ഈ മാസം ഇടുക്കിയില്‍ എത്തിയവർ രണ്ടു ലക്ഷം
തൊടുപുഴ: പ്രതികൂല കാലാവസ്ഥയ്ക്കിടയിലും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. മഴ മുന്നറിയിപ്പിനെത്തുടര്‍ന്ന് പലപ്പോഴും ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അടച്ചിടുന്നത് ടൂറിസം രംഗത്തിനു തിരിച്ചടിയാകുന്നുണ്ടെങ്കിലും ഇടുക്കി സന്ദര്‍ശിക്കുന്ന ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായാണ് വിലയിരുത്തല്‍.
ഇത്തവണ മൂന്നാര്‍ ചൊക്രമുടി ഉള്‍പ്പടെയുള്ള മേഖലകളില്‍ നീലക്കുറിഞ്ഞി പൂത്തതോടെ സഞ്ചാരികളുടെ പ്രവാഹമാണ്. കേരളത്തിലെത്തിയ ആഭ്യന്തര വിനോദസഞ്ചാരികളില്‍ 30,18,568 പേര് കഴിഞ്ഞ ദിവസം വരെ മൂന്നാര്‍ സന്ദര്‍ശിച്ചതായാണ് കണക്ക്. തേക്കടിയിലെത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. കേരളത്തിലെത്തിയ വിനോദ സഞ്ചാരികളില്‍ 79,736 പേര് അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ തേക്കടി സന്ദര്‍ശിച്ചു.
മൂന്നാര്‍ ചൊക്രമുടിയില്‍ ഉള്‍പ്പടെ നീലക്കുറിഞ്ഞി വസന്തം വിരിഞ്ഞതോടെയാണ് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയത്. കനത്ത മഴയുള്ള ദിവസങ്ങള്‍ ഒഴികെ വനംവകുപ്പ് പ്രവേശനം അനുവദിച്ചിരുന്നു. കഴിഞ്ഞ മാസം 24 മുതലാണ് ചൊക്രമുടിയില്‍ നീലക്കുറിഞ്ഞി കാണാന്‍ സന്ദര്‍ശകരെ പ്രവേശിപ്പിച്ചുതുടങ്ങിയത്. ഒരു മാസം പിന്നിട്ടപ്പോഴേക്കും 35,500 ഓളം പേര് നീലക്കുറിഞ്ഞി കാണാന്‍ ചൊക്രമുടിയിലെത്തിയതായാണ് കണക്ക്. ആയിരത്തോളം പേര് ദിവസേന നീലക്കുറിഞ്ഞി കാണാനെത്തുന്നുണ്ടെന്ന് റേഞ്ച് ഓഫിസര്‍ അശോക് കുമാര്‍ പറഞ്ഞു.
രാവിലെ ഏഴു മുതല്‍ വൈകുന്നേരം നാലു വരെയാണ് പ്രവേശനം. ചൊക്രമുടിക്കു പുറമേ മാട്ടുപ്പെട്ടി, കൊരണ്ടക്കാട്, കണ്ണിമല എന്നീ മലനിരകളിലും ഇപ്പോള്‍ വ്യാപകമായി നീലക്കുറിഞ്ഞി പൂത്തിട്ടുണ്ട്. ശരാശരി 45 മുതല്‍ 60 ദിവസം വരെ നീലക്കുറിഞ്ഞിയുടെ സൗന്ദര്യം ആസ്വദിക്കാനാകും.
ഇരവികുളം നാഷണല്‍ പാര്‍ക്ക് ഉള്‍പ്പെടുന്ന രാജമലയില്‍ 2018ലാണ് അവസാനമായി നീലക്കുറിഞ്ഞികള്‍ വ്യാപകമായി പൂത്തത്. പന്ത്രണ്ടു വര്‍ഷത്തിനു ശേഷം ഇനി 2030-ല്‍ ആണ് ഇവിടെ നീലക്കുറിഞ്ഞി വസന്തം പ്രതീക്ഷിക്കുന്നത്. സന്ദര്‍ശകരെ തെക്കിന്റെ കാശ്മീരെന്നറിയപ്പെടുന്ന മൂന്നാറിലേക്ക് അടുപ്പിക്കുന്നത് ഇവിടത്തെ തണുത്ത കാലാവസ്ഥയും നീലക്കുറിഞ്ഞിയും വരയാടുകളുമൊക്കെയാണ്
കാലാവസ്ഥ അനുകൂലമായതിനെത്തുടര്‍ന്ന് ഈ മാസം രണ്ടു ലക്ഷത്തോളം വിനോദസഞ്ചാരികളാണ് ജില്ലയില്‍ ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദര്‍ശിച്ചത്.
ഈ മാസം ഒന്നു മുതല്‍ 25 വരെ 1,97,403 വിനോദസഞ്ചാരികള്‍ ജില്ലയിലെ 10 ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. കൂടുതല്‍ സഞ്ചാരികളും ആദ്യ പരിഗണന നല്‍കിയത് വാഗമണ്ണിനാണ്. വാഗമണ്‍ മൊട്ടക്കുന്നില്‍ 63,516 പേരും സാഹസിക പാര്‍ക്കില്‍ 36,026 പേരും സന്ദര്‍ശനം നടത്തി. മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് 39,453 പേര് സന്ദര്‍ശിച്ചു. രാമക്കല്‍മേട്- 15,188, പാഞ്ചാലിമേട്- 13,267, മാട്ടുപ്പെട്ടി-3,843, അരുവിക്കുഴി-2,088, ശ്രീനാരായണപുരം-8,407, ഇടുക്കി ഹില്‍വ്യു പാര്‍ക്ക് -8,488, ആമപ്പാറ-7,127 എന്ന കണക്കിലാണ് മറ്റ് ടൂറിസം കേന്ദ്രങ്ങളില്‍ വിനോദസഞ്ചാരികള്‍ എത്തിയത്.
ഒട്ടേറെ പ്രാദേശിക വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഇതിനു പുറമേ ജില്ലയിലുണ്ടെങ്കിലും നിയന്ത്രണങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഇവയുടെ വികസനത്തെ പിന്നോട്ടടിക്കുകയാണ്. മലങ്കര, കാല്‍വരിമൗണ്ട്, തൊമ്മന്‍കുത്ത്, ആനയാടിക്കുത്ത്, അഞ്ചുരുളി, പരുന്തുംപാറ, കോട്ടപ്പാറ, ഇലവീഴാപൂഞ്ചിറ തുടങ്ങി ചെറുതും വലുതുമായ ടറിസം കേന്ദ്രങ്ങളിലും സന്ദര്‍ശകര്‍ കേട്ടറിഞ്ഞ് എത്തുന്നുണ്ട്.
എന്നാല്‍ പലയിടത്തും വനംവകുപ്പിന്റെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുകയാണ്.
ഇതിനു പുറമേ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികളുമുണ്ട്. ഇതിനിടെ പ്രാദേശിക ടൂറിസം വികസനത്തിനായി തദ്ദേശ സ്ഥാപനങ്ങളോട് പദ്ധതി സമര്‍പ്പിക്കാന്‍ ടൂറിസം വകുപ്പ് ആവശ്യപ്പെട്ടിരുന്നെങ്കിലും വിരലിലെണ്ണാവുന്ന പഞ്ചായത്തുകള്‍ മാത്രമാണ് ഇക്കാര്യത്തില്‍ മുന്നോട്ടു വന്നത്.