സിപിഎമ്മിന് തലവേദനയായി കാരയിലെ പ്രശ്നങ്ങൾ; പയ്യന്നൂരിൽ ഇടപെടാൻ എം.വി. ഗോവിന്ദൻ
1452896
Friday, September 13, 2024 1:30 AM IST
കണ്ണൂർ: പയ്യന്നൂർ നോർത്ത് ലോക്കലിലെ കാര പ്രദേശത്തെ മൂന്നു ബ്രാഞ്ച് സമ്മേളനങ്ങൾ സിപിഎമ്മിന് തലവേദനയാകുന്നു. പ്രശ്നപരിഹാരത്തിനായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പയ്യന്നൂരിലെത്തും. കഴിഞ്ഞ പുതുവത്സരാഘോഷങ്ങൾക്കിടയിൽ കാര പ്രദേശത്ത് വടിവാൾ വീശി അക്രമം നടത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഉടലെടുത്ത പ്രശ്നങ്ങൾ ഇപ്പോഴും പുകയുകയാണ്.
ഡിവൈഎഫ്ഐ പയ്യന്നൂർ മേഖലാ ഭാരവാഹിയുടെ നേതൃത്വത്തിലുള്ള ഡിവൈഎഫ്ഐ പ്രവർത്തകരും സിപിഎം അംഗങ്ങളുമായ നാലുപേരുമാണ് പ്രദേശത്ത് അക്രമം അഴിവിട്ടത്. ശക്തമായ പ്രതിഷേധമുയർന്ന ഈ സംഭവത്തിന് പരിഹാരം കാണാനാകാതെ വന്നപ്പോൾ പ്രദേശവാസികൾ എം.വി. ഗോവിന്ദനെ കണ്ട് വിവരങ്ങൾ ധരിപ്പിക്കുകയും പ്രശ്നപരിഹാരം കാണമെന്ന് കീഴ്ഘടകത്തോട് അദ്ദേഹം നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ആശാവഹമായ നടപടി കാണാത്തതിനെ തുടർന്നാണ് പ്രദേശത്തെ ബ്രാഞ്ച് സമ്മേളനങ്ങൾ ബഹിഷ്കരിക്കുന്ന സാഹചര്യമുണ്ടായത്. ഇതിനിടെ പ്രശ്നങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിക്ക് റൂറൽ ബാങ്കിൽ നിയമനം നൽകാനുള്ള നീക്കവുമുണ്ടായി.
റാങ്ക് ലിസ്റ്റിൽ ഇയാളുടെ പേരുണ്ടെന്നാണ് സൂചന. ഇതെല്ലാം അനുനയ ശ്രമങ്ങൾ വിഫലമാക്കി പ്രതിഷേധത്തിന്റെ ആക്കം വർധിപ്പിക്കുകയായിരുന്നു. വിഷയം മറ്റു ബ്രാഞ്ചുകളിൽ കൂടി ആളിപ്പടരുന്ന സാഹചര്യമുണ്ടായതോടെയാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഈ വിഷയത്തിൽ നേരിട്ടിടപെടാനുള്ള സാഹചര്യമൊരുക്കിയതെന്നാണ് സൂചന.മാത്രമല്ല ഗോവിന്ദൻ തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തിൽ കാര വിഷയത്തെ അപലപിച്ച് സംസാരിച്ചതും ശ്രദ്ധേയമായിരുന്നു.