അനധികൃത നിയമനങ്ങൾക്കു മന്ത്രി നേതൃത്വംനൽകുന്നു: ജോസ് വള്ളൂർ
1587243
Thursday, August 28, 2025 12:58 AM IST
മണ്ണുത്തി: തകർന്ന റോഡുകൾ അടിയന്തരമായി പുനർനിർമിക്കുക, നിർമാണത്തിലെ മെല്ലെപ്പോക്ക്, രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരംകാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഒല്ലൂർ നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റവന്യുമന്ത്രി കെ. രാജന്റെ ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തി.
ഡിസിസി മുൻ പ്രസിഡന്റ് ജോസ് വള്ളൂർ ഉദ് ഘാടനംചെയ്തു. മന്ത്രി കെ. രാജന് ജനകീയപ്രശ്നങ്ങൾ പരിഹരിക്കുന്നതിലല്ല ശ്രദ്ധയെന്നു ജോസ് വള്ളൂർ പറഞ്ഞു. ഡിജിറ്റൽ സർവേ ഉപകരണങ്ങൾ വാങ്ങിയതിൽ 364 കോടി രൂപയുടെ അഴിമതിയുടെ കഥകളാണ് പുറത്തുവരുന്നത്. റവന്യുവകുപ്പ് അഴിമതിയിൽ ആറാടിനിൽക്കുകയാണ്. കാർഷിക സർവകലാശാലയിലും സുവോളജിക്കൽപാർക്കിലും അനധികൃത നിയമനങ്ങൾക്ക് മന്ത്രി നേരിട്ട് നേതൃത്വംനൽകുകയാണെന്നും ജോസ് വള്ളൂർ പറഞ്ഞു.
പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എൻ. വിജയകുമാർ അധ്യക്ഷതവഹിച്ചു.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി, കെപിസിസി സെക്രട്ടറി കെ.ബി. ശശികുമാർ, ഡിസിസി സെക്രട്ടറിമാരായ ജെയ്ജു സെബാസ്റ്റ്യൻ, എം.എൽ. ബേബി, സിജോ കടവിൽ, ടി.എം. രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.