ദേശീയപാതയിലെ അശാസ്ത്രീയനിർമാണം: "സേവ് കൊരട്ടി' ഉപവസിച്ചു
1587509
Friday, August 29, 2025 1:23 AM IST
കൊരട്ടി: ദേശീയപാത വികസനത്തിന്റെ പേരിൽ കൊരട്ടി മേഖലയിൽ നടക്കുന്ന അശാസ്ത്രീയ നിർമാണപ്രവൃത്തികൾക്കെതിരേ സേവ് കൊരട്ടി കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊരട്ടി ജംഗ്ഷനിൽ ഉപവാസസമരം സംഘടിപ്പിച്ചു. മുഴുവൻ ജനവിഭാഗങ്ങളെയും ഒരു ബാനറിനു കീഴിൽ അണിനിരത്തിയാണ് നാഷണൽ ഹൈവേ അഥോറിറ്റിക്കെതിരേ ഉപവാസസമരം സംഘടിപ്പിച്ചത്.
കൊരട്ടിയിൽ പൂർണരൂപത്തിലുള്ള മേൽപാലം അനുവദിക്കുക, പൊങ്ങം മുതൽ മുരിങ്ങൂർ വരെ തുടർച്ചയായ സർവീസ് റോഡ് ഒരുക്കുക, സർവീസ് റോഡിന്റെയും ചിറങ്ങരയിലെയും മുരിങ്ങൂരിലെയും അടിപ്പാതകളുടെയും നിർമാണം പൂർത്തീകരിച്ചശേഷം മാത്രം കൊരട്ടിയിലെ മേൽപാലം നിർമാണം ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു രാവിലെ മുതൽ വൈകീട്ട് അഞ്ചു വരെ പ്രതിഷേധം സംഘടിപ്പിച്ചത്.
സമരം പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു ഉദ്ഘാടനം ചെയ്തു. സേവ് കൊരട്ടി ചെയർമാൻ തോമസ് നാൽപ്പാട്ട് അധ്യക്ഷത വഹിച്ചു. യൂജിൻ മൊറേലി, ലീല സുബ്രമണ്യൻ, ഡെന്നീസ് കെ. ആന്റണി, അഡ്വ. കെ.ആർ. സുമേഷ്, കെ.എ. സുരേഷ്, ഫാ. ലിജോ കുരിയേടൻ, ശിഹാബ് മുസലിയാർ, വർഗീസ് തച്ചുപറന്പൻ, ബിജോയ് പെരേപ്പാടൻ, എ.എ. ബിജു, സജിത്ത്, ജോസ് ആറ്റുപുറം, ഒ.ജെ. ഫ്രാൻസിസ്, സുന്ദരൻ പനങ്കൂട്ടത്തിൽ, ഷിജു ജോർജ്, ജോസഫ് വർഗീസ്, ഡോ. ജോജോ നാൽപ്പാട്ട് പ്രസംഗിച്ചു. സമാപനസമ്മേളനം സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ് ഘാടനം ചെയ്തു.
മന്ത്രിമാർക്ക് എംഎൽഎയുടെ
രൂക്ഷവിമർശനം
കൊരട്ടി: ദേശീയപാത 544 മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര മേഖലകളിൽ നടക്കുന്ന അശാസ്ത്രീയനിർമാണത്തിൽ ഇടപെടാനും പരിഹാരം കാണാനും ജില്ലയിലെ മന്ത്രിമാരെന്ന നിലയിൽ കെ.രാജനും പ്രഫ. ആർ. ബിന്ദുവും തയാറാകാത്തതിനെതിരേ രൂക്ഷവിമർശനവുമായി സനീഷ് കുമാർ ജോസഫ് എം.എൽ.എ. ദേശീയപാതയിലൂടെ തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന പൊതുമരാമത്തുമന്ത്രി മുഹമ്മദ് റിയാസ് ഒരു തവണ പോലും ഇവിടെ വന്ന് പ്രശ്നങ്ങളിൽ ഇടപെടാൻ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഹെലികോപ്റ്ററും ട്രെയിനും ദേശീയപാതയിൽ ഗതാഗതക്കുരുക്കില്ലാതെ വഴിയൊരുക്കാൻ പോലീസുമുള്ളപ്പോൾ മുഖ്യമന്ത്രിക്ക് ഇതൊന്നും വലിയ കാര്യമല്ലെന്നും അദ്ദേഹം പരിഹസിച്ചു. പഞ്ചായത്ത് ഭരണസമിതിയെയും പോലീസിനെയും എംഎൽഎ വിമർശിച്ചു.