കൊടകരയില്‍നിന്ന് തൃക്കാക്കരയപ്പൻ
1452079
Tuesday, September 10, 2024 1:46 AM IST
കൊടകര: തിരുവോണനാളില്‍ ജില്ലയിലെ വീട്ടുമുറ്റങ്ങള്‍ അലങ്കരിക്കാനുള്ള തൃക്കാക്കരയപ്പന് നിര്‍മിക്കുന്ന തിരക്കിലാണ് കൊടകരയിലെ പതിനഞ്ചോളം കുടുംബങ്ങള്‍. പരമ്പരാഗതമായി ഓണക്കാലത്ത് തൃക്കാക്കരയപ്പന് നിര്‍മാണം നടത്തുന്നവരാണ് ഇവിടത്തെ കളിമണ്‍പാത്ര നിര്‍മാണത്തൊഴിലാളികളായ കുംഭാരസമുദായക്കാര്‍. കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള മാളുകളിലേക്കടക്കം ഇവിടെ നിന്നുള്ള തൃക്കാക്കരയപ്പന് കൊണ്ടുപോകുന്നുണ്ട്.
ഇക്കാര്യത്തില്‍ ദേശീയപാതയുടെ സാമീപ്യവും ഇവര്‍ക്ക് അനുഗ്രഹമാണ്. കര്‍ക്കടകം പിറക്കുന്നതുതൊട്ടുതന്നെ കൊടകരയിലെ കുംഭാര സമുദായക്കാരുടെ കുടുംബങ്ങളില്‍ തൃക്കാക്കരയപ്പന് നിര്‍മാണം തുടങ്ങും. ഓരോ വീടുകളിലും തൃക്കാക്കരയപ്പന്റെ നൂറുകണക്കിനു കളിമണ്‍രൂപങ്ങളാണ് ഉണ്ടാക്കുന്നത്.
പാടങ്ങളില്‍നിന്നു കളിമണ്ണ് ലഭ്യമാവാതെ വന്നതോടെ ഓട്ടുകമ്പനികളില്നിന്ന് അരച്ചെടുത്ത കളിമണ്ണു വാങ്ങികൊണ്ടുവന്നാണ് ഇവയുടെ നിര്‍മാണം. പല വലിപ്പത്തില്‍ തൃക്കാക്കരയപ്പനെ മെനഞ്ഞടുക്കുന്നുണ്ടെങ്കിലും ഏഴുമുതല്‍ 13 ഇഞ്ച് വരെ ഉയരമുള്ളവക്കാണു കൂടുതല്‍ ഡിമാന്‍ഡുള്ളത്. ഓണത്തിന് ഒരുമാസം മുമ്പേ കച്ചവടക്കാരെത്തി ഓര്‍ഡര്‍ നല്‍കുന്നതനുസരിച്ചാണ് ഇവിടത്തെ കുടുംബങ്ങള്‍ തൃക്കാക്കരയപ്പന് പണിതീര്‍ക്കുന്നത്.
വലിപ്പത്തിനനുസരിച്ച് 80 രൂപ മുതല്‍ 250 രൂപ വരെ വിലയിട്ടാണ് വില്‍പ്പന. മുന്‍കാലങ്ങളില്‍ നന്ന് വ്യത്യസ്തമായി വിവിധതരത്തിലുള്ള ഡിസൈനുകള്‍ നല്‍കിയാണു തൃക്കാരയപ്പന് നിര്‍മിക്കുന്നത്. ഇത്തരത്തില്‍ അലങ്കാരങ്ങലോടുകൂടി തൃക്കാക്കരയപ്പന് നിര്‍മിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെങ്കിലും അധ്വാനത്തിന് അനുസരിച്ചുള്ള പ്രതിഫലം ലഭിക്കുന്നില്ലെന്നാണ് ഈ തൊഴില്‍ ചെയ്യുന്നവരുടെ പരാതി.
യന്ത്രത്തില്‍ അരച്ചെടുത്ത കളിമണ്ണുപയോഗിച്ച് തൃക്കാക്കരയപ്പന്റെ രൂപം മെനഞ്ഞെടുക്കാന്‍ മിനിറ്റുകള്‍ മതിയെങ്കിലും ഇവക്ക് ഡിസൈന്‍ നല്കി ഉണക്കി ചായംതേച്ച് തയാറാക്കിയെടുക്കാന്‍ കൂടുതല്‍ സമയം വേണം.
വെയിലത്ത് ഉണക്കിയാല്‍ എളുപ്പം പൊട്ടിപോകുമെന്നതിനാല് തണലിലാണ് ഇവ ഉണക്കിയെടുക്കുന്നത്. ദൂരെനിന്നുള്ള കച്ചവടക്കാരുടെ ഓര്‍ഡര്‍ പ്രകാരം നിര്‍മിച്ച തൃക്കാക്കരയപ്പന്മാരെ അത്തത്തിനു മുമ്പുതന്നെ ആവശ്യക്കാര്‍ എത്തി കൊണ്ടുപോയിക്കഴിഞ്ഞു. ഇപ്പോള്‍ നിര്‍മിക്കുന്നവ പ്രദേശികമായി വിറ്റഴിക്കാനുള്ളതാണ്. ഓണനാളുകളില്‍ വഴിയോരങ്ങളിലിരുന്നാണ് ഇവര്‍ തൃക്കാക്കരയപ്പന് വില്‍പ്പന നടത്തുന്നത്.