"ഒന്നിച്ചോണം പൊന്നോണം' ഇരിങ്ങാലക്കുടയില്‍ രണ്ടിന്
1586995
Wednesday, August 27, 2025 2:11 AM IST
ഇരിങ്ങാലക്കുട: ഐസിഎല്‍ ഫിന്‍കോര്‍പ്പ് ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിക്കുന്ന ഒന്നിച്ചോണം പൊന്നോണം പരിപാടി സെപ്റ്റംബര്‍ രണ്ടിന് നടക്കും. വൈകീട്ട് നാലിന് വര്ണപ്പകിട്ടാര്ന്ന ഘോഷയാത്രയോടെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. പുലിക്കളി, കുമ്മാട്ടിക്കളി തുടങ്ങി നിരവധി വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്ര വൈകീട്ട് ഇരിങ്ങാലക്കുട ക്ഷേത്രപരിസരത്തുനിന്നും ആരംഭിച്ച് ഠാണാ വഴി ഇരിങ്ങാലക്കുട മുനിസിപ്പല്‍ മൈതാനത്ത് സമാപിക്കും. തുടര്‍ന്ന് സമാപനസമ്മേളനം നടക്കും.
ഘോഷയാത്രയില്‍ ഫ്ലാഷ്മോബ്, തിരുവാതിരക്കളി, ഓണം തീം ആയിട്ടുള്ള ഫാന്‍സി ഡ്രസ് ഗ്രൂപ്പ് മത്സരങ്ങള്‍ എന്നിവ ഉണ്ടാകും. സ്കൂളുകള്‍, കോളജുകള്‍, ക്ലബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്ക് അവസരം ഉണ്ടായിരിക്കും. ഫ്ലാഷ്മോബ്, തിരുവാതിരക്കളി എന്നിവയ്ക്ക് എവര്‍റോളിംഗ് ട്രോഫികളോടൊപ്പം ഒന്നാം സമ്മാനം 25,000 രൂപയും, രണ്ടാം സമ്മാനം 15,000 രൂപയും, മൂന്നാംസമ്മാനം 10,000 രൂപയുമായിരിക്കും. ഫാന്‍സി ഡ്രസ് മത്സരങ്ങള്‍ക്ക് എവര്‍ റോളിംഗ് ട്രോഫികളോടൊപ്പം ഒന്നാംസമ്മാനം 15,000 രൂപയും രണ്ടാംസമ്മാനം 10,000 രൂപയും മൂന്നാം സമ്മാന 5000 രൂപയുമായിരിക്കും.
മത്സരങ്ങളില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി 8589020658 എന്ന നമ്പറില്‍ ബന്ധപ്പെടുക. ആഘോഷ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് 101 അംഗ സംഘാടക സമിതിക്ക് രൂപം നല്കി. നഗരസഭ ചെയര്‍പഴ്സണ്‍ മേരിക്കുട്ടി ജോയ് സംഘാടക സമിതി ചെയര്‍പഴ്സണും സാം എസ്. മാളിയേക്കല്‍ ജനറല്‍ കണ്‍വീനറുമായിരിക്കും.
ഐസിഎല്‍ ഫിന്‍കോര്‍പ് ചെയര്മാന് അഡ്വ. കെ.ജി. അനില്‍കുമാര്‍, ഹോള്‍ടൈം ഡയറക്ടര്‍ ഉമാ അനില്‍കുമാര്‍, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് കെ.എ. ഗോപി, സോണിയ ഗിരി, കൃപേഷ് ചെമ്മണ്ട, ഷാജു പാറേക്കാടന്‍, യു. പ്രദീപ് മേനോന്, സജു ചന്ദ്രന്, അബ്ദുല്‍ ഹഖ്, സജീവന് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.