ഒടുവില്‍ കടയ്ക്കുമുന്നില്‍ വലകെട്ടി വ്യാപാരി
1452083
Tuesday, September 10, 2024 1:46 AM IST
ഇരിങ്ങാലക്കുട: കണ്ണുതുറന്നു കാണണം അധികൃതരേ... ഈ വ്യാപാരിയുടെ ദുരിതം. ഇനി പരാതി പറയാന്‍ ആരുമില്ല, അവസാനം സഹികെട്ട് കടയ്ക്കുമുന്നില്‍ വലകെട്ടി.
സ്വന്തം സ്ഥലത്തു മികച്ച രീതിയില്‍ കട നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത ഒരു വ്യാപാരിയുടെ ദുരനുഭവമാണിത്. തകര്‍ന്നു തരിപ്പണമായ റോഡില്‍ കുണ്ടും കുഴിയും രൂപപ്പെട്ടു. മഴപെയ്തതോടെ കുഴികളില്‍ വെള്ളം കെട്ടിനില്ക്കുകയും ഇതോടെ ഈ കുഴികള്‍ വലുതാകുകയും പലകുഴികളും വലിയ ഗര്‍ത്തങ്ങളായി മാറുകയും ചെയ്തു. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നഗരസഭ അധികൃതര്‍ ഈ കുഴികളില്‍ ക്വാറിവേസ്റ്റും മറ്റും ഇട്ടു. എന്നാല്‍, മഴപെയ്തതോടെ ഈ ക്വാാറിവേസ്റ്റിനോടൊപ്പമണ്ടായിരുന്ന മണ്ണ് ഒലിച്ചുപോകുകയും ചെറിയ കല്ലുകള്‍ മാത്രമായി ഈ കുഴികളില്‍ അവശേഷിച്ചു. ഇതോടെ വീണ്ടും റോഡാകെ ചെളിയും കുണ്ടും കുഴിയുമായി.
ബസുകളടക്കം നൂറികണക്കിനു വാഹനങ്ങള്‍ പോകുന്ന റോഡാണിത്. ഈ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ടയറുകളില്‍ തെന്നി തെറിക്കുന്ന കല്ലുകള്‍ കടയുടെ ഗ്ലാസുകളില്‍ വന്നുവീഴുന്നതു പതിവായി. ഗ്ലാസിന് തകരാറ് സംഭവിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം സംഭവിച്ചത്. നഗരസഭ അധികൃതരെ കാര്യം ധരിപ്പിച്ചപ്പോള്‍ പൊതുമരാമത്ത് വകുപ്പിനെ അറിയിക്കുവാന്‍ നിര്‍ദേശിച്ചു. പൊതുമരാമത്ത് വകുപ്പ് അധികൃതരാകട്ടെ അറിഞ്ഞ മട്ടില്ല. ഫലമില്ലാതായതോടെ കടയ്ക്കുമുന്നില്‍ ഉടമ വലകെട്ടുകയായിരുന്നു.