മൂവാറ്റുപുഴ നഗര വികസനം : കെഎസ്ഇബി പോസ്റ്റുകൾ മാറ്റാൻ ആർഎംയുകൾ സ്ഥാപിച്ച് തുടങ്ങി
1452961
Friday, September 13, 2024 3:54 AM IST
മൂവാറ്റുപുഴ: ടൗൺ വികസനത്തിന്റെ ഭാഗമായി യൂട്ടിലിറ്റി ഷിഫ്റ്റിംഗിനായി കെഎസ്ഇബി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള ആർഎംയുകൾ (റിംഗ് മെയിൻ യൂണിറ്റുകൾ) സ്ഥാപിച്ച് തുടങ്ങി.
നാല് ആർഎംയു യൂണിറ്റുകളാണ് ഇന്നലെ സ്ഥാപിച്ചത്. കെഎസ്ഇബിയുടെ വൈദ്യുതി ലൈനുകൾ മാറ്റുന്നതിന് മുമ്പായി വൈദ്യുതി വിതരണം സുഗമമായി നടത്തുന്നതിനാണ് ആധുനിക സാങ്കേതിക ഉപകരണമായ ആർഎംയു സ്ഥാപിക്കുന്നത്.
യൂട്ടിലിറ്റി ഷിഫ്റ്റിംഗ് ആവശ്യങ്ങൾക്കായി കെഎസ്ഇബിക്ക് 3.1 6 കോടി രൂപയും വാട്ടർ അഥോറിറ്റിക്ക് 1.95 കോടി രൂപയും കെആർഎഫ്ബി അനുവദിച്ചിരുന്നു. പിഒ ജംഗ്ഷൻ മുതൽ കച്ചേരിത്താഴം വരെയുള്ള ഭാഗങ്ങളിൽ കൂടുതൽ ആർഎംയു സ്ഥാപിക്കേണ്ടതുണ്ട്. ഇത് വരും ദിവസങ്ങളിൽ സ്ഥാപിക്കുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.
ആർഎംയുകൾ സ്ഥാപിക്കുന്നതോടെ 11 കെവി ലൈനുകൾ ഭൂഗർഭ കേബിളിലേക്ക് മാറ്റും. കൂടാതെ പുതിയ കണക്ഷനുകൾ ലൈനുകൾ വലിക്കാതെ ആർഎംയുവിൽ നിന്ന് കേബിൾ വഴി നേരിട്ട് നൽകുവാനും സാധിക്കും.
23 ആർഎംയുകളാണ് നഗരത്തിൽ സ്ഥാപിക്കേണ്ടത്. നഗരസഭ ചെയർമാൻ പി.പി. എൽദോസ്, വൈസ് ചെയർമാൻ സിനി ബിജു, കൗൺസിലർ ജിനു മടയ്ക്കൽ, മറ്റ് കെഎസ്ഇബി ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.