മന്ത്രിയാണെന്ന കാര്യം കെ. കൃഷ്ണൻകുട്ടി മറന്നു: സുമേഷ് അച്യുതൻ
1452859
Friday, September 13, 2024 1:30 AM IST
ചിറ്റൂർ: കേരളത്തിലെ മന്ത്രിസഭാംഗമാണെന്ന കാര്യം കെ. കൃഷ്ണൻകുട്ടി ബോധപൂർവം മറക്കുന്നതായി ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ.
പറമ്പിക്കുളം-ആളിയാർ കരാറിൽ നിന്നും അർഹതപ്പെട്ട വെള്ളം ലഭിക്കാൻ കേരളം ഉണർന്നു പ്രവർത്തിക്കണമെന്ന് കിസാൻ സഭാ സമ്മേളനത്തിൽ കെ.കൃഷ്ണൻകുട്ടി ആഹ്വാനം ചെയ്തിരുന്നു.
ആറുവർഷത്തോളം മന്ത്രിസഭാംഗമായിരുന്ന വ്യക്തിയുടെ കഴിവുകേട് അദ്ദേഹംതന്നെ വിളിച്ചു പറഞ്ഞ് അപഹാസ്യനാകുകയാണ്.
കഴിഞ്ഞ ജലവർഷത്തിൽ കേരളത്തിന് അർഹതപ്പെട്ട 1.5 ടിഎംസി വെള്ളം ലഭിക്കാത്തതിന് കേരള സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ കാലത്ത് ഇതുപോലുള്ള അവസരങ്ങളിൽ കോടതിയിൽ കേസിന് പോയിരുന്നു.
അന്ന് വെള്ളം ലഭിക്കാത്തത് അഴിമതി മൂലമാണെന്നാണ് കൃഷ്ണൻകുട്ടി പ്രചരിപ്പിച്ചത്. ഇപ്പോൾ വെള്ളം ലഭിക്കാത്തതിന് നടപടി എടുക്കാത്തത് അഴിമതിപ്പണം കൈപ്പറ്റിയതു കൊണ്ടാണോയെന്ന് കൃഷ്ണൻകുട്ടി വ്യക്തമാക്കണം. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് താൻ ജയിച്ചാൽ ആറു മാസത്തിനകം പറമ്പിക്കുളം-ആളിയാർ കരാർ പുതുക്കുമെന്ന അവകാശവാദം കൃഷ്ണൻകുട്ടി നടത്തിയിരുന്നു.
ഇപ്പോൾ ഇതേക്കുറിച്ച് മിണ്ടാത്തത് മുഖ്യമന്ത്രിയെ ഭയന്നിട്ടാണോയെന്നും സുമേഷ് അച്യുതൻ ചോദിച്ചു.