കായികരംഗത്തെ നേട്ടങ്ങള്‍ക്ക് ക്രൈസ്റ്റ് കോളേജിന് ആദരം
1452861
Friday, September 13, 2024 1:30 AM IST
ഇരിങ്ങാലക്കുട: കായികരംഗത്ത് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് സിന്തറ്റിക് ട്രാക്കും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സെന്ററും അനുവദിച്ചു നല്കാന് ആത്മാര്‍ഥ ശ്രമങ്ങള്‍ നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
തുടര്‍ച്ചയായി എട്ടാംതവണയും സര്‍വകലാശാല തലത്തില്‍ കായികകിരീടം സ്വന്തമാക്കിയ ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ഥികളെയും കായിക അധ്യാപകരെയും മാനേജ്മെന്റിനെയും ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമീപഭാവിയില്‍ ഇന്ത്യ ഒളിംപിക്സിന് ആതിഥ്യം വഹിക്കുമെന്നും അന്ന് തൃശൂരില്‍നിന്ന് ഒരു ഒളിംപിക് മെഡല്‍ ഉണ്ടാവുന്നത് തന്റെ സ്വപ്നമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. മേരി പത്രോസ് നന്ദിയും പറഞ്ഞു. നേരത്തെ ക്രൈസ്റ്റ് കോളജിന്റെ ഭാഗമായ സ്നേഹഭവന് കാമ്പസില്‍ സജ്ജീകരിച്ചിട്ടുള്ള ഇന്നവേഷന്‍സ് സെന്ററിന്റെയും ആഗ്രോപാര്ക്കിന്റെയും ഉദ്ഘാടനവും കേന്ദ്രമന്ത്രി നിര്‍വഹിച്ചു.