ജില്ലാ ജനറൽ ആശുപത്രി: അഞ്ച് ഡയാലിസ് യൂണിറ്റുകൾ അനുവദിച്ചെന്ന് എംഎൽഎ
1452866
Friday, September 13, 2024 1:30 AM IST
തൃശൂർ: ജില്ലാ ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റുകളുടെ അപര്യാപ്തത പരിഹരിക്കാൻ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് അഞ്ചു ഡയാലിസിസ് യൂണിറ്റുകൾ അനുവദിച്ചെന്നു പി. ബാലചന്ദ്രൻ എംഎൽഎ.
ജനറൽ ആശുപത്രിയിലെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ കോർപറേഷനുമായി ബന്ധപ്പെട്ട് യോഗംവിളിക്കുമെന്നും സുരക്ഷാ കാമറകൾ, ലിഫ്റ്റ് എന്നിവയ്ക്കായി 75 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.
ഒല്ലൂക്കര പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ആദ്യഘട്ട നിർമാണത്തിനായി 30 ലക്ഷം രൂപയും മുക്കാട്ടുകര ഗവണ്മെന്റ് സ്കൂൾ, അരണാട്ടുകര ഗവണ്മെന്റ് സ്കൂൾ, ഒളരിക്കര ഗവണ്മെന്റ് യുപി സ്കൂൾ എന്നിവയുടെ നിർമാണത്തിനായി മൂന്നു കോടി രൂപയും ശക്തൻനഗറിലെ ശക്തൻ തന്പുരാൻ പ്രതിമയുടെ പുനർനിർമാണത്തിനായി പ്രത്യേക വികസനഫണ്ടിൽനിന്ന് 10 ലക്ഷം രൂപയും അനുവദിച്ചതായി എംഎൽഎ അറിയിച്ചു.
നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി ഒരുകോടി രൂപയും വിവിധ റോഡുകൾ, പാലങ്ങൾ എന്നിവയുടെ നിർമാണത്തിനായി മൂന്നു കോടി രൂപയും അനുവദിച്ചെന്നും എംഎൽഎ അറിയിച്ചു.