ഓണത്തിനു മുന്പുള്ള അവസാനത്തെ ഞായർ, നഗരം തിരക്കിലമർന്നു
1451790
Monday, September 9, 2024 1:10 AM IST
സ്വന്തം ലേഖകൻ
തൃശൂർ: ഓണത്തിനു മുന്പുള്ള അവസാന ഞായറാഴ്ച വൻ തിരക്കിലമർന്ന് നഗരം. ഉത്രാടപ്പാച്ചിലിന്റെ സാന്പിൾ ആയിരുന്നു ഇന്നലെ. ഇന്നലെ രാവിലെമുതൽതന്നെ നഗരത്തിലേക്ക്, ഓണവിപണിയിലേക്ക് ആളുകൾ എത്തിക്കൊണ്ടിരുന്നു.
തിരുവോണത്തിന് ഒരാഴ്ച മാത്രം അവശേഷിക്കെ ഓണവിഭവങ്ങൾ ഒരുക്കാനുള്ള തിരക്കിലായിരുന്നു ഏവരും. ഇടയ്ക്കിടെപെയ്ത മഴ ഓണക്കച്ചവടത്തെ അല്പം പ്രതികൂലമായി ബാധിച്ചെങ്കിലും പെട്ടെന്ന് മഴ മാറി വെയിൽ വന്നതോടെ ഉഷാറായി.
ഓണം സൂപ്പർമാർക്കറ്റായി
തേക്കിൻകാട്
എല്ലാ തവണത്തെയും പോലെ ഇക്കുറിയും തേക്കിൻകാട് മൈതാനം ഓണം സൂപ്പർമാർക്കറ്റായി മാറി. ഓണത്തിനുള്ള ഒട്ടുമിക്ക വിഭവങ്ങളും തേക്കിൻകാട് മൈതാനത്തുകിട്ടും. മണ്പാത്രങ്ങൾ, തൃക്കാക്കരയപ്പന്റെ മണ്ണിലും മരത്തിലുമുള്ള പ്രതിമകൾ, ഒറിജിനലും ഒറിജിനലിനെ വെല്ലുന്നതുമായ പൂക്കൾ, ഓണക്കോടികൾ, കായ ഉപ്പേരി തുടങ്ങി ഓണത്തിനുവേണ്ടതെല്ലാം തേക്കിൻകാട്ടിലുണ്ട്.
കുടമാറ്റക്കാഴ്ചകൾ നിറയാനുള്ള തെക്കേഗോപുരനടയിലാണ് കൂടുതൽ കച്ചവടക്കാർ തന്പടിച്ചത്. പൊന്നോണത്തിന്റെ വഴിവാണിഭം ഇനിയുള്ള ദിവസങ്ങളിലും കൊട്ടിക്കയറുമെന്നാണു കച്ചവടക്കാരുടെയും പ്രതീക്ഷ.
പൂത്തുലഞ്ഞു പൂവിപണി
ഓണവിപണിയിൽ പൂക്കൾക്ക് ഇന്നലെ ആവശ്യക്കാർ കൂടുതലായിരുന്നു. ഓണം പർച്ചേസിന് നഗരത്തിലെത്തിയ പലരും എക്സിബിഷൻ ഗ്രൗണ്ടിലും പരിസരങ്ങളിലുമുള്ള പൂക്കച്ചവടക്കാരിൽനിന്ന് പൂക്കളുടെ കിറ്റുകൾ വാങ്ങിയാണു മടങ്ങിയത്. മഴ ഭീഷണി ആകുന്നുണ്ടെങ്കിലും തുടർച്ചയായി തിമർത്തുപെയ്യാത്തത് ആശ്വാസം പകരുന്നുണ്ടെന്ന് പൂക്കച്ചവടക്കാർ പറഞ്ഞു. ഇക്കുറി തിരക്ക് കുറവാണെങ്കിലും 12, 13 തീയതികളിൽ പൂവിന് കച്ചവടം കൂടുമെന്ന് പ്രതീക്ഷയിലാണ് ഇവർ. അന്നാണ് സ്കൂളുകളും കോളജുകളും ഓണം അവധിക്കായി അടയ്ക്കുന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾ വേണ്ടെന്നു വച്ചിട്ടുണ്ടെങ്കിലും മിക്കയിടത്തും ചെറിയതോതിൽ ആഘോഷങ്ങൾ എല്ലാവരും സംഘടിപ്പിക്കുന്നുണ്ട്.
തുണിക്കടകളിൽ
തിരക്കിന്റെ മേളം
ഇന്നലെ നഗരത്തിലെ ചില തുണിക്കടകളിൽ അകത്തേക്കുകടക്കാൻപോലും ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലായിരുന്നു തിക്കും തിരക്കും. നഗരത്തിലെ ചെറുതും വലുതുമായ സകല തുണിക്കടകൾക്കും ഇന്നലെ ഓണക്കൊയ്ത്തായിരുന്നു. കൂടുതൽ ഓഫറും ഡിസ്കൗണ്ടുകളം തേടി ആളുകൾ കടകൾ മാറിമാറി കയറിയിറങ്ങി. മികച്ച കച്ചവടമുണ്ടെന്നു വഴിയോരത്തെ കച്ചവടക്കാരും പറഞ്ഞു.
ഫുട്പാത്തിലും വരി
സാധാരണ ഞായറാഴ്ചകളിൽ അടച്ചിടാറുള്ള പല വ്യാപാര സ്ഥാപനങ്ങളും ഓണക്കാലം ആയതുകൊണ്ട് ഇന്നലെ മുടക്കിയില്ല. ആ കടകളിലേക്കുള്ള തിരക്കും ഫുട്പാത്ത് കച്ചവടക്കാരും ഓണം വീട്ടിലെത്തിക്കാൻ നഗരത്തിലെത്തിയ ആൾക്കൂട്ടവും എല്ലാം കൂടി ചേർന്നതോടെ നഗരത്തിലെ ഫുട്പാത്തുകൾ, പ്രത്യേകിച്ച് എം ഒ റോഡിലെ ഫുട്പാത്തുകൾ ആളുകളെക്കൊണ്ട് നിറഞ്ഞു. മുന്നോട്ട് തിരക്കി നീങ്ങാൻപോലും പറ്റാത്ത സ്ഥിതി.
ഗതാഗതക്കുരുക്ക് പറയാനില്ല
ഓണത്തിരക്ക് കൂടിവരുന്നതനുസരിച്ച് നഗരത്തിലും പരിസരങ്ങളിലും ഗതാഗതക്കുരുക്കും അതി രൂക്ഷമാകുകയാണ്. റോഡുകൾ പലതും പൊട്ടിപ്പൊളിഞ്ഞ് ശോചനീയാവസ്ഥയിലായതും പ്രശ്നമാണ്. കഴിഞ്ഞദിവസം എംജി റോഡിലേക്കു പ്രവേശിക്കുന്നതു പോലീസിനു തടയേണ്ടിവന്നു. ഇതോടെ ഇടറോഡുകളും ഞെരുങ്ങി.