ഡിമാൻഡില്ലാതെ വാഴക്കുലകൾ...കർഷകനും കച്ചവടക്കാർക്കും കഷ്ടപ്പാടിന്റെ ഓണമെന്നു വ്യാപാരികൾ
1452309
Wednesday, September 11, 2024 12:07 AM IST
സ്വന്തം ലേഖകൻ
തൃശൂർ: ഓണം ആഘോഷമാക്കാൻ വാഴക്കുലകൾ ലോഡുകണക്കിനിറക്കുന്ന കച്ചവടക്കാർക്ക് ഇത്തവണ ഓണം കഷ്ടപ്പാടിന്റെ ഓണമെന്നു വ്യാപാരികൾ. പച്ചയും മഞ്ഞയും ചുവപ്പും അടക്കം വർണവൈവിധ്യങ്ങളുള്ള നേന്ത്രക്കുലകൾ ഭംഗിയായി നിരന്നുകിടക്കുന്പോഴും കച്ചവടം അത്ര മനോഹരമല്ലെന്നാണ് പരാതി. പ്രളയത്തെയും മഴയെയുമൊക്കെ അതിജീവിച്ച് വിളയിച്ചെടുത്ത നേന്ത്രക്കുലകൾക്ക് നല്ല വില കിട്ടാതായതോടെ കർഷകനും ഇതു കഷ്ടപ്പാടിന്റെ ഓണം.
പതിവുവിട്ട് കുലകൾ നേരത്തേ ഇത്തവണ എത്തിത്തുടങ്ങിയിരുന്നു. എന്നാൽ, ആവശ്യത്തിലധികം ലഭ്യമായിട്ടും അവ വാങ്ങാൻ പേരിനുപോലും ആളില്ലെന്ന് ഒരുവിഭാഗം കച്ചവടക്കാർ പറയുന്നു. ചെങ്ങാലിക്കോടനും നെടുനേന്ത്രനും ആറ്റുനേന്ത്രനും അടക്കം നേന്ത്രനിലെതന്നെ രുചിവൈവിധ്യങ്ങളുള്ള കുലകൾ ഒന്നൊന്നായി ജില്ലകളും സംസ്ഥാനവും കടന്നെത്തിയിട്ടുണ്ട്. പക്ഷേ, കുലകൾ ആർക്കും ആവശ്യമില്ല.
ആര്ടേലും പൈസേല്ലെന്നാ പറയണേ... പിന്നെ എന്തൂട്ട് ഓണം... പൊന്നോണംന്നൂല്യ... ആകെ കഷ്ടപ്പാടോണം എന്നാണ് തൃശൂരിലെ ശക്തൻ മാർക്കറ്റിലെ കച്ചവടക്കാർ ഒരേസ്വരത്തിൽ പറയുന്നത്.
പട്ടിക്കാട്, കല്ലൂർ, ആന്പല്ലൂർ, എളനാട് എന്നിവിടങ്ങളിനിന്നും തമിഴ്നാട്ടിൽനിന്നുമാണ് ഇത്തവണ കുലകൾ എത്തിച്ചിരിക്കുന്നത്. പോയവർഷങ്ങളെ അപേക്ഷിച്ച് വിലയിലും വർധനവില്ല. ചെങ്ങാലിക്കോടനു മൊത്തവിപണിയിൽ കിലോ 90 രൂപയും ചില്ലറവിപണിയിൽ 120 രൂപയുമാണ് വില. ആറ്റുനേന്ത്രൻ, നെടുനേന്ത്രൻ എന്നിവയ്ക്കു മൊത്തവിപണിയിൽ 45, ചില്ലറവിപണിയിൽ 50 രൂപ.
പഴവിപണിയിലെ മറ്റുപഴങ്ങൾക്കു കാര്യമായ ഡിമാൻഡ് ഇല്ലെങ്കിലും ഞാലിപ്പൂവനുമാത്രം കഴിഞ്ഞ ഒരു മാസമായി നല്ല ഡിമാൻഡ് ഉണ്ടെന്നു കച്ചവടക്കാർ പറഞ്ഞു. കിലോയ്ക്ക് 90 രൂപയാണ് വില. റോബസ്റ്റ് മൊത്തവിപണിയിൽ 40, ചില്ലറവിപണിയിൽ 50. പാളയംകോടൻ 50, പൂവൻ 80 എന്നിങ്ങനെയാണ് മൊത്തവിപണിയിലെ വിലനിലവാരം, ഇവയ്ക്കു 10 രൂപയുടെ വർധനമാത്രമാണ് ചില്ലറവിപണിയിലുള്ളത്.