ചിപ്സ് കടകളിൽ രുചിയുടെ ആവേശം
1452863
Friday, September 13, 2024 1:30 AM IST
സി.ജി. ജിജാസൽ
തൃശൂർ: തിളച്ചുമറിയുന്ന വെളിച്ചെണ്ണയിൽ വറുത്തുകോരുന്ന നല്ല നാടൻ കായവറവിന്റെ മണം രുചിപ്രേമികളുടെ നാവിൽ കപ്പലോടിക്കുന്ന ഓണക്കാലത്ത് ചിപ്സ് കടകൾ ഏറെ ആവേശത്തിലാണ്.
തൂശനില മുറിച്ചുവച്ച് തുന്പപ്പൂ ചോറുവിളന്പി ആശിച്ച കറികളെല്ലാം നിരത്തിവച്ചാലും ഇലയ്ക്കരികിൽ കായവറവും ശർക്കര ഉപ്പേരിയും ഇല്ലാതെ എന്ത് ഓണസദ്യയെന്ന് പറയുന്ന മലയാളികൾക്കു മുൻപിലാണ് രുചിക്കൂട്ടുകളുടെ കലവറതുറന്നു ചിപ്സ് കടകൾ സജീവമാകുന്നത്. സദ്യവട്ടത്തിൽ സ്വർണവർണത്തിലുള്ള കായവറവും മധുരംപകരുന്ന ശർക്കരവരട്ടിയും കാഴ്ചയിലും രുചിയിലും മുൻപന്തിയിലാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇവയുടെ വില കാര്യമായി ഉയരാത്തതും രുചിപ്രേമികൾക്ക് സന്തോഷ വാർത്തയാണ്.
കായവറവും പഴംവറവും ശർക്കര ഉപ്പേരിയും അടക്കമുള്ള ചിപ്സിനു ഇത്തവണ 400 രൂപയാണ് വിപണിവില. നാലുവറവിനും കാര്യമായ വിലകയറിയിട്ടില്ല. 420 രൂപയ്ണ് ഇത്തവണ വില. നാടൻ കായയുടെ വരവ് വർധിക്കുകയും കായവില കുറയുകയും ചെയ്ത സാഹചര്യത്തിലാണ് ചിപ്സിന്റെ വിലയും പോക്കറ്റിനു ഭാരമാകാതെ നിന്നത്. ശുദ്ധമായ വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്ന നാടൻ കായവറവിനാണ് ഇത്തവണയും ഡിമാന്‍ഡ്. നാടൻകായയ്ക്ക് വില കൂടുതലാണെങ്കിലും അവയ്ക്ക് സ്വാദു കൂടുതലാണെന്നും കച്ചവടക്കാർ അഭിപ്രായപ്പെടുന്നു.
ചിപ്സ് കടകൾക്കുപുറമെ കുടുംബശ്രീകൾ, വിവിധ സംഘടനകൾ, സംരംഭകർ തുടങ്ങിയവരും ഇത്തരം വറവുകളുമായി വിപണിയിൽ കടന്നുവന്നിട്ടുണ്ട്.