പൂരം കലക്കിയ വിവാദത്തിനിടെ പുലിമടകളിൽ പോലീസ് മീറ്റിംഗ്
1452637
Thursday, September 12, 2024 1:41 AM IST
സ്വന്തം ലേഖകൻ
തൃശൂർ: പൂരം കലക്കിയ വിവാദം കൊടുന്പിരികൊള്ളുന്നതിനിടെ പുലിമടകളിൽ ചെന്ന് മീറ്റിംഗ് നടത്താനൊരുങ്ങി പോലീസ്.
പുലിക്കളിയുടെ ചരിത്രത്തിലാദ്യമായാണ് പോലീസ് പുലിക്കളിടീമുകളെ അവരുടെ മടകളിൽ ചെന്നുകണ്ട് യോഗംവിളിച്ച് കാര്യങ്ങൾ ചർച്ചചെയ്യുന്നത്. എസിപി, സിഐ, എസ്ഐ എന്നിവരടങ്ങുന്ന പോലീസ് സംഘമായിരിക്കും പങ്കെടുക്കുക.
പുലിക്കളിടീമുകൾക്കു പോകേണ്ട വഴി സംബന്ധിച്ചും റൗണ്ടിൽ കയറേണ്ട സമയക്രമത്തെക്കുറിച്ചും മറ്റുമായിരിക്കും പോലീസ് ചർച്ച ചെയ്യുകയെന്നാണ് സൂചന. പുലിക്കളിയുടെ കാര്യങ്ങൾ ചർച്ചചെയ്യാൻ പോലീസ് യോഗം നടത്താനൊരുങ്ങുന്പോൾ പുലിക്കളിപ്രേമികൾ ആശങ്കയിലാണ്. പോലീസ് കാര്യങ്ങൾ ഏറ്റെടുക്കുന്പോൾ അതു പുലിക്കളി കാണാൻ എത്തുന്നവർക്കു ഭാരമായി മാറരുതെന്ന ആവശ്യം പുലിക്കളിപ്രേമികൾ ഉന്നയിക്കുന്നു.
സാധാരണ പുലിക്കളിടീമുകളിലെ വോളന്റിയർമാരും അതാതു തട്ടകത്തെ ആളുകളും പോലീസിന്റെ സഹകരണത്തോടെയാണ് തിക്കുംതിരക്കും നിയന്ത്രിക്കുന്നത്. ഇതിനുപകരം പോലീസ് നിയന്ത്രണം പൂർണമായും ഏറ്റെടുക്കുന്ന സ്ഥിതിവന്നാൽ കാര്യങ്ങൾ താറുമാറാകുമോയെന്ന ആശങ്ക പലരും പങ്കിടുന്നുണ്ട്. പൂരം നിയന്ത്രണങ്ങൾ പ്രശ്നമായതാണ് ഈ ആശങ്കയ്ക്കു നിദാനം.
മുൻപ് തൃശൂർ കോർപറേഷൻ ഓഫീസിൽ പുലിക്കളിസംഘങ്ങളുടെ യോഗം കോർപറേഷൻ വിളിച്ചു ചേർക്കാറുണ്ട്. അതിൽ പോലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കാറുമുണ്ട്.