ഭൂവിനിയോഗത്തിന് ജനപ്രതിനിധികളുമായി ആലോചിച്ച് മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കും: കളക്ടര്‍
1452905
Friday, September 13, 2024 1:31 AM IST
കാസര്‍ഗോഡ്: ജില്ലയുടെ സമഗ്ര വികസനത്തിനായുള്ള സര്‍ക്കാര്‍-സ്വകാര്യ ഭൂമി വിനിയോഗത്തിന് ജനപ്രതിനിധികളുമായി ആലോചിച്ച് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നത് പരിഗണിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ നേതൃത്വം നല്കുന്ന നമ്മുടെ കാസര്‍ഗോഡ് മുഖാമുഖം പരിപാടിയുടെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ചേര്‍ന്നു സിറ്റി ടവര്‍ ഹാളില്‍ സംഘടിപ്പിച്ച സംവാദത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒക്ടോബര്‍ രണ്ടു മുതല്‍ മാര്‍ച്ച് 30 വരെ നടക്കുന്ന ജനകീയ ശുചിത്വ കാമ്പയിന്റെ ഭാഗമായി കാസര്‍ഗോഡ് നഗരത്തിനെ സുല്‍ത്താന്‍ബത്തേരി മോഡലില്‍ ശുചിത്വനഗരമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. പുതിയ ടൂറിസം കേന്ദ്രങ്ങള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിന് കാസര്‍ഗോഡ് വികസനപാക്കേജിലെ ടൂറിസം സര്‍ക്യൂട്ട് പദ്ധതി ഉപയോഗപ്പെടുത്തുമെന്നും കളക്ടര്‍ പറഞ്ഞു.
യാത്രാസൗകര്യത്തിന്റെ കാര്യത്തില്‍ കാസര്‍ഗോഡ് കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കാസര്‍ഗോഡ് നിന്ന് രാത്രി കാലങ്ങളിലും ബസ് സൗകര്യം ലഭ്യമാക്കണം.
പെരിയ എയര്‍ സ്ട്രിപ്പ്, കോവളം ബേക്കല്‍ ജലപാത എന്നിവയുടെ പ്രവര്‍ത്തനം വേഗത്തിലാക്കണം. മീന്‍, കല്ലുമ്മക്കായ ലഭ്യത കൂടുതലുള്ള കാസര്‍ഗോഡ് ജില്ലയില്‍ കടല്‍വിഭവ സംസ്കരണശാല ആവശ്യമാണ്. കാസര്‍ഗോഡ് ലഭ്യമാകുന്ന ചുട്ടെടുത്ത കശുവണ്ടിയെ ബ്രാന്‍ഡ് ചെയ്ത് വിപണനം ചെയ്യണം.
ഉരുള്‍പൊട്ടല്‍ മേഖലകളില്‍ മഴക്കാലത്ത് പട്ടികവര്‍ഗ വിഭാഗങ്ങളെ പതിവായി മാറ്റി പാര്‍പ്പിക്കുന്നതിന് പകരം സ്ഥിരമായൊരു സംവിധാനം ആവശ്യമാണ്. ജില്ലയില്‍ ചിതറികിടക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളെ കണക്ട് ചെയ്ത് കെഎസ്ആര്‍ടിസി സര്‍വീസ് ആലോചിക്കാവുന്നതാണ്. കാസര്‍ഗോഡ് നഗരത്തെ രാത്രികാലങ്ങളിലും സജീവമാക്കാന്‍ സാധിക്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കണം. നഗരത്തില്‍ മികച്ച പാര്‍ക്കുകളും വിശ്രമ കേന്ദ്രങ്ങളും ആവശ്യമാണ്. കണ്ണൂരില്‍ യാത്ര നിര്‍ത്തുന്ന ആലപ്പുഴ എക്സിക്യുട്ടീവ്, ജനശതാബ്ദി ട്രെയ്നുകള്‍ കാസര്‍ഗോഡ് വരെ നീട്ടണം.
സഹകരണബാങ്കുകളെ കാര്‍ഷിക ഉത്പന്നങ്ങളുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി വിപണനം ചെയ്യുന്ന കേന്ദ്രങ്ങളാക്കണം. ഗ്രൂപ്പ് വില്ലേജുകള്‍ ഒഴിവാക്കി വില്ലേജുകളുടെ പ്രവര്ത്തനങ്ങള്സഗമമാക്കണം. ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ കൂടുതല്‍ ആവശ്യമാണ്. ഓട്ടോ റിക്ഷകള്‍ക്ക് മീറ്റര്‍ ഘടിപ്പിച്ച് ചാര്‍ജ് ഈടാക്കണം പ്രകൃതി സൗഹൃദമായി ഗ്രാമീണ സംസ്കൃതിയെ പ്രയോജനപ്പെടുത്തി. സുസ്ഥിര ടൂറിസം പദ്ധതി നടപ്പിലാക്കണം.
കൂടുതല്‍ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ മാധ്യപ്രവര്‍ത്തകര്‍ അവതരിപ്പിച്ചുഎല്ലാ നിര്‍ദേശങ്ങളും ഗൗരവമായി പരിഗണിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കാസര്‍ഗോഡ് പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് നഹാസ് പി. മുഹമ്മദ്, സെക്രട്ടറി കെ.വി. പത്മേഷ്, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന് സ്വാഗതവും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സെക്രട്ടറി ലിജോ ജോസഫ് നന്ദിയും പറഞ്ഞു.