കിടപ്പുരോഗികൾക്കായി സ്നേഹസദൻ തുറന്നു
1452360
Wednesday, September 11, 2024 1:46 AM IST
കുറ്റിക്കാട്: ഇരിങ്ങാലക്കുട രൂപതാദിനാഘോഷത്തോടനുബന്ധിച്ച് മാരാങ്കോട് കൂർക്കമറ്റത്ത് ആരംഭിച്ച കിടപ്പുരോഗികൾക്കുള്ള "സ്നേഹസദൻ' സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ആശീർവദിച്ച് ഉദ്ഘാടനം ചെയ്തു.
പൊതുസമ്മേളനത്തിൽ ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ മോൺ. ജോളി വടക്കൻ, ബെന്നി ബഹനാൻ എംപി, സനീഷ് കുമാർ ജോസഫ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജെയിംസ് കുറ്റിക്കാടൻ, ഫൊറോന വികാരി ഫാ. ലിജു പോൾ പറമ്പത്ത്, മാരാങ്കോട് വികാരി ഫാ. കിൻസ് എളങ്കുന്നപ്പുഴ, സ്നേഹസദൻ ഡയറക്ടർ ഫാ. ജിനോജ് കോലഞ്ചേരി, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഷാബു പുത്തൂർ എന്നിവർ പ്രസംഗിച്ചു.
ഇരുപതു കിടപ്പുരോഗികൾക്കു പരിചരണം നൽകാനുള്ള സൗകര്യങ്ങളാണ് സ്നേഹസദനിൽ ഒരുക്കിയിട്ടുള്ളത്.
ഇരിങ്ങാലക്കുട പൊറത്തിശേരി അഭയഭവന്റെ അനുബന്ധസ്ഥാപനമാണിത്. ഈ രണ്ട് ഇടങ്ങളിലും നിർമലദാസി സിസ്റ്റേഴ്സ് ശുശ്രൂഷ നടത്തുന്നു.