടിലെ നീലത്തടാകം ഏറെ ദൂരം വീക്ഷിക്കാമെന്നതാണ് വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്.
പൈനാവ്താന്നിക്കണ്ടംഅശോക കവല സംസ്ഥാന പാതയിൽ അമൽജ്യോതി സ്കൂളിന് സമീപത്തുനിന്ന് 250 മീറ്ററിൽ താഴെ മാത്രം കാൽനടയായി സഞ്ചരിച്ചാൽ മന്ത്രപ്പാറയിലെത്താം. പാറേമാവിൽ പ്രവർത്തിക്കുന്ന ഇടുക്കി വില്ലേജ് ഓഫീസിന് മുന്നിലുള്ള റോഡിലൂടെയും മന്ത്രപ്പാറയിലെത്താം.
വിനോദസഞ്ചാരികൾക്ക് ഹരമായി മാറിയ മന്ത്രപ്പാറയുടെ ചെരുവിൽ കൈവരികൾ സ്ഥാപിച്ച് സുരക്ഷ ഒരുക്കാൻ അധികൃതർ തയാറാകണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.
കൊടികുത്തിയ OOTY
ജില്ല:
മലപ്പുറം
കാഴ്ച:
പ്രകൃതിദൃശ്യം, വ്യൂ പോയിന്റ്
പ്രത്യേകത:
പുൽമേടുകൾ, തണുപ്പ്
മലപ്പുറം ജില്ലയ്ക്കും ചെറിയ ഒരു ഊട്ടിയുണ്ട്. കുടുംബത്തോടൊപ്പം രസകരമായി സമയം ചെലവഴിക്കാൻ പറ്റിയ പുൽമേടുകൾ നിറഞ്ഞ ഊട്ടി. പെരിന്തൽമണ്ണയ്ക്കു സമീപമുള്ള കൊടികുത്തിമലയാണ് മലപ്പുറത്തെ ഊട്ടി എന്നറിയപ്പെടുന്നത്.
ബ്രിട്ടീഷുകാർ പ്രദേശത്തെ ഉയർന്ന സ്ഥലമായി കണ്ടു പതാക നാട്ടിയതോടെയാണ് കൊടികുത്തിമല എന്ന പേരു വന്നതത്രേ. സമുദ്രനിരപ്പിൽനിന്ന് 522 മീറ്റർ ഉയരം. താഴത്തെ മനോഹരമായ കാഴ്ചകൾ കാണാൻ 1998ൽ മൂന്നു നിലയുള്ള ഒരു ഗോപുരം ഇവിടെ നിർമിച്ചു.
ഏതു സമയത്തും തണുപ്പുള്ള കാലാവസ്ഥ. നവംബർ ഡിസംബർ മാസത്തിൽ കോട ഇറങ്ങുന്നതോടെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി ഇവിടം മാറും. പ്രവേശന കവാടത്തോടു ചേർന്നുള്ള കൗണ്ടറിൽനിന്ന് ടിക്കറ്റ് എടുത്താൽ പിന്നെ ഒന്നര കിലോമീറ്റർ നടന്നുവേണം മുകളിലെത്താൻ.
പ്രകൃതിഭംഗി ആസ്വദിച്ചുള്ള ഈ നടത്തം ഏറെപേരെ ആകർഷിക്കുന്നു. വിശ്രമിക്കാനുള്ള ഇടങ്ങളും മരത്തണലുമൊക്കെയുള്ളതിനാൽ ഈ യാത്ര ആർക്കും മടുക്കില്ല.
യാത്ര: പെരിന്തൽമണ്ണയിൽനിന്നു മേലാറ്റൂർ റോഡിൽ കാര്യാവട്ടത്തുനിന്നു വെട്ടത്തൂർ റോഡ് വഴി ആറു കിലോമീറ്റർ യാത്ര ചെയ്താൽ തേലക്കാട്ടെത്തും. തേലക്കാട്ടുനിന്നു പോബ്സൺ എസ്റ്റേറ്റിനുള്ളിലൂടെയാണ് മലയിലേക്കു റോഡ്.
കരിങ്കല്ലത്താണി റോഡിലെ മാട്ടറക്കലിൽനിന്ന് അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാലും മല മുകളിലെത്താം.
മേഘം തൊട്ടുവിളിക്കും, ദേ അസ്തമയം
ജില്ല:
കോട്ടയം
കാഴ്ച:
പ്രകൃതിഭംഗി, വ്യൂ പോയിന്റ്
പ്രത്യേകത:
ഉദയാസ്തമയ കാഴ്ച
സാധാരണ അസ്തമയത്തിന്റെ ഭംഗി കാണണമെങ്കിൽ കടൽ തീരത്തു ചെല്ലണം. എന്നാൽ, കടലില്ലാത്ത കോട്ടയത്ത് അസ്തമയം വളരെ മനോഹാരിതയോടെ കാണാവുന്ന ഒരു ഇടമുണ്ട്, അയ്യൻപാറ. ഇവിടത്തെ മഞ്ഞിൽ കുതിർന്ന ഉദയക്കാഴ്ചയും മറക്കാനാവില്ല.
പേരു പോലെ പാറക്കൂട്ടങ്ങൾ നിറഞ്ഞ പ്രദേശം. 40 ഏക്കറോളം വിസ്തൃതിയിലാണ് ഇവിടെ പാറ കിടക്കുന്നത്. പാറക്കൂട്ടത്തിൽത്തന്നെ മരങ്ങളും പുൽമേടുകളുമൊക്കെയുണ്ട്. സമുദ്രനിരപ്പിൽനിന്ന് 2000 അടിയിലേറെ ഉയരമുള്ള പ്രദേശം.
ഇവിടെ ഒരു പള്ളിയും അന്പലവുമുണ്ട്. രാവിലെയും വൈകുന്നേരവുമാണ് ഇവിടെ സമയം ചെലവഴിക്കാൻ ഉചിതം. വീശിയടിക്കുന്ന കാറ്റും തലയ്ക്കു തൊട്ടു മുകളിലൂടെ പായുന്ന മേഘങ്ങളും ആരെയും ആകർഷിക്കും.
ഇല്ലിക്കൽ കല്ല്, ഈരാറ്റുപേട്ട ടൗൺ, വല്യച്ചൻ മല, ഇലവീഴാപൂഞ്ചിറ തുടങ്ങിയവയുടെ വിദൂര ദൃശ്യങ്ങൾ ഇവിടെനിന്നാൽ കാണാം.
യാത്ര:
ഈരാറ്റുപേട്ട തീക്കോയിയിൽനിന്നു തലനാട് റോഡിൽ എട്ടു കിലോമീറ്റർ സഞ്ചരിച്ച് അയ്യൻപാറയിലെത്താം. വാഗമൺ, ഇല്ലിക്കക്കല്ല്, ഇലവീഴാപൂഞ്ചിറ സഞ്ചാരികൾക്കു പരിഗണിക്കാവുന്ന ഇടമാണ് അയ്യൻപാറ.
കക്കയം കണ്ടാൽ മതിവരില്ല
ജില്ല:
കോഴിക്കോട്
കാഴ്ച:
ഡാം, പ്രകൃതിഭംഗി
പ്രത്യേകത:
കുടുംബത്തോടൊപ്പം ചെലവഴിക്കാം
കണ്ടാൽ മതിവരാത്ത പ്രകൃതിഭംഗിയുമായി കോഴിക്കോട് ജില്ലയിൽ സഞ്ചാരികളുടെ ഇഷ്ടം നേടുന്ന സ്ഥലമാണ് കക്കയം ഡാം. കുറ്റ്യാടി നദിക്കു കുറെയാണ് ഡാം. ജലാശയങ്ങൾ, പക്ഷികൾ, മൃഗങ്ങൾ, വെള്ളച്ചാട്ടം, ട്രെക്കിംഗ്, വനയാത്ര ഇതൊക്കെ ഇവിടത്തെ പ്രത്യേകതയാണ്.
കുളിക്കാനും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങളുണ്ട്. അണക്കെട്ടിനു ചുറ്റമുള്ള കുറ്റിക്കാടുകളിൽ ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളുണ്ട്. ശരിയായ പ്രകൃതിസൗന്ദര്യം ആസ്വദിക്കണമെങ്കിൽ അണക്കെട്ടിൽ ഒരു ബോട്ടിംഗ് നടത്തണം.
വനങ്ങളുടെ ഭംഗിയും ആന, കാട്ടുപോത്ത്, സാന്പാർ മാൻ, കാട്ടുപോത്ത് തുടങ്ങിയവയുടെ സാന്നിധ്യവുമൊക്കെ ഈ ബോട്ടു യാത്രയിൽ നിങ്ങളെ കാത്തിരിക്കുന്നു. സമീപത്തെ തൂക്കുപാലവും ശ്രദ്ധേയം. സാഹസികരും പ്രകൃതിസ്നേഹികളും ഈ മേഖല ഏറെ ഇഷ്ടപ്പെടും.
മൂടൽമഞ്ഞ് ഇറങ്ങിയാൽ കാഴ്ചകൾ മറയും. ഇന്റർനാഷണൽ യൂണിയൻ ഓഫ് കൺവേർഷൻസ് ഓഫ് നേച്ചർ (IUCN) കക്കയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജൈവ മേഖലകളിൽ ഒന്നായി തെരഞ്ഞെടുത്തിട്ടുണ്ട്.
യാത്ര: നവംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളാണ് ഇവിടെ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. കോഴിക്കോടുനിന്ന് 64 കിലോമീറ്ററാണ് ദൂരം. മൂന്നു വ്യത്യസ്ത റോഡ് റൂട്ടുകളിലൂടെ ഇവിടേക്ക് എത്താം.
കോഴിക്കോട് നഗരത്തിൽനിന്ന് കക്കയത്തേക്കു കാറിലോ ബസിലോ ഏകദേശം 1.5 മണിക്കൂർ യാത്ര ചെയ്യണം. കക്കയം ബസ് സ്റ്റേഷനിൽനിന്ന് 15 കിലോമീറ്റർ അകലെയാണ് ഡാം സൈറ്റ്.
സഞ്ചാരികളേ... ജോഗ് വെള്ളച്ചാട്ടം തുറക്കുന്നു
നവീകരണം പൂർത്തിയായ കർണാടകയിലെ, സ്വപ്നതുല്യമായ ജോഗ് വെള്ളച്ചാട്ടം മേയ് ഒന്നുമുതൽ സന്ദർശകർക്കായി തുറക്കും. പ്രവേശനകവാടത്തിന്റെ നവീകരണമടക്കമുള്ള സമഗ്രവികസനപ്രവൃത്തികൾ ജോഗിൽ പൂർത്തിയായി.
നവീകരണജോലികളുടെ ഭാഗമായി ജനുവരി ഒന്നുമുതൽ മാർച്ച് 15 വരെ പ്രവേശനം ഭാഗികമായി നിയന്ത്രിച്ചിരുന്നു. എന്നാൽ, ഈ കാലയളവിൽ പ്രവൃത്തി പൂർത്തിയാക്കാൻ സാധിച്ചില്ല. തുടർന്ന് സഞ്ചാരികൾക്ക് പൂർണവിലക്ക് ഏർപ്പെടുത്തിയശേഷം നവീകരണം വേഗത്തിൽ പൂർത്തിയാക്കുകയായിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ്, ശാരാവതി നദിയിൽനിന്ന് ഉത്ഭവിച്ചുണ്ടാവുന്ന ജോഗ് വെള്ളച്ചാട്ടം. 253 മീറ്റർ ഉയരത്തിൽനിന്നു പതിക്കുന്ന വെള്ളച്ചാട്ടം ഷിമോഗ ജില്ലയിലാണ്. ആഭ്യന്തരവിദേശ സഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രമാണിത്.
ഓഗസ്റ്റ് ഡിസംബർ മാസങ്ങളിലാണ് ജോഗിലേക്ക് സഞ്ചാരികൾ കൂടുതൽ എത്തുന്നത്.
സഞ്ചാരികൾക്ക് കൗതുകമായി വരയാടിൻ കുഞ്ഞുങ്ങൾ
ഇരവികുളം ദേശീയ ഉദ്യാനത്തിലെ രാജമല സന്ദർശിക്കാനെത്തുന്നവർക്ക് കൗതുകക്കാഴ്ചയായി മാറുകയാണ് സമീപനാളിൽ പിറന്ന വരയാടിൻ കുഞ്ഞുങ്ങൾ. വരയാടുകളുടെ പ്രജനനകാലമായ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഉദ്യാനം അടച്ചിട്ടിരിക്കുകയായിരുന്നു.
പിന്നീട് ഈ മാസം ആദ്യമാണ് തുറന്നത്. കൂട്ടമായി എത്തുന്ന വരയാടിൻ കുഞ്ഞുങ്ങളെ തൊട്ടടുത്ത് കാണാനാവുന്നതിൽ സഞ്ചാരികളും ഏറെ സന്തോഷത്തിലാണ്. കഴിഞ്ഞ ഒരാഴ്ചയായി വരയാടിൻ കുഞ്ഞുങ്ങളെ കാണാൻ ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തിയത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 30,000 സഞ്ചാരികൾ വരയാടുകളെ കണ്ടു മടങ്ങി. ഈ വർഷം പാർക്കിൽ പിറന്ന വരയാടിൻ കുഞ്ഞുങ്ങളുടെ സെൻസസ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.
ഈ വർഷം കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നാണ് നിഗമനം.
വെള്ളച്ചാട്ടങ്ങളുടെ സംസ്ഥാന സമ്മേളനം
ജില്ല:
തൃശൂർ
കാഴ്ച:
കാട്, വെള്ളച്ചാട്ടം
പ്രത്യേകത:
നിരവധി വെള്ളച്ചാട്ടങ്ങൾ
ഒറ്റ പോക്കിൽ ഒരു ലോഡ് വെള്ളച്ചാട്ടങ്ങൾ കാണണമെങ്കിൽ തൃശൂരിലെ മരോട്ടിച്ചാൽ വെള്ളച്ചാട്ടം തേടി പോയാൽ മതി. തൃശൂർ നഗരത്തിൽനിന്ന് ഇരുപതു കിലോമീറ്ററോളം അകലെയാണ് മരോട്ടിച്ചാൽ വെള്ളച്ചാട്ടം.
ചെറുതും വലുതുമായ നിരവധി വെള്ളച്ചാട്ടങ്ങൾ ഒറ്റ യാത്രയിൽ കാണമെന്നതാണ് ഇതിന്റെ ആകർഷണം. പക്ഷേ, അത്ര എളുപ്പത്തിൽ പ്രധാന വെള്ളച്ചാട്ടത്തിനു സമീപമെത്താൻ കഴിയില്ല.
നാലു കിലോമീറ്ററോളം കാട്ടിലൂടെ സഞ്ചരിക്കണം. എന്നാൽ, സാഹസികത ഇഷ്ടമെങ്കിൽ ഈ യാത്ര നിങ്ങളെ ബോറടിപ്പിക്കില്ല. കാരണം പോകുന്ന വഴികളിലെല്ലാം ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങൾ കാണാം.
പ്രധാന വെള്ളച്ചാട്ടത്തിലേക്കു യാത്ര ദുഷ്കരമായതിനാൽ കുടുംബമായി എത്തുന്ന പലരും ഈ ചെറു വെള്ളച്ചാട്ടങ്ങൾ കണ്ടു തൃപ്തി അടയുകയാണ് പതിവ്. ഓലക്കയം, ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടങ്ങൾ ഈ പാതയിലുണ്ട്.
നാട്ടുകാർ കുത്ത് എന്നു വിളിക്കുന്ന പ്രധാന വെള്ളച്ചാട്ടം കാടിനു നടുവിൽ നിൽക്കുന്ന അപ്സരസിനെപ്പോലെ തോന്നിക്കും. വെള്ളച്ചാട്ടത്തിനു സമീപത്തെ പാറക്കെട്ടിൽ നിന്നാൽ കാടും വെള്ളച്ചാട്ടവും ഇരുവശത്തുമായി കാണാം. വെള്ളം താഴേക്കു ചാടുന്ന ഭാഗത്തും സഞ്ചാരികൾക്ക് എത്താൻ കഴിയും.
സീസൺ: മരോട്ടിച്ചാൽ വെള്ളച്ചാട്ടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായത് സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയാണ്. മാർച്ച് മുതൽ മേയ് വരെ വെള്ളച്ചാട്ടങ്ങൾ വരണ്ടു പോകും. അതേസമയം, കനത്ത മഴയുള്ള ജൂൺ, ജൂലൈ മാസങ്ങൾ ഈ സ്ഥലം സന്ദർശിക്കാൻ അത്ര ഉചിതമല്ല.
അതുപോലെ വേനൽക്കാലത്ത് ഇലഞ്ഞിപ്പാറയിൽ കാട്ടാനക്കൂട്ടം വരാൻ സാധ്യതയുള്ളതിനാൽ സംഘമായി ഇവിടേക്കു പോകുന്നതാണ് സുരക്ഷിതം.
സഞ്ചാരികളെ... കാരികാട് ടോപ്പില് ഗ്ലാസ് ടവറും പാര്ക്കും വരുന്നു
സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ വാഗമണ്ണിലേക്കുള്ള വഴിയില് തീക്കോയി കാരികാട് ടോപ്പില് ഗ്ലാസ് ടവര് വരുന്നു. മൂന്നാറിലും വാഗമണിലും പാര്ക്ക് ഉള്പ്പെടെ നടത്തുന്ന ഗ്രീന് വോക്ക് എന്ന സ്വകാര്യ സംരംഭമാണ് ജില്ലാ ടൂറിസം പ്രമോഷന് കൗണ്സിലിന്റെ സഹായത്തോടെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഗ്ലാസ് ടവറും പാര്ക്കും ഒരുക്കുന്നത്.
25 അടി ഉയരമുള്ള ഗ്ലാസ് ടവറില് ഒരേ സമയം 100 പേര്ക്ക് കയറി നില്ക്കാം. ചെങ്കുത്തായ ചെരിവിലൂടെ കോടമഞ്ഞിനിടയിലൂടെ വാഹനങ്ങള് കയറിവരുന്നതും താഴ്വാരങ്ങളുടെയും മലമടക്കുകളുടെയും വിദൂര ദൃശ്യവും ഇവിടെ നിന്നാല് കാണാം.
മനസിനും ശരീരത്തിനും കുളിരേകി കാറ്റില് പറന്നെത്തുന്ന കോടമഞ്ഞും കാഴ്ചക്കാര്ക്ക് നവ്യാനുഭൂതി പകരും. ഈരാറ്റുപേട്ട, പാലാ, കോട്ടയം ഭാഗങ്ങളും കൊച്ചി റിഫൈനറിയും ഇവിടെ നിന്നാല് കാണം.
ഇതു കൂടാതെ ഫെറാറി വീല്, നാലു പേരുള്പ്പെടുന്ന ഒരു ഫാമിലിക്ക് പോകാന് പറ്റുന്ന രീതിയിലുള്ള റോപ് റൈഡര് കാര്, സെല്ഫി, ഫോട്ടോ പോയിന്റുകള്, വിവിധ റൈഡുകള് ഉള്പ്പെടുത്തിയുള്ള കുട്ടികളുടെ പാര്ക്ക്, വിശ്രമ കേന്ദ്രം, ടോയ്ലറ്റ് സമുച്ചയം, കോഫിസ്നാക്സ് പാര്ലര് എന്നിവ ഉള്പ്പെടുന്നതാണ് പ്രോജക്ട്. നിര്മാണ പ്രവര്ത്തനങ്ങള് ആരംഭിച്ചുകഴിഞ്ഞു.
ഓണത്തോടെ പാര്ക്കും ടവറും പൂര്ത്തിയാക്കാനാണ് അധികൃതരുടെ ശ്രമം. കാരികാട് ടോപ്പില് മൂന്നു നിലകളിലായി നിര്മിക്കുന്ന വാച്ച് ടവറിന്റെ നിര്മാണം ഇതുവരെ പൂര്ത്തിയായിട്ടില്ല. തീക്കോയി പഞ്ചായത്ത് നല്കിയ സ്ഥലത്ത് എംഎല്എ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് വാച്ച് ടവര് നിര്മിച്ചത്.
അടുത്തനാളില് 10 ലക്ഷം രൂപ കൂടി ടൂറിസം വകുപ്പ് നിര്മാണ പരവര്ത്തനങ്ങള്ക്കായി അനുവദിച്ചിട്ടുണ്ട്. നിര്മാണം പൂര്ത്തിയാക്കി ഡിടിപിസിയെ വാച്ച് ടവര് ഏല്പ്പിക്കാനാണ് പദ്ധതി.
വാഗമണ് യാത്രയില് യാത്രക്കാര് കാഴ്ചകള് കാണുന്നതിനും കാപ്പി കുടിക്കുന്നതിനും വിശ്രമിക്കുന്നതിനുമായി വാഹനങ്ങള് നിര്ത്തുന്ന സ്ഥലമാണ് കാരികാട് ടോപ്പ്.
ഒറ്റ സ്ഥലം, രണ്ടു വെള്ളച്ചാട്ടം
ജില്ല:
വയനാട്
കാഴ്ച:
വെള്ളച്ചാട്ടം
പ്രത്യേകത:
പ്രകൃതിദൃശ്യം
വയനാട്ടിലെ പ്രധാന വെള്ളച്ചാട്ടമാണ് സൂചിപ്പാറ വെള്ളച്ചാട്ടം. സൂചിപ്പാറയിൽനിന്നു നോക്കിയാൽ ഒരു വെള്ളിനൂൽ പോലെ അകലെ കാണുന്ന ഒരു കാഴ്ചയുണ്ട്. അതാണ് കാന്തൻപാറ വെള്ളച്ചാട്ടം.
സൂചിപ്പാറയുടെ അത്രയും പ്രതാപം ഇല്ലെങ്കിലും പച്ചപുതച്ച സുന്ദരമായ സ്ഥലം. ഏതാണ്ട് 30 മീറ്റർ ഉയരത്തിൽനിന്നാണ് വെള്ളം വീഴുന്നത്. രണ്ടു പടികളിലായിട്ടാണ് വെള്ളത്തിന്റെ ചാട്ടം.
അതുകൊണ്ട് ഒറ്റനോട്ടത്തിൽ രണ്ടു വെള്ളച്ചാട്ടം കാണാമെന്നതാണ് ഇവിടത്തെ ഒരു പ്രത്യേകത. പല വെള്ളച്ചാട്ടങ്ങളും പ്രധാന റോഡുകളിൽനിന്ന് ഏറെ ഉള്ളിലേക്കു മാറി സ്ഥിതി ചെയ്യുന്പോൾ പ്രധാന നിരത്തിൽനിന്ന് എളുപ്പം നടന്ന് എത്താവുന്ന സ്ഥലമാണ് കാന്തൻപാറ.
അതുകൊണ്ടുതന്നെ കുടുംബവും കൂട്ടുകാരുമൊത്തു സമയം ചെലവഴിക്കാൻ പറ്റിയ ഇടം. ക്യാന്പിംഗ്, ട്രെക്കിംഗ്, നീന്തൽ എന്നിവയ്ക്കു സാധ്യതയുള്ള പരിസരമാണ് കാന്തൻപാറ വെള്ളച്ചാട്ടത്തിന്റേത്.
മേപ്പാടിയിൽനിന്ന് എട്ടു കിലോമീറ്ററും കൽപ്പറ്റയിൽനിന്ന് 20 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്നു. സുൽത്താൻ ബത്തേരിയിൽനിന്ന് 23 കിലോമീറ്റർ ദൂരം.
മലകൾ കോട്ട കെട്ടിയ കോട്ടത്താവളം
ജില്ല:
കോട്ടയം
കാഴ്ച:
വെള്ളച്ചാട്ടം, പ്രകൃതിദൃശ്യം
പ്രത്യേകത:
വ്യൂ പോയിന്റ്
വാഗമൺ എല്ലാവരും പോകുന്ന സ്ഥലമാണെങ്കിലും ആ പാതയ്ക്കു സമീപമുള്ള കോട്ടത്താവളം ഇനിയും ഏറെപ്പേർ കണ്ടിട്ടില്ല. മനോഹരമായ വെള്ളച്ചാട്ടവും വ്യൂ പോയിന്റും മഞ്ഞണിഞ്ഞ കാലാവസ്ഥയുമെല്ലാം ചേർന്ന് അതിമനോഹരമായ സ്ഥലം.
മലകൾ കോട്ട കെട്ടിയതുപോലെ. പേരു കിട്ടാൻ മറ്റൊരു ചരിത്രകാരണമുണ്ട്. 900 വർഷം മുമ്പ് ചോള രാജാവിനോടു യുദ്ധത്തിൽ പരാജയപ്പെട്ട് മധുരയിൽനിന്നു രക്ഷപ്പെട്ടുപോന്ന പൂഞ്ഞാർ രാജാവും പരിവാരങ്ങളും ഒളിവിൽ തങ്ങിയ സ്ഥലമാണിതെന്നു പറയുന്നു. രാജാവും പരിവാരങ്ങളും തമിഴ്നാട്ടിലേക്കു യാത്ര ചെയ്യുന്പോൾ വിശ്രമിച്ചിരുന്ന സ്ഥലമാണെന്ന കഥയുമുണ്ട്.
മലമടക്കിൽനിന്നു പതഞ്ഞൊഴുകുന്ന നീരുറവ ആരുടെയും മനംകവരും. മീനച്ചിലാറിന്റെ തുടക്കം ഇവിടെനിന്നാണ്. വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നാൽ ജില്ലയിലെ പല പ്രദേശങ്ങളും കാണാം. വാഗമൺ കുരിശുമലയിൽനിന്നു കാൽനടയായി ഇവിടേക്ക് എത്താം. ആ വഴിയിൽ ചെറുവെള്ളച്ചാട്ടങ്ങളുമുണ്ട്.
യാത്ര: പൂഞ്ഞാർ അടിവാരത്തുനിന്നു മൂന്നു കിലോമീറ്റര് ജീപ്പില് സഞ്ചരിച്ചും പിന്നീട് അര കിലോമീറ്റര് നടന്നും വേണം വെള്ളച്ചാട്ടത്തിനു സമീപമെത്താൻ. കോട്ടയത്തുനിന്ന് ഏകദേശം 70 കിലോമീറ്റർ ദൂരം. ഇനി വാഗമൺ യാത്രയിൽ ഇവിടവും കണ്ടുമടങ്ങാം.
ഉഗ്രനാണ് ഉരക്കൻപാറ!
ജില്ല:
പത്തനംതിട്ട
കാഴ്ച:
വെള്ളച്ചാട്ടം
പ്രത്യേകത:
വനഭംഗി, ട്രെക്കിംഗ്
സഞ്ചാരികളുടെ ശ്രദ്ധയിലേക്ക് ഇനിയും അധികം എത്തിത്തുടങ്ങിയിട്ടില്ലാത്ത പത്തനംതിട്ടയിലെ സുന്ദരമായ വെള്ളച്ചാട്ടമാണ് ഉരക്കൻപാറ വെള്ളച്ചാട്ടം. കാടിനു നടുവിലാണ് ഈ മനോഹര കാഴ്ച. നഗരത്തിന്റെ തിരക്കിൽനിന്നൊഴിഞ്ഞ് ഏതാനും മണിക്കൂർ ചെലവിടണമെന്നുള്ളവർക്ക് ഉരക്കൻപാറ നല്ലൊരു ലൊക്കേഷൻ ആണ്.
കലർപ്പില്ലാത്ത പ്രകൃതിയെ അടുത്തറിയാം. തട്ടുകളായി വെള്ളം ഒഴുകിയിറങ്ങുന്ന ദൃശ്യം മനം കവരും. ചെരിഞ്ഞുകിടക്കുന്ന പാറക്കെട്ടിലൂടെ താഴേക്ക് വെള്ളത്തിനൊപ്പം നിരങ്ങിയിറങ്ങി ആസ്വദിക്കുന്നവരുമുണ്ട്.
ട്രെക്കിംഗ്: വെള്ളച്ചാട്ടം മാത്രമല്ല, ചുറ്റുമുള്ള വനഭംഗിയും പാറക്കെട്ടുകളും മറ്റൊരു കാഴ്ചയാണ്. ട്രെക്കിംഗ് നടത്താനുള്ള നിരവധി സാധ്യതകൾ ഇവിടെയുണ്ട്. അതേസമയം, പാറക്കെട്ടുകളിൽ സഞ്ചരിക്കുന്നതിന് അതീവ ശ്രദ്ധയും ജാഗ്രതയും വേണം. ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് വെള്ളച്ചാട്ടം സജീവമായുള്ളത്.
വഴി: പത്തനംതിട്ടയിൽനിന്ന് 29 കിലോമീറ്റർ ദൂരം. മല്ലപ്പള്ളി താലൂക്കിലെ കോട്ടാങ്ങലിനു സമീപമാണ് വെള്ളച്ചാട്ടത്തിന്റെ സ്ഥാനം. കോട്ടാങ്ങൽ ചെമ്പിലാക്കൽ പാലത്തിനു സമീപത്തുനിന്നു വലത്തേക്കു തിരിഞ്ഞ് അരക്കിലോമീറ്റർ സഞ്ചരിച്ചാൽ ഉരക്കൻപാറയിലെത്താം.
ഇരുപതു കിലോമീറ്റർ അകലെയാണ് റാന്നി. കോട്ടാങ്ങലിലേക്ക് ഏതാനും ബസുകൾ ഉണ്ടെങ്കിലും സ്വകാര്യ വാഹനങ്ങളിൽ എത്തുന്നതാണ് കൂടുതൽ സൗകര്യപ്രദം.
ADVERTISEMENT
ADVERTISEMENT
LATEST NEWS
യുപിയിൽ ബധിരയും മൂകയുമായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു
ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്; അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തും
ഗോഡ്സെയുടെ പിൻഗാമികളിൽ നിന്നും ഭീഷണി; ജീവൻ അപകടത്തിലെന്ന് രാഹുൽ ഗാന്ധി
ശ്വേതാ മേനോനെതിരായ പരാതിയിലെ ഗൂഢാലോചന അന്വേഷിക്കണം; ഹൈക്കോടതിയിൽ ഹർജി
പെട്രോള് പമ്പിലെ ശുചിമുറി എല്ലാവര്ക്കും തുറന്നുകൊടുക്കണം; ഹൈക്കോടതി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
Latest News
Local News
Back
Local News
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Kerala
National
International
Business
Sports
Obituary
Editorial
Leader Page
NRI
Back
NRI
GULF EDITION
AMERICAS
Europe
Australia & Oceania
Middle East & Gulf
Delhi
Banglore
Health
Back
Health
Family Health
Fitness
Ayurveda
Women's Corner
Doctor Speaks
Sex
University News
Samskarikam
Back
Samskarikam
Short Story
Article
Poetry
Book Review
Movies
Career
Travel
Agri
Book Review
TODAYS STORY
Special Feature
Special News
Charity News
Tax News
Religion
Cartoon
Maveli Nadu
Jeevitha Vijayam
Daily Quiz
Smart Student
Out of Range
Videos
Shorts
Viral
Back
Viral
Viral
Kauthukam
Special
Video
Letters
Responses
Trade Rate
Exchange Rate
Technology
Auto Spot
E-Shopping
Allied Publications
E-Paper
RASHTRA DEEPIKA
SUNDAY DEEPIKA
Back
SUNDAY DEEPIKA
Sunday Special
Vayanasala
Chintavishayam
Kauthukam
Feature
Family Vision
Special News
Youth Special
STHREEDHANAM
CAREER DEEPIKA
Chocolate
Student Reporter
Smart Student
English Edition
Deepika Matrimony
Deepika Calendar
Online Advertising
Classifieds
Back Issues
Court Notice
RDLERP
About Us
Send Your Greetings
Stringer Login
Follow
Today's E-paper
Read Now
©2025 Deepika. All Rights Reserved
Powered by
RASHTRA DEEPIKA LTD