ഷോളയാർ ഡാം വ്യൂ പോയിന്റിൽ 15 അടി താഴ്ചയിലേക്കു വീണയാളെ സാഹസികമായി രക്ഷപ്പെടുത്തി പോലീസ് സംഘം
1587762
Saturday, August 30, 2025 1:31 AM IST
മലക്കപ്പാറ: ഷോളയാർ ഡാം വ്യൂ പോയിന്റിൽ റോഡിൽനിന്ന് 15 അടി താഴ്ചയിലേക്കു വീണയാളെ അതിസാഹസികമായി രക്ഷപ്പെടുത്തി സബ് ഇൻസ്പെക്ടർ ആസാദിന്റെ ധീരത.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് കുടുംബത്തോടൊപ്പം വിനോദസഞ്ചാരിയായി എത്തിയ കുന്നംകുളം ആർത്താറ്റ് വാഴപ്പിള്ളി വീട്ടിൽ ജോസ്(65) ഷോളയാർ ഡാം വ്യൂ പോയിന്റിൽ നിന്നു നിരീക്ഷിക്കവെ അബദ്ധത്തിൽ കാൽവഴുതി കൊക്കയിലേക്കു വീഴുകയായിരുന്നു. പതിനഞ്ചടിയോളം താഴെയുള്ള പാറയിടുക്കിൽ തടഞ്ഞുനിന്നു. പരിഭ്രാന്തരായ കുടുംബാംഗങ്ങൾ മലക്കപ്പാറ പോലീസ് സ്റ്റേഷനിലേക്ക് വിവരമറിയിച്ചു.
മലക്കപ്പാറ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആർ. കുമാർ, സബ് ഇൻസ്പെക്ടർ ആസാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ലെനിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടൻതന്നെ സംഭവസ്ഥലത്തെത്തി. വയോധികന്റെ പ്രായവും ശാരീരിക ബുദ്ധിമുട്ടുകളും മനസിലാക്കിയ പോലീസ് ഫയർഫോഴ്സിനെ കാത്തിരിക്കാൻ സമയമില്ലെന്നുകണ്ട് സബ് ഇൻസ്പെക്ടർ ആസാദ് അപകടകരമായ ചരിവും ഏറെ അപകടസാധ്യത നിറഞ്ഞതുമായ കൊക്കയിലേക്ക് വടത്തിൽ പിടിച്ചിറങ്ങി വയോധികന്റെ അടുത്തെത്തി. മറ്റു പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മുകളിലേക്ക് എത്തിക്കുകയും ചെയ്തു.