ഓണക്കോടിവിപണി കീഴടക്കി വഴിയോരക്കച്ചവടക്കാരും
1452862
Friday, September 13, 2024 1:30 AM IST
തൃശൂർ: ഓണാവേശം കൊട്ടിക്കയറിയതോടെ വിപണിയിൽ ഓണക്കോടികളുടെ വില്പനയും തകൃതി. മുക്കിലും മൂലയിലും ഓണവസ്ത്രങ്ങൾ ഇടംപിടിക്കുന്പോൾ വഴിയോരക്കച്ചവടക്കാരും ആവേശത്തിലാണ്.
ഓണം കഴിഞ്ഞാൽ ഓണക്കോടിക്ക് പ്രാധാന്യമില്ലെന്ന പുതുതലമുറയുടെ ചിന്താരീതി മനസിലാക്കി അവർക്ക് കൈയിലൊതുങ്ങാവുന്ന തുകയ്ക്ക് മികച്ച ഗുണനിലവാരം ഉറപ്പുവരുത്തിയാണ് വഴിയോരക്കച്ചവടക്കാരും വിപണിയിൽ നേട്ടംകൊയ്യുന്നത്.
കസവിനു പെരുകേട്ട കുത്താന്പുള്ളിയിൽനിന്നു നേരിട്ടെടുക്കുന്ന വസ്ത്രങ്ങളുമായി ഉപഭോക്താക്കളെ സമീപിക്കുന്ന കച്ചവടക്കാർ സ്പെഷൽ ഓഫറുകളും നൽകുന്നുണ്ട്. സെറ്റ്മുണ്ടിനും സെറ്റ് സാരിക്കും ആവശ്യക്കാരേറെയാണ്. സെറ്റ് സാരി 350 രൂപ, സെറ്റ്മുണ്ട് 350 രൂപ, മുണ്ടിനു 150 രൂപ എന്നിങ്ങനെയാണ് വില ആരംഭിക്കുന്നത്.
കുട്ടികളുടെ ഉടുപ്പുകൾ 100 രൂപമുതൽ കിട്ടും.
ഇത്തവണ മോശമില്ലാത്ത കച്ചവടമാണ് ലഭിക്കുന്നതെന്നു വഴിയോരക്കച്ചവടക്കാരി കുത്താന്പുള്ളി സ്വദേശിനി രമ്യ പറഞ്ഞു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ചു നോക്കുന്പോൾ കച്ചവടം കുറവാണ്. വയനാട് ദുരന്തത്തെത്തുടർന്ന് ആളുകൾ ആഘോഷങ്ങൾ കുറച്ചതാണ് ഇതിനു കാരണമെന്നു കരുതുന്നു. തിരുവോണത്തിന് തലേദിവസം വരെ ഓണക്കോടികളുമായി നഗരത്തിൽ ഉണ്ടാകുമെന്നും അവർ പറഞ്ഞു. അത്തം മുതൽ ഇവർ തുണിക്കച്ചവടത്തിനു നഗരത്തിലുണ്ട്.