വരന്തരപ്പിള്ളിയിൽ പൈപ്പ് പൊട്ടി റോഡിൽ ഗർത്തം രൂപപ്പെട്ടു
1452085
Tuesday, September 10, 2024 1:46 AM IST
വരന്തരപ്പിള്ളി: കുട്ടോലിപ്പാടത്ത് കുടിവെള്ള പൈപ്പ്പൊട്ടി റോഡിൽ ഗർത്തം രൂപപ്പെട്ടു. കുട്ടോലിപ്പാടത്തെ പാലത്തിനുസമീപം വരന്തരപ്പിള്ളി പാലപ്പിള്ളി റോഡിലാണു വലിയഗർത്തം രൂപപ്പെട്ടത്.
റോഡിനടിയിലെ പൈപ്പുപൊട്ടി വെള്ളം ശക്തിയായി പുറത്തേക്കുതള്ളിയതാണ് റോഡ് തകരാൻ കാരണമായത്. മണ്ണ് ഒലിച്ചുപോയതോടെ ടാർ ചെയ്ത ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണു സംഭവം. ഒരു സ്കൂൾ ബസ് കടന്നുപോയതിനു തൊട്ടുപിന്നാലെയാണു റോഡ് ഇടിഞ്ഞത്.
സ്വകാര്യ ബസുകളും സ്കൂൾ വാഹനങ്ങളും ഉൾപ്പടെ നൂറുക്കണക്കിന് വാഹനങ്ങൾ പോകുന്ന പ്രധാന റോഡാണിത്. സമീപത്തുള്ള കുട്ടോലിപ്പാടത്തുനിന്ന് വടക്കുമുറിയിലേക്കുപോകുന്ന റോഡിലും ഇതോടെ ഭാഗികമായി ഗതാഗത തടസമായിരിക്കുകയാണ്.
റോഡിന്റെ അടിത്തട്ടിൽ എത്രമാത്രം ഇടിഞ്ഞുപോയിട്ടുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡ് കൂടുതൽ ഇടിയുമോയെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. ആഴ്ചകളായി പൈപ്പ്പൊട്ടി കിടക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പഞ്ചായത്ത് അധികൃതരും പോലീസും സ്ഥലത്തെത്തി വാട്ടർ അഥോറിറ്റിയെ വിവരമറിയിച്ചു. ഗർത്തം രൂപപ്പെട്ട ഭാഗം നാട്ടുകാർചേർന്ന് താത്കാലികമായി മറച്ചുവച്ചിരിക്കുകയാണ്. ഇവിടേക്കുള്ള കുടിവെള്ള വിതരണം നിർത്തിവച്ചു.