ആകാശപ്പാത ട്രയൽറൺ സക്സസ്
1452864
Friday, September 13, 2024 1:30 AM IST
സ്വന്തം ലേഖകൻ
തൃശൂർ: ഈമാസം അവസാനം ഉദ്ഘാടനത്തിനൊരുങ്ങിയ ശീതീകരിച്ച ആകാശപ്പാതയുടെ ട്രയൽറൺ സക്സസ്. പരീക്ഷണാടിസ്ഥാനത്തിൽ തുറന്നുകൊടുത്ത ആകാശപ്പാതയുടെ ലിഫ്റ്റിലൂടെ അഞ്ചുമണിക്കൂറിനുള്ളിൽ കയറിപ്പോയത് വയോധികരടക്കമുള്ള അയ്യായിരത്തിലധികംപേർ. നിരവധിപേർ ചവിട്ടുപടികൾ കയറിയും ആകാശപ്പാതയിലൂടെ കടന്നുപോയി.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നുമുതലാണ് പരീക്ഷണാടിസ്ഥാനത്തിൽ ആകാശപ്പാത തുറന്നുകൊടുത്തത്. ആളുകളെ ആകാശപ്പാതയിലൂടെ കയറ്റിവിടാൻ കോർപറേഷൻ സെക്യൂരിറ്റിയും നാലു ലിഫ്റ്റ് ഓപ്പറേറ്റർമാരും ഉണ്ടായിരുന്നു. പട്ടാളം റോഡിൽനിന്ന് ഇറങ്ങിവരുന്പോൾ ആകാശപ്പാതയുടെ വടക്കുപടിഞ്ഞാറുഭാഗത്തെ ലിഫ്റ്റാണ് പ്രവർത്തിപ്പിച്ചിരുന്നത്. ചുറ്റും ചില്ലുകളിട്ടു ദീപാലംകൃതമാക്കിയ ശീതീകരിച്ച ആകാശപ്പാതയിലൂടെ നടന്നുപോകാൻ വാഹനങ്ങൾ പാർക്ക്ചെയ്തും ആളുകൾ എത്തുന്നുണ്ടായിരുന്നു. കയറിയ പലരും മുകളിൽ കുറെസമയം ചെലവഴിച്ചാണ് ഇറങ്ങിപ്പോയത്. രാത്രി എട്ടുമണിവരെ ആകാശപ്പാതയിലൂടെ ആളുകളെ കയറ്റിവിട്ടു.
ഈ മാസം 27ന് മന്ത്രി എം.ബി. രാജേഷ് ആകാശപ്പാതയുടെ ഉദ്ഘാടനം നിർവഹിക്കും. ഓണത്തിരക്ക് കണക്കിലെടുത്ത് തുടർ ദിവസങ്ങളിൽ ആകാശപ്പാതയിലൂടെ വൈകീട്ട് തിരക്കുള്ള സമയങ്ങളിൽ സഞ്ചാരം അനുവദിക്കുന്നകാര്യവും ആലോചിക്കുന്നുണ്ട്. അന്പതു ലക്ഷം ചെലവിട്ടു ശീതീകരിച്ച ആകാശപ്പാത പൂർണമായും സൗരോർജത്തിലാണു പ്രവർത്തിക്കുന്നത്. ചില ഭാഗങ്ങളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുന്ന ജോലികൾ ഡിസംബറോടെ പൂർത്തിയാകും. ആകാശപ്പാതയ്ക്കുള്ളിലും ചുറ്റുപാടുകളിലുമായി ഇരുപതോളം സിസിടിവി കാമറകൾ സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുണ്ട്.
ഉദ്ഘാടനത്തിനുശേഷം രാത്രി പത്തരവരെ ആകാശപ്പാതയിൽ പ്രവേശനം അനുവദിക്കും.