സൈക്കിൾ നഷ്ടപ്പെട്ട കുട്ടിയുടെ കണ്ണീരൊപ്പി സേവാ ട്രസ്റ്റ്
1587237
Thursday, August 28, 2025 12:58 AM IST
തൃശൂർ: സ്കൂളിൽ പോകുന്പോൾ കുട്ടി തന്റെ ഇഷ്ടസൈക്കിൾ പാർക്ക് ചെയ്യുന്നതു ഒളരിക്കര ദേവീക്ഷേത്ര മൈതാനിയിലായിരുന്നു. എന്നാൽ കഴിഞ്ഞദിവസം പതിവുപോലെ സ്കൂൾ കഴിഞ്ഞു മടങ്ങിയെത്തിയപ്പോൾ സൈക്കിൾ കാണാനില്ല. പരിസരം മുഴുവൻ തെരഞ്ഞിട്ടും കണ്ടുകിട്ടാതായതോടെ അവളുടെ കണ്ണുകൾ ഈറനണിഞ്ഞു. നിറകണ്ണുകളോടെ അവൾ അവിടെ കൂടിയിരുന്നവരോടു കാര്യം പറഞ്ഞു. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അവൾ വീട്ടിലേക്കു മടങ്ങി.
ദിവസങ്ങൾക്കുശേഷം ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ഗജരാജൻ ഒളരിക്കര കാളിദാസൻ സേവാ ട്രസ്റ്റ് ആ കുട്ടിക്ക് ഓണസമ്മാനമായി പുതിയൊരു സൈക്കിൾ സമ്മാനിച്ചു. ക്ഷേത്രപരിസരത്തു സംഘടിപ്പിച്ച ചടങ്ങിൽ ഓണസമ്മാനംപോലെ അവൾ അതേറ്റുവാങ്ങി; സന്തോഷത്തിന്റെ കണ്ണീർത്തിളക്കത്തോടെ.