കേച്ചേരിയിൽ നാട്ടുകാർ ബസ് തടഞ്ഞു
1452088
Tuesday, September 10, 2024 1:46 AM IST
സ്വന്തം ലേഖകൻ
കേച്ചേരി: എൻജിനീയറിംഗ് കോളജ് വിദ്യാർഥി ബസിടിച്ച് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാർ കേച്ചേരിയിൽ ബസ് തടഞ്ഞു.
അമിത വേഗത്തിലെത്തിയ ജോണീസ് എന്ന സ്വകാര്യ ബസിടിച്ച് കഴിഞ്ഞ ദിവസമാണ് ചിറ്റിലപ്പിള്ളി ഐ ഇ എസ് എൻജിനീയറിംഗ് കോളജിലെ ബിടെക് അഞ്ചാം സെമസ്റ്റർ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയു കേച്ചേരി മണലിരായ്മരയ്ക്കാർ വീട്ടിൽ ഷെമീറിന്റെ മകനുമായ അഫ്താബ് (20)മരിച്ചത്. അഫ്താബിന്റെ ഇരുപതാം ജൻമദിനമായ ശനിയാഴ്ചയായിരുന്നു അപകടം. ഒരേ ദിശയിൽ പോയിരുന്ന ബൈക്കിൽ ലിമിറ്റഡ് സ്റ്റോപ്പ് സ്വകാര്യ ബസ് തട്ടുകയായിരുന്നു.
അഫ്താബിന്റെ മരണത്തിനിടയാക്കിയ ജോണീസ് ബസുകൾ നാട്ടുകാർ കേച്ചേരിയിൽ തടഞ്ഞിടുകയായിരുന്നു. അഫ്താബിന്റെ മരണത്തിനിടയാക്കിയ ജോണീസ് ബസിലെ ഡ്രൈവർക്കെതിരെ കൊലക്കുറ്റം ചുമത്തുക, തൃശൂർ-കുന്നംകുളം റൂട്ടിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സി.സി.ശ്രീകുമാർ, ധനീഷ് മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിലാണ് ബസുകൾ തടഞ്ഞത്. ഏറെനേരം ബസ് തടഞ്ഞതോടെ കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി 14 പേരെ കസ്റ്റഡിയിലെടുത്തു.
ഇവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കേച്ചേരി സെന്ററിൽ പ്രതിഷേധ പ്രകടനവും നടന്നു. സംഘർഷസാധ്യത കണക്കിലെടുത്ത് കുന്നംകുളം അഡിഷണൽ സബ് ഇൻസ്പെക്ടർമാരായ ജോസ്, ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.