കുട്ടനെല്ലൂരിൽ വളംകയറ്റിയ ലോറി മറിഞ്ഞു
1452638
Thursday, September 12, 2024 1:41 AM IST
പുത്തൂർ: ദേശീയപാത കുട്ടനെല്ലൂർ ഓവർബ്രിഡ്ജിനു സമീപം നിയന്ത്രണംവിട്ട ലോറി ഡിവൈഡറിൽ ഇടിച്ചുകയറി സർവീസ് റോഡിലേക്കു മറിഞ്ഞു. നാമക്കലിൽനിന്നു വളംകയറ്റി പെരുമ്പാവൂരിലേക്കു പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണു നിഗമനം.
ദേശീയപാതയും സർവീസ് റോഡും വേർതിരിക്കുന്ന ഡിവൈഡർ ഇടിച്ചുതകർത്ത ലോറി സർവീസ് റോഡിനു കുറുകെ മറിയുകയായിരുന്നു. ഡ്രൈവർ മാത്രമാണു വാഹനത്തിൽ ഉണ്ടായിരുന്നത്. ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ലോറി മറിഞ്ഞതോടെ വളത്തിൽ ഉണ്ടായിരുന്ന പുഴുക്കൾ സമീപത്തെ വീട്ടിലേക്കു വ്യാപകമായി അരിച്ചുകയറിയത് വീട്ടുകാരെയും ദുരിതത്തിലാക്കി. വാഹനം മറിഞ്ഞതോടെ ഏറെനേരം സർവീസ് റോഡിലൂടെയുള്ള ഗതാഗതവും തടസപ്പെട്ടു. ഒല്ലൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ലോറി പിന്നീട് ക്രെയിൻ ഉപയോഗിച്ചു മാറ്റി.