തൃശൂർ ജനറൽ ആശുപത്രിയിൽ ഡയാലിസിസ് രോഗികളുടെ ഉപരോധസമരം
1452597
Thursday, September 12, 2024 1:41 AM IST
സ്വന്തം ലേഖകൻ
തൃശൂർ: ഭൂരിഭാഗം മെഷീനുകളും പ്രവർത്തനരഹിതമായതോടെ ഡയാലിസിസുകൾ വെട്ടിക്കുറച്ചു. തൃശൂർ ജനറൽ ആശുപത്രിയിൽ ഉപരോധസമരവുമായി രോഗികളും ബന്ധുക്കളും. രോഗികളുടെ സമരം അംഗീകരിക്കുന്നുവെന്നും മെഷീനുകൾ ഇന്ന് എത്തിക്കുമെന്നും കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജന്റെ ഉറപ്പ്.
അവശതകൾക്കും ബുദ്ധിമുട്ടുകൾക്കും ഇടയിലും പ്രതിഷേധസമരവുമായി രോഗികളും അവരുടെ ബന്ധുക്കളുമാണ് രംഗത്തുവന്നത്. സൂപ്രണ്ടിനെ ഉപരോധിക്കാനാണ് രോഗികൾ എത്തിയതെങ്കിലും അദ്ദേഹം സ്ഥലത്തില്ലാത്തതിനെതുടർന്ന് ആർഎംഒ ഡോ. നോബിൾ ജെ. തൈക്കാട്ടിലിനെ ഉപരോധിക്കുകയായിരുന്നു.
ആശുപത്രിയിലുള്ള ഡയാലിസിസ് മെഷിനുകളിൽ പത്തിൽ അഞ്ചെണ്ണവും പ്രവർത്തനരഹിതമാണ്. പ്രവർത്തിക്കുന്നവയിൽ പലതും തകരാറിലുമാണ്. ഇതേത്തുടർന്ന് രോഗികൾക്കു കൃത്യമായ ഡയാലിസിസ് നൽകാൻ കഴിയാത്ത സാഹചര്യത്തിൽ എണ്ണം വെട്ടിക്കുറച്ചതാണ് സമരത്തിനിടയാക്കിയത്. ആഴ്ചയിൽ രണ്ടും മൂന്നും ഡയാലിസിസ് ചെയ്യേണ്ടവർക്ക് അത് ഒന്നും രണ്ടുമായാണ് വെട്ടിക്കുറച്ചത്.
നിലവിൽ ജില്ലയുടെ വിവിധ ഇടങ്ങളിൽനിന്നുള്ള 34 പേരാണ് ഇവിടെ ഡയാലിസിസിന് എത്തുന്നത്. സംസ്ഥാനത്തെതന്നെ ഏറ്റവും മികച്ച ഡയാലിസിസ് കേന്ദ്രമായി അറിയപ്പെട്ടിരുന്ന ജനറൽ ആശുപത്രിയിൽ നിലവിൽ ഏറ്റവും മോശം പ്രവർത്തനമാണ് നടക്കുന്നതെന്നു രോഗികൾ ആരോപിച്ചു.
സമരം ശക്തമായതോടെ കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ സ്ഥലത്തെത്തുകയും ചർച്ച നടത്തുകയുമായിരുന്നു.
അരമണിക്കൂറോളം നീണ്ട ചർച്ചയ്ക്ക് ഒടുവിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാങ്ങിയ മെഷീനുകൾ ഇന്നെത്തുമെന്ന് ഉറപ്പുനൽകിയതോടെയാണ് മൂന്നുമണിക്കൂറിലേറെനേരം നീണ്ട സമരങ്ങൾക്കു സമാപനമായത്.
വേദനയോടെ
ഫ്രാൻസിസ്;
ദയാവധം നൽകൂ...
കഴിഞ്ഞ 16 വർഷമായി ഡയാലിസിസ് തുടരുന്ന കനകമല സ്വദേശി ഫ്രാൻസീസ് അതിൽ 11 വർഷവും ജനറൽ ആശുപത്രിയെയാണ് ഡയാലിസിസിന് സമീപിക്കുന്നത്. കഴിഞ്ഞ ഒൻപതുമാസമായി ഡയാലിസിസിനുവേണ്ടി നെട്ടോട്ടമോടുകയാണ്. ആഴ്ചയിൽ മൂന്നുതവണയുള്ള ഡയാലിസിസ്, മെഷീനുകളുടെ തകരാറിനെതുടർന്ന് രണ്ടാക്കി ചുരുക്കി. ഇതോടെ പ്രഷർ കൂടുകയും കുറയുകയും ചെയ്യുന്നതു പതിവാണ്. നെഞ്ചിടിപ്പ് വർധിക്കുകയും ശ്വാസംതടസപ്പെടുകയും ചെയ്യുന്നു.
ചെറിയ കച്ചവടങ്ങൾ ചെയ്തു മുന്നോട്ടുപോയിരുന്ന തനിക്ക് അതിനുപോലും സാധിക്കുന്നില്ല. സ്വകാര്യ ആശുപത്രികളിൽ ചെന്നാൽ 7000 രൂപവേണം. കൈയിൽ പണമില്ല. ഇനിയും സഹിക്കാൻ കഴിയില്ലെന്നും ദയാവധം വേണമെന്നും ഫ്രാൻസിസ് മാധ്യമങ്ങളോടു പറഞ്ഞു. ഡയാലിസിസ് ചെയ്യാനാവാതെ വലയുന്ന രോഗികൾക്കും പറയാനുള്ളത് ഇത്തരം ദുരിതകഥകൾതന്നെ.
രോഗികളുടെ
വേദനയിൽ
പങ്കുചേരുന്നു
പി.കെ. ഷാജൻ
(ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി
ചെയർമാൻ)
ഡയാലിസിസ് മെഷീനുകളുടെ തകരാർ രോഗികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ വളരെ വലുതാണ്. കാലാവധി കഴിഞ്ഞ മെഷീനുകളാണ് ആശുപത്രിയിലുള്ളത്. തകരാറുകൾ പരിഹരിച്ചാണ് ഡയാലിസിസ് നടത്തുന്നത്. സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് നാലു മെഷീനുകൾ കൊണ്ടുവരാൻ ശ്രമം തുടരുന്നുണ്ട്.
സാങ്കേതികമായ കാരണങ്ങളാൽ നീണ്ടുപോകുകയാണ്,. രോഗികളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ നാല് പുതിയ ഡയാലിസിസ് മെഷീനുകൾ ഇന്നെത്തിക്കും.