പൂതംകുളം ജംഗ്ഷനില്‍നിന്നു ബ്രദര്‍ മിഷന് റോഡിലേക്കു കണക്ടിംഗ് റോഡ് നിർമിക്കും
1452364
Wednesday, September 11, 2024 1:46 AM IST
ഇരിങ്ങാലക്കുട: ബൈപാസ് റോഡ് പൂതംകുളം ജംഗ്ഷനില്‍നിന്ന് ബ്രദര്‍ മിഷന് റോഡിലേക്കു കണക്ടിംഗ് റോഡ് നിര്‍മിക്കാനും ഇതിനായി 25 സെന്റ് സ്ഥലം ഏറ്റെടുക്കാനും നഗരസഭായോഗത്തില്‍ തീരുമാനം. 12 പേരുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് ദീര്‍ഘകാലത്തെ ചര്‍ച്ചകള്‍ക്കുശേഷം ഏറ്റെടുക്കുന്നത്. പദ്ധതിക്കായി പണം വകയിരുത്താന്‍ യോഗം തീരുമാനിച്ചു. ഠാണാവിലെ ഗതാഗതക്കുരുക്കിനു പദ്ധതി നടപ്പിലാകുന്നതോടെ പരിഹാരമാകുമെന്നു നഗരസഭ ചെയര്‍പേഴ്സണ്‍ യോഗത്തില്‍ അറിയിച്ചു. നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ കരാറുകാര്‍ക്കു ബില്ലുകള്‍ സമയബന്ധിതമായി നല്‍കുന്നതിലെ വീഴ്ചയെച്ചൊല്ലി യോഗത്തില്‍ വീണ്ടും വിമര്‍ശനം ഉയര്‍ന്നു. 28 ബില്ലുകള്‍ നല്‍കിയിട്ടുണ്ടെന്നും ഇവ പാസായതായും മുനിസിപ്പല്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
എന്നാല്‍, കരാറുകാര്‍ ബില്ലുകള്‍ക്കായി രാവിലെമുതല്‍ നഗരസഭാ ഓഫീസില്‍ കയറിയിറങ്ങുന്ന അവസ്ഥ തുടരുകയാണെന്നും പുതിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എറ്റെടുക്കാന്‍ ആരും തയാറാകാത്ത അവസ്ഥയാണെന്നും ബിജെപി അംഗങ്ങളായ ടി.കെ. ഷാജു, സന്തോഷ് ബോബന് എന്നിവര്‍ വിമര്‍ശിച്ചു. കരാറുകാരുടെ ആശങ്കകള്‍ ന്യായമാണെന്നും സങ്കീര്‍ണമായ നടപടിക്രമങ്ങളാണു പ്രശ്നമെന്നും പൊതുമരാമത്ത് വകുപ്പ് കമ്മിറ്റി ചെയര്മാന് ജയ്സന് പാറേക്കാടന്‍ മറുപടി നല്കി.
എന്നാല്‍, എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരേ സംവിധാനമാണെന്നും കൗശലങ്ങള്‍ പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കേണ്ടെന്നും എല്‍ഡിഎഫ് അംഗം അഡ്വ. കെ.ആര്. വിജയ വിമര്‍ശിച്ചു.
കരാറുകാരെക്കൊണ്ട് പ്രവൃത്തികള്‍ എടുപ്പിക്കാനുള്ള സാഹചര്യം ഉണ്ടാക്കാമെന്നും പ്രത്യേക യോഗം ഇതിനായി വിളിക്കാമെന്നും ഇരിങ്ങാലക്കുട നഗരസഭയ്ക്കു മാത്രമായി സംവിധാനങ്ങള്‍ ഇല്ലെന്നും എത്ര ബില്‍ കൊടുക്കാന്‍ ബാക്കി ഉണ്ടെന്ന് സെക്രട്ടറി പരിശോധിക്കണമെന്ന് ചെയര്‍പേഴ്സണ്‍ നിര്‍ദേശം നല്കി. ഇരിങ്ങാലക്കുട ഗവ മോഡല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ ചുറ്റുമതില്‍ ഉള്‍പ്പെടെയുള്ള ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു.