മലയോര ഹൈവേ നിർമാണ സ്തംഭനം; ശയനപ്രദക്ഷിണ സമരവുമായി ഐഎൻടിയുസി
1452640
Thursday, September 12, 2024 1:41 AM IST
പട്ടിക്കാട്: മലയോര ഹൈവേ നിർമാണ സ്തംഭനത്തിനെതിരെ പ്രതിഷേധ ശയനപ്രദക്ഷിണവുമായി ഐഎൻടിയുസി പാണഞ്ചേരി മണ്ഡലം കമ്മിറ്റി. പീച്ചിറോഡ് ജംഗ്ഷനിൽ നടത്തിയ സമരം ഡിസിസി അംഗം കെ.സി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പീച്ചി ഡാമിലേക്കുള്ള റോഡിന്റെ പണികൾ തുടങ്ങി 20 മാസമായിട്ടും എങ്ങുമെത്താത്ത സ്ഥിതിയാണ്.
എത്രയുംവേഗം റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ മന്ത്രി കെ. രാജൻ ഇടപെട്ടില്ലെങ്കിൽ അദ്ദേഹത്തെ വഴിയിൽ തടയുന്നതുൾപ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുവരുമെന്നും അഭിലാഷ് പറഞ്ഞു. ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ബാബു പാണംകുടിയിൽ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ബാബു തോമസ് മുഖ്യപ്രഭാഷണം നടത്തി. കെപിസിസി അംഗം ലീലാമ്മ തോമസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ, ഐഎൻടിയുസിയുടെയും കോൺഗ്രസിന്റെയും വിവിധ പോഷകസംഘടനകളുടെയും നേതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകി.
കാനകളുടെ അപാകതകൾ പരിഹരിക്കുക, അപ്രോച്ച് റോഡിന്റെ നിർമാണം പൂർത്തീകരിക്കുക, കെെയേറ്റങ്ങൾ ഒഴിപ്പിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണു സമരം സംഘടിപ്പിച്ചത്. ഐൻടിയുസി നേതാക്കളായ ബാബു തോമസും ബാബു പാണംകുടിയും ഉൾപ്പെടെ യൂണിയൻ തൊഴിലാളികൾ പ്രതീകാത്മക ശയനപ്രദക്ഷിണം നടത്തി.