ഗതാഗതക്കുരുക്കിനു പരിഹാരമായി വടക്കാഞ്ചേരിയിൽ ഗതാഗതനിയന്ത്രണം
1452084
Tuesday, September 10, 2024 1:46 AM IST
വടക്കാഞ്ചേരി: ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഇന്നുമുതൽ 20 വരെ ഗതാഗതനിയന്ത്രണം. ഓണം അടുത്തതോടെ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന അടിയന്തര ട്രാഫിക് അഡ്വൈസറി യോഗത്തിലാണു തീരുമാനം.
നഗരസഭയുടെ സ്റ്റിക്കറില്ലാത്ത ഓട്ടോറിക്ഷകൾ നഗരത്തിലെ സ്റ്റാൻഡുകളിൽ സർവീസ് നടത്തുന്നതും വിലക്കി. വ്യാപാരികൾ നടപ്പാതയിലേക്ക് സാധനങ്ങൾ ഇറക്കിവയ്ക്കുന്നതും പരുത്തിപ്ര പള്ളി മുതൽ വടക്കാഞ്ചേരി വരെ വഴിയോരകച്ചവടവും നിരോധിച്ചു.
തൃശൂർ - ഷൊർണൂർ സംസ്ഥാനപാതയിലും കുന്നംകുളം റോഡിലും അനധികൃത പാർക്കിംഗ് ഒഴിവാക്കാനും റോഡിലെ കുഴികൾ ഇല്ലാതാക്കാനും പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് നിർദേശം നൽകി. അഡ്വൈസറി യോഗത്തിൽ നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
ക്രമീകരണം ഇങ്ങനെ
1. ഷോർണൂർ - ചേലക്കര ബസുകൾ ഓട്ടുപാറ ബസ് സ്റ്റാൻഡിൽ കയറാതെ സ്റ്റാൻഡിനു മുന്നിൽ യാത്രക്കാരെ കയറ്റി ഇറക്കണം.
2. തൃശൂരിൽനിന്നും ചേലക്കര, ഷൊർണൂർ ഭാഗത്തേക്കുപോകുന്ന ബസുകൾ ഓട്ടുപാറ ബസ് സ്റ്റാൻഡിൽ കയറണം.
3 . കുന്നംകുളം ഭാഗത്തുനിന്നുംവരുന്ന ബസുകൾ ഓട്ടുപാറ സെന്ററിൽകൂടി ബസ് സ്റ്റാൻഡിൽ കയറാതെ ആളുകളെ ഇറക്കണം.
4. കുന്നംകുളം ബസുകൾ ഓട്ടുപാറ ബൈപ്പാസ് വഴി പോകണം.
5. ഷൊർണൂർ - തൃശൂർ ബസുകൾ കുറാഞ്ചേരി ബസ്റ്റോപ്പിൽ മാത്രം നിർത്തണം.
6. അത്താണി സെന്ററിൽ ബസുകൾ നിർത്താതെ നിലവിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് മാറ്റി നിർത്തണം.
7. ഷൊർണൂർ - ചേലക്കര ഭാഗത്തുനിന്നും വരുന്ന ബസുകൾ നിശ്ചിത സ്റ്റോപ്പുകളിൽ മാത്രം നിർത്തുക.
8. വേലൂർ ബസുകൾ സ്റ്റോപ്പുകളിൽ മാത്രം നിർത്തണം.
9. തൃശൂരിൽനിന്നും വരുന്ന ബസുകൾ പോലീസ് സ്റ്റേഷൻ സ്റ്റോപ്പ് ഒഴിവാക്കി പൂരക്കമ്മിറ്റി ഓഫീസ് പരിസരത്തു നിർത്തേണ്ടതാണ്.