ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിർമാണ പ്രവൃത്തികളിൽ മുന്നൊരുക്കം വേണം
1452869
Friday, September 13, 2024 1:30 AM IST
കൊരട്ടി: മധ്യകേരളത്തിലെ പ്രധാന മരിയൻ തീർഥാടന കേന്ദ്രമായ കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ അത്ഭുത പ്രവർത്തകയായ കൊരട്ടിമുത്തിയുടെ തിരുനാൾ ആസന്നമായിരിക്കെ നിലവിൽ നവീകരണം പുരോഗമിക്കുന്ന ദേശീയപാത കൊരട്ടി, മുരിങ്ങൂർ, ചിറങ്ങര ഭാഗങ്ങളിലെ നിർമാണ പ്രവൃത്തികൾ കൃത്യമായ ടൈം ഷെഡ്യൂൾ തയാറാക്കി നടപ്പിലാക്കണമെന്ന ആവശ്യമുയരുന്നു.
ഒക്ടോബറിൽ ഏകദേശം ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന തിരുനാളിന് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ആയിരക്കണക്കിന് ഭക്തജനങ്ങൾക്ക് അസൗകര്യമുണ്ടാകാത്ത വിധത്തിൽ നിർമാണ പ്രവൃത്തികൾ ക്രമീകരിക്കണം. ചിറങ്ങരയിലും മുരിങ്ങൂരിലും അടിപ്പാതയും കൊരട്ടിയിൽ മൂന്നു സ്പാനുകളിൽ തൂണുകളിലുയർത്തിയ പാലവുമാണ് നിർദേശിക്കപ്പെട്ടിരിക്കുന്നത്.
മൂന്നു ജംഗ്ഷനുകളിലും ദേശീയപാതയുടെ ഇരുഭാഗങ്ങളിലുമായി സമാന്തര റോഡിന്റെയും ഡ്രെയിനേജുകളുടെയും പണി പുരോഗമിക്കുകയാണ്. നിർമാണം നടക്കുന്നതിനാൽ സർവീസ് റോഡുകളിലൂടെയുള്ള യാത്രയ്ക്ക് തടസം നേരിടുകയാണ്. ഇതുമൂലം പ്രധാനപാതയിൽ പലപ്പോഴും ഗതാഗത തടസം നേരിടുന്നുണ്ട്.
റോഡപകടങ്ങളുടെ ഗ്രാഫ് മേഖലയിൽ ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് സർവീസ് റോഡ് എന്ന ആശയത്തിൽ യാതൊരു വിട്ടുവീഴ്ചയും വേണ്ടയെന്ന തീരുമാനത്തിൽ ജനം ഉറച്ചുനിൽക്കുന്നത്. എന്നാൽ നിലവിൽ അടിപ്പാത - മേൽപ്പാലം നിർമാണത്തിനു മുമ്പായി മൂന്നു ജംഗ്ഷനുകളിൽ നിർമിക്കുന്ന സമാന്തരപാതയുടെയും ഡ്രെയിനേജിന്റെയും കാര്യത്തിലാണ് ആശങ്ക നിലനിൽക്കുന്നത്.
കൊരട്ടിമുത്തിയുടെ തിരുനാളിനു വന്നെത്തുന്ന തീർഥാടകരുടെ യാത്രക്ക് യാതൊരു തടസവും ഉണ്ടാകാതിരിക്കാൻ അധികാരികളുടെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടൽ ഉണ്ടാകണം. ഇതിനായി നാഷണൽ ഹൈവേ അഥോറിറ്റിയും കരാർ കമ്പനിയും എംപി, എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളും ഗ്രാമപഞ്ചായത്ത് അധികൃതരും പോലീസും കൂടിയാലോചനകളിലൂടെ നിർമാണ പ്രവർത്തികൾ ടൈം ഷെഡ്യൂൾ ആസൂത്രണം ചെയ്തു നടപ്പിലാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന ചിറങ്ങര റെയിൽമേൽപ്പാലവും തിരുനാൾ സമ്മാനമായി നാടിന് തുറന്നുകൊടുക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവും വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്.