കഞ്ചാവിനെച്ചൊല്ലി തർക്കം; യുവാവിനെ കുത്തിയവർക്ക് തടവുംപിഴയും
1452370
Wednesday, September 11, 2024 1:46 AM IST
ചാവക്കാട്: കഞ്ചാവ് വലിക്കുന്നത് ചോദ്യംചെയ്തതിന് വീട്ടിൽ കയറി യുവാവിനെ കുത്തിക്കൊല പ്പെടുത്താൻ ശ്രമിച്ച രണ്ടു പ്രതികൾക്ക് അഞ്ചുവർഷം കഠിനതടവും 20,000 രൂപ പിഴയും. ഒന്നാംപ്രതി തെക്കൻഞ്ചേരി വലിയകത്ത് ജബ്ബാർ (51) മൂന്നാം പ്രതി ഒരുമനയൂർ ഒറ്റ ത്തെങ്ങ് രായംമരക്കാർ വീട്ടിൽ ഷനൂപ് (21)എന്നിവരെ ചാവക്കാട് അസി. സെഷൻസ് കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്. ഈ കേസിലെ രണ്ടാം പ്രതി ഒരുമനയൂർ തെക്കഞ്ചേരി പെരിങ്ങാടൻ അജിത്ത് (24) ഒളിവിലാണ്. പിഴ സം ഖ്യ സുമേഷിനുനൽകാൻ വിധിയിൽ പറയുന്നുണ്ട്.
ഒരുമനയൂർ തെക്കുംതല സുബ്രഹ്മണ്യൻ മകൻ സുമേഷി (39) നെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിലാണ് വിധി. പ്രതികൾ തെക്കഞ്ചേരി അടുത്തുള്ള പാലത്തിൽവച്ച് കഞ്ചാവ് വലിക്കുന്നത് സുമേഷ് ചോദ്യം ചെയ്തിരുന്നു. ഈ വിരോധത്തിൽ സുമേഷിന്റെ ഭാര്യാ വീട്ടിൽ രാത്രി ഒമ്പതിനുശ്രഷം പ്രതികൾ അതിക്രമിച്ചുകയറി കത്തികൊണ്ട് കുത്തി. സുമേഷിന്റെ വയറ്റിലും ഇടതു കൈക്കും സാരമായി പരിക്കേറ്റു. ബഹളം കേട്ട് ആളുകൾ ഓടിക്കൂടിയതോടെ പ്രതികൾ രക്ഷപ്പെട്ടു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ആർ. രജിത് കുമാർ ഹാജരായി.