സംസ്ഥാന ഓണം വിപണനമേള ഇന്നുമുതൽ ടൗൺഹാളിൽ
1587251
Thursday, August 28, 2025 12:58 AM IST
തൃശൂർ: ജില്ലയിലെ കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങളുമായി സംസ്ഥാന ഓണം വിപണനമേള ഇന്നുമുതൽ തൃശൂർ ടൗൺ ഹാളിൽ ആരംഭിക്കും. സെപ്റ്റംബർ നാലുവരെ നീളുന്ന മേളയിൽ ഓണം ആഘോഷമാക്കാൻ വേണ്ടതെല്ലാം ഉണ്ടാകുമെന്നു സംഘാടകർ അറിയിച്ചു. നാളെമുതൽ രാവിലെ 10.30 ന് ആരംഭിക്കുന്ന മേള രാത്രി ഒമ്പതിന് അവസാനിക്കും.
ജെഎൽജി ഗ്രൂപ്പുകൾ ഉത്പാദിപ്പിക്കുന്ന വിഷരഹിതപച്ചക്കറികളും ചെങ്ങാലിക്കോടൻ, വരവൂർ ഗോൾഡ് (കൂർക്ക), പൂവ്, ലൈവ് ചിപ്സ്, മില്ലറ്റ്, അപൂർവ വനവിഭവങ്ങൾ, ജൈവികനഴ്സറികൾ ഉത്പാദിപ്പിക്കുന്ന പലതരത്തിലുള്ള തൈകൾ തുടങ്ങിയവയുടെ വിപണനവും മേളയിലുണ്ടാവും. സംരംഭകർ ഉത്പാദിപ്പിക്കുന്ന സൗന്ദര്യവർധകവസ്തുക്കൾ, കരകൗശലവസ്തുക്കൾ, തുണിത്തരങ്ങൾ തുടങ്ങിയ ഉത്പന്നങ്ങളുടെ നിരവധി സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ഭക്ഷ്യമേളയും പായസമേളയും ഉണ്ടാകും.
കുടുംബശ്രീ വനിതകൾ അവതരിപ്പിക്കുന്ന വിവിധതരം കലാപരിപാടികളും മേളയെ ആഘോഷമാക്കും.
ഓണത്തിന് വിഭവസമൃദ്ധമായ ഓണസദ്യയും കുടുംബശ്രീ പോക്കറ്റ് മാർട്ട് ആപ്പ് വഴി ഓണസമ്മാനങ്ങൾ അടങ്ങിയ ഗിഫ്റ്റ് ഹാംപറും വീട്ടിലെത്തിച്ചുകൊടുക്കുന്ന സൗകര്യവും ഒരുക്കിയിട്ടുണ്ട്.
മേളയുടെ ഉദ്ഘാടനം ഇന്നു വൈകീട്ട് നാലിനു മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. ഇന്നു വൈകീട്ട് മൂന്നിന് അയൽക്കൂട്ട അംഗങ്ങളുടെ പങ്കാളിത്തത്തോടുകൂടിയുള്ള സാംസ്കാരികഘോഷയാത്രയും ഉണ്ടായിരിക്കും.
സെപ്റ്റംബർ രണ്ടിനു കുടുംബശ്രീയുടെ പ്രവർത്തനങ്ങളിൽ കഴിഞ്ഞവർഷം മികച്ച പ്രകടനം കാഴ്ചവച്ച കുടുംബശ്രീ അംഗങ്ങളെ അനുമോദിക്കുന്നതിനായുള്ള മെറിറ്റ് ഡേ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.