വീൽചെയറിൽ ജീവിതം തള്ളിനീക്കുന്നവർക്കായി ഓണാഘോഷമൊരുക്കി
1452082
Tuesday, September 10, 2024 1:46 AM IST
പള്ളിവളവ്: വീൽചെയറിൽ ജീവിതം തള്ളിനീക്കുന്നവർക്കായി ഓണാഘോഷം ഒരുക്കി. ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷനു വേണ്ടിയാണ് വലപ്പാട് സിപി ട്രസ്റ്റും കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും ചേർന്ന് ഒന്നിച്ചോണം നല്ലോണം എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചത്.
നടൻ ദിലീപ് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ പ്രതിസന്ധികൾ ഇല്ലാത്ത മനുഷ്യരില്ലെന്നും പ്രതിസന്ധികളെ പ്രചോദനമാക്കി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നവരാണ് ജീവിതത്തിൽ വിജയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.ബി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. സി.പി ട്രസ്റ്റ് ചെയർമാൻ സി.പി. സാലിഹ്, കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ എന്നിവർ മുഖ്യാതിഥികളായി. ചിത്രകാരൻ ഡാവിഞ്ചി സുരേഷ്, ഷൈജു കാനാടി, സി.പി ട്രസ്റ്റ് പ്രതിനിധികളായ ഷെമീർ എളേടത്ത്, ഹിലാൽ കുരിക്കൾ, ടി.എം. നിസാബ് എന്നിവർ പ്രസംഗിച്ചു.
വിവിധ മേഖലകളിൽ മികവുതെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. വീൽചെയറിൽ കഴിയുന്ന നൂറോളം പേരും കുടുംബാംഗങ്ങളുമാണ് ഒരു പകൽ നീണ്ട ഓണാഘോഷത്തിൽ പങ്കെടുത്തത്. പാട്ടും കളികളും ഉൾപ്പെടെ വീൽചെയറിൽ ഇരിക്കുന്നവരുടെ വടംവലിയും ഓണാഘോഷത്തിനു മാറ്റുകൂട്ടി. ഓണ സദ്യയും ഉണ്ടായിരുന്നു. സജി അപർണ, താജുദ്ധീൻ, പി.കെ. ധർമരാജ് തുടങ്ങിയവർ നേതൃത്വം നൽകി.