തെരുവുനായ് വിഷയത്തിൽ നടപടി സ്വീകരിക്കാൻ ചാലക്കുടി നഗരസഭ
1452642
Thursday, September 12, 2024 1:41 AM IST
ചാലക്കുടി: തെരുവുനായ്ക്കളുടെ വന്ധ്യംകരണവുമായി ബന്ധപ്പെട്ട നടപടികൾക്ക് തൃശൂർ കോർപറേഷനിലെ പദ്ധതിയുമായി സഹകരിച്ച് നടപ്പിലാക്കുമെന്നു ചാലക്കുടി നഗരസഭ. ഇതുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കുന്നതുസംബന്ധിച്ച് വികസനകാര്യ സ്റ്റാൻഡിംഗ്് കമ്മിറ്റിയുടെ ശിപാർശകൾ കൗൺസിൽ ചർച്ച ചെയ്തു.
തെരുവുനായ്ക്കൾക്ക് തെരുവോരങ്ങളിൽ അനധികൃതമായി ഭക്ഷണം എത്തിച്ചു കൊടുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും. നഗരസഭയുടെ അനുമതിയോടെ മാത്രമേ തെരുവുനായ്ക്കൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണസാധനങ്ങൾ നൽകാൻ പാടുള്ളൂ എന്നും കൗൺസിൽ തീരുമാനിച്ചു.
നഗരസഭയിലെ പൊതുടാപ്പുകളുടെ വാട്ടർ ചാർജ് കുടിശിക കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് വാട്ടർ അഥോറിറ്റി ഒടിഎസ് പദ്ധതിയിൽ ഉൾപ്പെടുത്തി. നഗരസഭയോട് അടയ്ക്കാൻ ആവശ്യപ്പെട്ടിട്ടുള്ള 18.59 കോടി രൂപ നേരത്തെ ഇതേ പദ്ധതിയിൽ ഉൾപ്പെടുത്തി നിർദേശിച്ചിരുന്ന പത്തുകോടി രൂപയായി കുറയ്ക്കണമെന്നും, ഇത് അടവാക്കുന്നതിന് 10 വർഷത്തെ കാലാവധി അനുവദിച്ചു തരണമെന്നും സർക്കാരിനോടും വാട്ടർ അഥോറിറ്റിയോടും ആവശ്യപ്പെടുന്നതിന് കൗൺസിൽ തീരുമാനിച്ചു.
നഗരസഭയുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ച സാഹചര്യത്തിൽ പ്രസ്തുത പദ്ധതിയിൽ ഉൾപ്പെട്ട വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷാഫോറങ്ങൾ നൽകാനും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് 30നുള്ളിൽ വാർഡ് സഭകൾ പൂർത്തീകരിക്കുന്നതിനും കൗൺസിൽ തീരുമാനിച്ചു.
നഗരസഭയുടെ സൗത്ത് ബസ് സ്റ്റാൻഡിൽ ബസുകളുടെ പാർക്കിംഗ് ഫീസുമായി ബന്ധപ്പെട്ട് നിലവിലുള്ള കരാറുകാരൻ ഒഴിഞ്ഞിട്ടുള്ള സാഹചര്യത്തിൽ, പുതിയ ലേലം നൽകുന്നതിനുവേണ്ടി ടെൻഡർ സ്വീകരിക്കുന്നതിന് കൗൺസിൽ തീരുമാനിച്ചു. ലേലനടപടികൾ പൂർത്തീകരിക്കുന്നതുവരെ ബസുകളുടെ പാർക്കിംഗ്ഫീസ് ബസ് ഉടമസ്ഥർ നേരിട്ട് നഗരസഭയിൽ അടയ്ക്കണമെന്നും കൗൺസിൽ നിർദേശിച്ചു.
വി.ആർ. പുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കെട്ടിടത്തിന് ടെറസിൽനിന്നും വെള്ളം വീണ് ചുമർ നനയുന്നത് ഒഴിവാക്കുന്നതിന് അടിയന്തരനടപടി സ്വീകരിക്കാനും ഇതിനുവേണ്ടി തയാറാക്കിയിട്ടുള്ള 80,000 രൂപയുടെ എസ്റ്റിമേറ്റിനും കൗൺസിൽ അംഗീകാരം നൽകി.
വാർഷിക പദ്ധതിയിലെ ആറാം വാർഡിൽ മോസ്കോ അലവി സെന്റർ റോഡ് നവീകരണം 10 ലക്ഷം രൂപയുടെയും പതിനെട്ടാം വാർഡിൽ പാലസ് റോഡിന്റെ നവീകരണ പ്രവർത്തനത്തിന്റെ 10 ലക്ഷം രൂപയുടെയും കരാർ കൗൺസിൽ അംഗീകരിച്ചു.
വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു അധ്യക്ഷത വഹിച്ചു.