പീച്ചി ഡാം തുറക്കൽ: സബ് കളക്ടറുടെ റിപ്പോർട്ടിൽ മന്ത്രി പ്രതികരിക്കണം
1452639
Thursday, September 12, 2024 1:41 AM IST
ആമ്പല്ലൂർ: പീച്ചി ഡാം തുറന്നതു സംബന്ധിച്ച് സബ് കളക്ടർ നൽകിയ റിപ്പോർട്ടിൽ ഇറിഗേഷൻ വകുപ്പിനും കെഎസ്ഇബിക്കും ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നു കണ്ടെത്തിയ സാഹചര്യത്തിൽ റിപ്പോർട്ടിനെക്കുറിച്ച് മന്ത്രി കെ. രാജൻ പ്രതികരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡിസിസി വൈസ് പ്രസിഡന്റുമായ അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.
മനുഷ്യനിർമിത പ്രളയമാണെന്ന് സബ് കളക്ടറടെ റിപ്പോർട്ട് വന്ന സാഹചര്യത്തിൽ പ്രളയബാധിതമായ പ്രദേശങ്ങളിലെ ജനങ്ങൾക്കു സംഭവിച്ച നഷ്ടത്തിന്റെ ഉത്തരവാദിത്വം മുഴുവൻ സർക്കാർ ഏറ്റെടുത്ത് വേണ്ട നഷ്ടപരിഹാരം നൽകണം. പീച്ചി ഡാം അനിയന്ത്രിതമായി തുറന്നുവിട്ടതാണു പ്രളയത്തിനു കാരണമായെന്ന് സബ് കളക്ടറുടെ റിപ്പോർട്ട് പറയുന്നു.
സർക്കാർനിർമിത പ്രളയത്തിനു ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുക, പ്രളയ ബാധിതരുടെ എല്ലാ നഷ്ടങ്ങൾക്കും പരിഹാരം നൽകുക, മണലിപ്പുഴ നവീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആമ്പല്ലൂർ സെന്ററിൽ അളഗപ്പനഗർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രധിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഡ്വ. ജോസഫ് ടാജറ്റ്.
ബ്ലോക്ക് പ്രസിഡന്റ് അലക്സ് ചുക്കിരി അധ്യക്ഷത വഹിച്ചു.
നേതാക്കളായ കെ.എൽ. ജോസ്, പോൾസൺ തെക്കുംപീടിക, അനിൽ കുനിയത്ത്, ആന്റണി കുറ്റൂക്കാരൻ, ജിമ്മി മഞ്ഞളി, ഔസഫ് വൈക്കാടൻ, സന്ദീപ് കണിയത്ത്, പ്രിൻസൺ തയ്യാലക്കൽ, കെ.എസ്. കൃഷ്ണൻകുട്ടി, കെ. രാധാകൃഷ്ണൻ, അശോകൻ ഐത്താടൻ, പ്രീബനൻ ചുണ്ടലപ്പറമ്പിൽ, സി.ജി. ടൈറ്റസ്, ഹരൺ ബേബി, റെജി ജോർജ്, നിഷ തട്ടിൽ എന്നിവർ പ്രസംഗിച്ചു.