മുകുന്ദപുരം താലൂക്കിലെ 55 വില്ലേജുകളില്‍ ഏറ്റവും ഉയര്‍ന്ന ഫെയര്‍വാല്യൂ എടത്തിരിഞ്ഞി വില്ലേജില്‍
1451792
Monday, September 9, 2024 1:10 AM IST
മുകുന്ദപുരം: താലൂക്കിലെ 55 വില്ലേജുകളില്‍ ഏറ്റവും ഉയര്‍ന്ന ഫെയര്‍വാല്യൂ ആണ് എടത്തിരിഞ്ഞി വില്ലേജിലുള്ളത്. എടത്തിരിഞ്ഞി വില്ലേജില്‍ ഉള്‍പ്പെട്ട വടക്കേ അറ്റത്തെ കാട്ടൂര്‍ തെക്കുംപാടം പാടശേഖരത്തില്‍ നിലത്തിന് 3,85,000 രൂപയാണെങ്കില്‍ സമീപത്തെ കാട്ടൂര്‍ വില്ലേജിലെ നിലത്തിന് 3300 രൂപ മാത്രം.
വില്ലേജിലെ തെക്കേ അറ്റത്തെ പറമ്പിന് 4,54,000 രൂപ. ഇതേ പഞ്ചായത്തിലെ പടിയൂര്‍ വില്ലേജ് ആരംഭിക്കുന്ന ഭാഗത്തെ പറമ്പിന് 60,000 രൂപ മാത്രം. ഇതുമൂലം പ്രദേശത്ത് ഭൂമിവില്‍പ്പന കുത്തനെ കുറഞ്ഞു. പാടശേഖരങ്ങളുടെ കൈമാറ്റം വാക്കാല്‍ മാത്രമായി ഒതുങ്ങി.
മുകുന്ദപുരം താലൂക്കിന്റെ പട്ടണ ഹൃദയമായ ഇരിങ്ങാലക്കുട ബസ്റ്റാൻഡില്‍ കേവലം ഒമ്പത് ലക്ഷം രൂപ വരെ ആണ് രണ്ടര സെന്റിന് ഫെയര്‍വാല്യൂ. എന്നാല്‍ എടത്തിരിഞ്ഞി വില്ലേജില്‍ തോടും ചിറകളുമായി കിടക്കുന്ന കാക്കാത്തിരുത്തി പ്രദേശത്ത് ഫെയര്‍ വാല്യൂ രണ്ടരസെന്റിന് 19,85000 രൂപയാണ്.
പടിയൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ്് ഇ.കെ. ഗോപിനാഥന് ചെയര്‍മാനായും കെ.എ. സുധാകരന് സെക്രട്ടറിയായും വി.എ. ബൈജു ട്രഷററായും റിട്ട. ജഡ്ജി വി.ജി. അനില്‍കുമാര്‍ എക്സിക്യുട്ടീവ് അംഗമായും 25 അംഗ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.
വില്ലേജ് പരിധിയിലെ പഞ്ചായത്തംഗംങ്ങളും എല്ലാ രാഷ്ട്രീയ കക്ഷിനേതാക്കളുമടക്കം ഒപ്പിട്ട നിവേദനം മന്ത്രിമാരായ കെ. രാജന്, ഡോ. ആര്. ബിന്ദു, തൃശൂര്‍ ജില്ല എഡിഎം തഹസില്‍ദാര്‍ എന്നിവര്‍ക്ക് നല്‍കിയിരുന്നു. നവകേരള സദസിലും പരാതി നല്‍കിയിരുന്നു.