ഇരിങ്ങാലക്കുട രൂപത വിശുദ്ധരുടെ തറവാട്ടുവീട്: മാർ റാഫേൽ തട്ടിൽ
1452359
Wednesday, September 11, 2024 1:46 AM IST
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതയുടെ സ്ഥാപനത്തിലും പ്രഥമമെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റിലിന്റെ മെത്രാഭിഷേകചടങ്ങിലും പങ്കെടുത്തതിന്റെ ഓര്‍മകള്‍ രൂപതാദിനാഘോഷത്തിനിടെ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പങ്കുവച്ചു.
അന്നു സെമിനാരിവിദ്യാര്ഥി ആയിരുന്നു. മെത്രാഭിഷേകചടങ്ങുകളില് വലിയ ആള്‍ക്കൂട്ടമുണ്ടായിരുന്നു. രൂപത 46 വര്‍ഷം പിന്നിടുന്പോള്‍ ഒരുപാടു വളര്‍ന്നു. സര്‍വ അഭിവൃദ്ധിയുടെ പിറകിലും കൂട്ടായ്മയുടെ കരുത്തും കൂലിനത്വത്തിന്റെ മഹത്വവുമാണ്. സ്വന്തം വിശുദ്ധരുടെ തറവാട്ടുവീടാണ് ഇരിങ്ങാലക്കുട രൂപതയെന്നും മാർ തട്ടിൽ ദിവ്യബലിമധ്യേ സന്ദേശത്തില്‍ പറഞ്ഞു. സ്വയം മറന്നു പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധരായ പ്രഗത്ഭരും വിശുദ്ധരുമായ വൈദികരും അവരോടു കരംകോര്ക്കാന് തയാറായ സമര്‍പ്പിതരും വിശ്വാസത്താല്‍ മാതൃക നല്കുവാന് തയാറുള്ള കുടുംബങ്ങളുമാണ് ഇരിങ്ങാലക്കുട രൂപതയിലുള്ളതെന്ന് മേജർ ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു.
ഇരിങ്ങാലക്കുടയിൽ എത്തുന്പോൾ വീട്ടിൽവന്ന പ്രതീതിയാണെനിക്ക്. എന്റെ ഗുരുഭൂതർ, സഹപാഠികൾ, ശിഷ്യഗണങ്ങൾ തുടങ്ങി എല്ലാവരും ഉണ്ടിവിടെ. നിങ്ങളുടെ സ്നേഹവായ്പുകൾ മേജർ ആർച്ച്ബിഷപ്പിന്റെ ശുശ്രൂഷയിൽ എന്നെ കൂടുതൽ ശക്തനാക്കും. നിങ്ങളെന്നെ തിരുത്തണം, തെറ്റുകൾ ചൂണ്ടിക്കാട്ടണം. എന്നെ സഹായിക്കാൻ നിരവധി ശിമയോന്മാരും വെറോനിക്കമാരും ഉണ്ടാകുമെന്ന് എനിക്കുറപ്പാണ്. എന്റെ പവർ ബാങ്ക് നിങ്ങളുടെ പ്രാർഥനയാണ്, അതിൽ വീഴ്ചവരുത്തരുത്: അദ്ദേഹം അഭ്യർഥിച്ചു.
മേജര്‍ ആര്‍ച്ച്ബിഷപ്പായി സ്ഥാനമേറ്റതിനുശേഷം ഇരിങ്ങാലക്കുട രൂപതയുടെ ഔദ്യോഗിക സ്വീകരണം ഏറ്റുവാങ്ങാനെത്തിയ മാര്‍ റാഫേല്‍ തട്ടിലിനെ രാവിലെ സെന്റ് തോമസ് കത്തീഡ്രല്‍ അങ്കണത്തില്‍ പൂച്ചെണ്ട് നല്കി സ്വീകരിച്ചു. തുടര്‍ന്ന് കത്തീഡ്രല്‍ ദേവാലയത്തില്‍ മാർ തട്ടിലിന്റെ മുഖ്യകാർമകത്വത്തിൽ ദിവ്യബലി അര്‍പ്പിച്ചു.
രൂപത മെത്രാന് മാര്‍ പോളി കണ്ണൂക്കാടന്‍, ഹൊസൂര്‍ രൂപത മെത്രാന് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍, വികാരി ജനറാൾമാരായ മോണ്‍. വില്സന് ഈരത്തറ, മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. ജോളി വടക്കന്‍, കത്തീഡ്രല്‍ വികാരി റവ. ഡോ ലാസര്‍ കുറ്റിക്കാടന്‍ എന്നിവരും രൂപതയിലെ മറ്റു വൈദികരും സഹകാര്‍മികരായിരുന്നു.