മനുഷ്യ - വന്യജീവി സംഘർഷം: ജാഗ്രതാസമിതി രൂപീകരിക്കും
1452371
Wednesday, September 11, 2024 1:46 AM IST
തൃശൂർ: ജില്ലയിലെ മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാൻ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാൻ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ജില്ലാ കളക്ടർ യോഗംവിളിച്ചു.
തൃശൂർ, ചാലക്കുടി, വാഴച്ചാൽ മേഖലയിലെ മനുഷ്യ - വന്യജീവി സംഘർഷം ഒഴിവാക്കുന്നതിനുള്ള നടപടികൾ ചർച്ചചെയ്തു. വനത്തോടുചേർന്നുള്ള പ്രദേശങ്ങളിലെ ജനജാഗ്രതാസമിതി രൂപീകരിച്ച് പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നു യോഗം നിർദേശിച്ചു. ആർട്ടിഫിഷൽ ഇന്റലിജൻസ് ടെക്നോളജി ഉപയോഗിച്ചുള്ള അലേർട്ട് നോട്ടിഫിക്കേഷൻ സിസ്റ്റത്തിന്റെ സാധ്യതയും യോഗം ചർച്ച ചെയ്തു.
കൃഷിവകുപ്പിൽനിന്നും ആർകെവിവൈ പദ്ധതിയിലുൾപ്പെടുത്തി ജില്ലയിലെ ഫോറസ്റ്റ് ഡിവിഷനുകളിലെ കൃഷിമേഖലയിലെ മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കുന്നതിനായി സോളാർ ഫെൻസിംഗ് ഒരുക്കുന്നതിനായി 153.3 ലക്ഷം രൂപ ഒന്നാംഘട്ടമായി അനുവദിച്ചിട്ടുണ്ട്.
ഇതിന്റെ ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നു വനം വകുപ്പിനു നിർദേശം നൽകി.
വനംവകുപ്പിനോടൊപ്പം തദ്ദേശജനപ്രതിനിധികളെ ഉൾപ്പെടുത്തി ജനകീയസമിതി രൂപീകരിച്ച് സോളാർ ഫെൻസിംഗിന്റെ മേൽനോട്ട ചുമതല ഏറ്റെടുക്കണമെന്നും യോഗം നിർദേശിച്ചു.
കളക്ടറേറ്റ് വീഡിയോ കോണ്‍ഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, എഡിഎം ടി. മുരളി, ഡിഎഫ്ഒമാരായ എം. വെങ്കിടേശ്വരൻ, ആർ. ലക്ഷ്മി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.