അദാലത്തുകൾ നടത്തേണ്ടാത്ത വിധത്തിൽ സംവിധാനങ്ങളെ കാര്യക്ഷമമാക്കണം: മന്ത്രി
1452039
Tuesday, September 10, 2024 1:46 AM IST
സ്വന്തം ലേഖകൻ
തൃശൂർ: അദാലത്തുകൾ നടത്തേണ്ടാത്തവിധം സംവിധാനങ്ങളെ കാര്യക്ഷമമാക്കണമെന്നു മന്ത്രി എം.ബി. രാജേഷ്. തദ്ദേശസ്വയംഭരണവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന തൃശൂർ തദ്ദേശ അദാലത്ത് ജില്ലാതല ഉദ്ഘാടനം തൃശൂർ വി.കെ.എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ജനങ്ങൾക്കു സേവനം നിഷേധിക്കുന്ന രീതിയിൽ ചട്ടങ്ങൾ പലതരത്തിൽ വ്യാഖ്യാനിക്കുന്നത് ഒഴിവാക്കി മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയാണ് അദാലത്തുകൾകൊണ്ട് ഉദ്ദേശിക്കുന്നത്. ന്യായമായ ആവശ്യങ്ങൾക്ക് നിലനിൽക്കുന്ന ചട്ടങ്ങളിൽ ഭേദഗതി വരുത്തേണ്ടത് അനിവാര്യമാണ്. അത്തരം അവസരങ്ങളിൽ ചട്ടങ്ങൾ പുനഃപരിശോധിക്കും. അതേസമയം, നിയമലംഘനങ്ങൾ സാധൂകരിക്കാനുള്ള അവസരമായി ഇതിനെ കാണരുതെന്നും മന്ത്രി വ്യക്തമാക്കി. അദാലത്തിൽ പുതിയതായി ലഭിക്കുന്ന പരാതികളിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമുണ്ടാവുമെന്നും മന്ത്രി അറിയിച്ചു.
മന്ത്രി ഡോ. ആർ.ബിന്ദു അധ്യക്ഷയായി. മേയർ എം.കെ. വർഗീസ്, എംഎൽഎമാരായ പി. ബാലചന്ദ്രൻ, വി.ആർ. സുനിൽകുമാർ, എൻ.കെ. അക്ബർ, ഇ.ടി. ടൈസണ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, ഡെപ്യൂട്ടി മേയർ എം.എൽ. റോസി, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, തദ്ദേശസ്വയംഭരണ വകുപ്പ് (നഗരം) ഡയറക്ടർ സൂരജ് ഷാജി, കില ഡയറക്ടർ ജനറൽ എ. നിസാമുദ്ദീൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയർ കെ.ജി. സന്ദീപ്, ചീഫ് ടൗണ് പ്ലാനർ ഷിജി ഇ. ചന്ദ്രൻ, എം. കൃഷ്ണദാസ്, കെ.ആർ. രവി, എസ്. ബസന്ത്ലാൽ, പി.എം. ഷഫീക്ക് തുടങ്ങിയവർ പങ്കെടുത്തു.
തദ്ദേശ അദാലത്തിൽ ലഭിച്ച 1153 പരാതികളിൽ 772 എണ്ണം തീർപ്പാക്കി. 18 പരാതികൾ നിരസിച്ചു. 21 പരാതികൾ കൂടുതൽ പരിശോധനകൾക്കായി മാറ്റിവച്ചു. അദാലത്ത് നടന്ന ഇന്നലെമാത്രം 273 പരാതികൾ ലഭിച്ചതിൽ 28 എണ്ണം തീർപ്പാക്കി. 28 എണ്ണം നിരസിച്ചു. 245 എണ്ണം കൂടുതൽ പരിശോധനകൾക്കായി മാറ്റിവച്ചു.
മുല്ലശേരി ഗവ. ഹയർസെക്കൻഡറി
സ്കൂൾകെട്ടിടത്തിനു ഫിറ്റ്നസ്
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച മുല്ലശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കെട്ടിടത്തിനു ചട്ടലംഘനത്തിന്റെ പേരിൽ നല്കാതിരുന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കുമെന്നു മന്ത്രി എം.ബി. രാജേഷ്.
രണ്ടുവർഷമായുള്ള പ്രശ്നത്തിനാണ് പരിഹാരമായത്. കെപിബിആർ പ്രകാരം ചട്ടലംഘനമുണ്ടായിട്ടില്ലെന്നും കെപിബിആർ കൃത്യമായി പാലിച്ചതിനാൽ കെട്ടിടത്തിന്റെ ഉറപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സാക്ഷ്യപ്പെടുത്തിയതിനാലും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്നു മന്ത്രി പറഞ്ഞു. മുല്ലശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജനും സ്കൂൾപ്രതിനിധികളുമാണ് പരാതിയുമായി എത്തിയത്.
റവന്യൂ റിക്കവറി ഒഴിവാക്കി,
ഓമനയ്ക്കു ലൈഫായി
ലൈഫ് മിഷൻവഴി മാള ബ്ലോക്ക് പഞ്ചായത്തിൽ 2013 ൽ അനുവദിച്ച വീടിന്റെ പണികൾ വഴിത്തർക്കവും സാമ്പത്തികപ്രയാസങ്ങളും കാരണം മുടങ്ങുകയും റവന്യൂ റിക്കവറി നടപടികൾ നേരിടുകയും ചെയ്ത ഓമനയ്ക്കു മന്ത്രിയുടെ ഇടപെടലിൽ തടസങ്ങൾ നീങ്ങി.
ലൈഫ് പദ്ധതിയിൽ അനുവദിച്ച ധനസഹായത്തിലെ തിരിച്ചടവ് മുതലും പലിശയും സഹിതം ഒഴിവാക്കിനൽകാൻ മന്ത്രി നിർദേശിച്ചു. പഞ്ചായത്തിന്റെ റവന്യൂ റിക്കവറി നടപടികൾ നിർത്തിവയ്ക്കാനും മന്ത്രി നിർദേശം നൽകി. കൂലിപ്പണിചെയ്താണ് ഓമന രോഗബാധിതനായ ഭർത്താവിന്റെ ചികിത്സയും മകന്റെ പഠിപ്പുമെല്ലാം നിർവഹിക്കുന്നത്.
മൂന്നുവർഷത്തെ കാത്തിരിപ്പിന്
30 ദിവസത്തിനകം പരിഹാരം
പുതുക്കാട് ഗ്രാമപഞ്ചായത്തിലെ 77 വയസുള്ള കാഞ്ഞൂർ സ്വദേശി പോൾ ആന്റണിയുടെ വീടിനു നമ്പർ ലഭിക്കുന്നതിനുള്ള അപേക്ഷയിൽ 30 ദിവസത്തിനകം തീർപ്പുകൽപ്പിക്കാൻ മന്ത്രി നിർദേശം നൽകി.
1474 ചതുരശ്രഅടി വലിപ്പമുള്ള വീടാണ് പോൾ മൂന്നുവർഷംമുൻപ് നിർമിച്ചത്. മാനുഷികപരിഗണന നൽകി പ്രത്യേക കേസായി കണക്കാക്കിയാണ് മന്ത്രിയുടെ നിർദേശം.
കരിങ്ങാച്ചിറ ബണ്ടിനു
സ്ഥിരംഷട്ടർ
പുത്തൻചിറ, വേളൂക്കര, മാള ഗ്രാമപഞ്ചായത്തുകളും മാള, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും സംയുക്തമായി കരിങ്ങാച്ചിറ ബണ്ട് സ്ഥിരംഷട്ടർ സംവിധാനം ഒരുക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസിനെ മന്ത്രി ചുമതലപ്പെടുത്തി.
പുത്തൻചിറ ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന വൈക്കിലച്ചിറ - കരിങ്ങാച്ചിറ തോടിനെ ആശ്രയിച്ചാണ് മാള, പുത്തൻചിറ, വേളൂക്കര ഗ്രാമപഞ്ചായത്തുകളിൽ കൃഷിചെയ്യുന്നത്. വേലിയേറ്റസമയത്തു കായലിൽനിന്ന് ഉപ്പുവെള്ളം കയറുന്നതും മഴയിൽ താത്കാലിക ബണ്ട് പലപ്രാവശ്യം തുറക്കേണ്ടതും പുനർനിർമിക്കേണ്ടതും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. പുത്തൻചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോമി ബേബിയാണ് അദാലത്തിൽ പരാതി നൽകിയത്.